പകയുടെ പിന്തുടര്‍ച്ചക്കഥകള്‍


OCTOBER 18, 2021, 9:34 AM IST

 സുരേഷ് നെല്ലിക്കോട്


'പക'യുടെ ആഗോളപ്രദര്‍ശനോദ്ഘാടനം കഴിഞ്ഞയുടന്‍ സംവിധായകന്‍ നിതിന്‍ ലൂക്കോസ് നാട്ടില്‍ നിന്ന് ടൊറോന്റോയിലെ പ്രേക്ഷകരുമായി സംവദിക്കുമ്പോള്‍ അവര്‍ക്ക് ഒട്ടേറെ ചോദ്യങ്ങളുണ്ടായിരുന്നു. ചോദ്യങ്ങളിലേറെയും ചിത്രത്തിലെ വല്യമ്മച്ചിയെക്കുറിച്ചായിരുന്നു. മുഖം കൊടുക്കാതെ, ശബ്ദം കൊണ്ട് മാത്രം സിനിമയെ തട്ടിക്കൊണ്ടുപോയി പ്രേക്ഷകരുടെ മനം കവര്‍ന്ന ഒരു അമ്മച്ചിയെ ലോകം അറിഞ്ഞു തുടങ്ങുന്ന നിമിഷങ്ങളായിരുന്നു, അത്. ഒരുപക്ഷേ, കേരളത്തില്‍ പ്രശസ്തയാവുന്നതിനു മുമ്പുതന്നെ കനേഡിയന്‍ മലയാളികള്‍ക്കും അവിടെയുള്ള വെള്ളക്കാര്‍ക്കും ഈ അമ്മച്ചി സുപരിചിതയായിക്കഴിഞ്ഞു.


ഇടുക്കി മൂലമറ്റംകാരി മറിയക്കുട്ടി കോതനല്ലൂരിലെ വലിയവീട്ടില്‍ ചുമ്മാരെ  കെട്ടി, കുട്ടികളുമായി വയനാട്ടിലേക്ക് കുടിയേറിയത് 1961 ല്‍. മൂന്നുദിവസമെടുത്ത് രണ്ടുമൂന്ന് സ്ഥലങ്ങളില്‍ തങ്ങിയാണ്  തലശ്ശേരി വഴി മാനന്തവാടിയില്‍ എത്തിപ്പെടുന്നതുപോലും. ഇന്നലെയെന്നപോലെയാണ് അമ്മച്ചി അതൊക്കെ ഓര്‍ത്തെടുക്കുന്നത്. ഇന്ന്,  ആ ചുറ്റുവട്ടത്തെ എല്ലാവരുടെയും മക്കുട്ടിഅമ്മച്ചിയായി അറിയപ്പെടുന്ന അവരുടെ യഥാര്‍ത്ഥ പേര് - മറിയക്കുട്ടി. ആ 84 കാരി ആണ് ആ സിനിമയിലെ പ്രധാന കഥാപാത്രം.


ചിത്രത്തിന്റെ പേര് 'പക'.  46 -) മത്  ടോറോന്റോ രാജ്യാന്തരചലച്ചിത്രമേളയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച രണ്ടേ രണ്ടു ചിത്രങ്ങളില്‍ ഒന്നാണ് 'പക'. വലിയവീട്ടില്‍ കൊച്ചുചുമ്മാരാണ് സിനിമയുടെ സംവിധായകന്‍. അങ്ങനെ പറഞ്ഞാല്‍ ആ സംവിധായകനെ ആരും അറിയില്ല. അത്  അദ്ദേഹത്തിന്റെ മാമ്മോദീസപ്പേരാണ്. നിതിന്‍ ലൂക്കോസ് എന്നുതന്നെ പറഞ്ഞാലേ ചലച്ചിത്രലോകത്തെ സാങ്കേതിക വിദഗ്ദ്ധര്‍ പോലും അറിയൂ. സിനിമാ സംവിധായകന്‍ എന്ന നിലയില്‍ ഈ വയനാട്ടുകാരന്‍ നിതിന്‍ ലൂക്കോസ് ഇനിയും അറിയപ്പെടാന്‍ തുടങ്ങുന്നതേയുള്ളു.


 നിതിന്‍ പൂനെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ശബ്ദസംവിധായകനായി പഠിച്ചിറങ്ങിയ ആളാണ്. 25ലധികം ചിത്രങ്ങള്‍ക്ക് ശബ്ദ സന്നിവേശം നടത്തിയതിനുശേഷം സ്വന്തമായി സംവിധാനം നിര്‍വ്വഹിച്ച ചലച്ചിത്രമാണ് 'പക'.  മലയാളത്തിലെ ഈ ചിത്രത്തിന്റെ  ആഗോളപ്രദര്‍ശനോദ്ഘാടനം  ടോറോന്റോയിലെ രാജ്യാന്തരചലച്ചിത്രമേള (TIFF) യിലായിരുന്നു.  അതുകൊണ്ടുതന്നെ അത് ആദ്യമായി കാണാനുള്ള ഭാഗ്യം സിദ്ധിച്ചതും കാനഡക്കാര്‍ക്കു തന്നെ. മുമ്പ് റിലീസ് ആയ ചിത്രങ്ങള്‍ ഈ ചലച്ചിത്രമേളയില്‍ പരിഗണിക്കാറില്ല. അപൂര്‍വ്വം ചില മാസ്റ്റേഴ്‌സ് സീരീസിലുള്ള ചിത്രങ്ങളൊഴിച്ചാല്‍, പങ്കെടുക്കുന്ന ചിത്രങ്ങളുടെ ആഗോളപ്രദര്‍ശനം ഇവിടെത്തന്നെയാരംഭിക്കണമെന്ന് ഈ ചലച്ചിത്രമേളയ്ക്ക് നിര്‍ബന്ധമുണ്ട്. അങ്ങനെയാണ് 'പക' ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.


മദ്ധ്യകേരളത്തില്‍ നിന്ന് 1940 കളില്‍ മലബാറിലേയ്ക്കാരംഭിച്ച കുടിയേറ്റങ്ങളുടെ ബാക്കിപത്രങ്ങളാണ് 'പക' എന്ന ചലച്ചിത്രം കാണിച്ചുതരുന്നത്. മലമ്പനിയോടും വന്യമൃഗങ്ങളോടും ഏറ്റുമുട്ടി ബാക്കിവന്ന ജീവിതങ്ങളില്‍ നിന്ന് പച്ചപിടിച്ച കഥകള്‍ പറയാതെ മലബാറിന്റെ ചരിത്രം തുടരാന്‍ ആവില്ലല്ലോ!  മണ്ണിനോടു പടവെട്ടി വീടും നാടും തെളിച്ചെടുത്ത അവര്‍ക്കിടയില്‍ ഉടലെടുത്ത പകയാണ് ഈ ചിത്രം ചര്‍ച്ച ചെയ്യുന്നത്. കുറ്റവാളി ഔദ്യോഗികമായി ശിക്ഷിക്കപ്പെടുന്നത്, പക വീട്ടാന്‍ കാത്തിരിക്കുന്നവര്‍ക്ക്  അസഹനീയമാണ്. 'കണ്ണിന് കണ്ണ് ; പല്ലിനു പല്ല്' എന്ന പ്രാകൃതനിയമം നടപ്പാക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഔദ്യോഗികനിയമപരിപാലനത്തിന്റെ  ഗതിവിഗതികളില്‍ താല്‍പര്യമില്ല എന്ന സത്യത്തിന് ഒരിക്കല്‍ കൂടി ഈ ചിത്രം അടിവരയിടുന്നുണ്ട്. ഓരപ്പുഴ അക്കാലത്ത് ചിലപ്പോഴൊക്കെ ചോരപ്പുഴയായി മാറാറുണ്ട്. അടിയൊഴുക്കുകളെ ഒളിപ്പിച്ചുവച്ച്, മേല്‍വെള്ളത്തെ നിശ്ചലമാക്കി പുഴ ശരീരങ്ങളെക്കാത്ത്  വന്യമൃഗങ്ങളെപ്പോലെ പതുങ്ങിക്കിടക്കാറുണ്ട്. വണ്ണത്താന്‍കയം പോലെയുള്ള കിണറുകള്‍ പോലുമുണ്ടതില്‍. ആ കിണര്‍ വലിച്ചെടുക്കുന്ന ശരീരങ്ങള്‍ തിരിച്ചുകിട്ടാറുപോലുമില്ല.

മൂന്നു ജോണ്‍സണ്‍മാരെ കൊണ്ടുപോയ ജോണ്‍സണ്‍കയമുണ്ട് ഓരപ്പുഴയില്‍. ''പുഴയുടെ ദാഹം കൂടുമ്പോഴാണ് പുഴ നിറയുന്നതെന്നും ആളുകളുടെ ചോര തന്നെ അതിനു വേണ''മെന്നും പറയുന്ന അമ്മച്ചിയുടെ വാക്കുകളില്‍ നിന്നാണ് 'പക' യുടെ തുടക്കം. ഗ്രാമത്തിലെ മുങ്ങല്‍ വിദഗ്ദ്ധനായ മീശജോസേട്ടന്‍ മുങ്ങിത്തിരയാനുള്ള തയ്യാറെടുപ്പില്‍ ചെവിയിലും നെറുകയിലും പുരട്ടാന്‍ കുറച്ച് എണ്ണ ചോദിക്കുന്നു. മുങ്ങിത്തിരഞ്ഞ്, അനായാസം ഒരു ശരീരം കണ്ടെത്തി, അതെടുത്ത് തോളിലിട്ടു അദ്ദേഹം കയറിവരുന്നു. പക്ഷേ,  അത് അപരിചിതനായ ഒരു ചെറുപ്പക്കാരന്റേതായിരുന്നു. അതുകൊണ്ടുതന്നെ, കണ്ണും ചെവിയും കൂര്‍മ്പിച്ചു കരയില്‍ കാത്തുനിന്ന നാട്ടുകാര്‍ക്ക് പരദൂഷണത്തിന് കാര്യമായി ഒന്നും അതില്‍ നിന്ന് ലഭിച്ചില്ല. ''കളിയറിയാവുന്നവന്‍  ജയിക്കും, ജയിക്കുന്നവന്‍ ജീവിക്കും!'' - അതു പറയുന്ന വെട്ടിക്കല്‍ വര്‍ക്കിച്ചന്‍ കുടിയേറ്റക്കഥകളിലെ ജീവനുള്ള പിതാമഹന്മാരുടെ തനിപ്പകര്‍പ്പാണ്. ഒന്നും കാണാനാവുന്നില്ലെങ്കിലും കുടിപ്പകകളുടെ ബാക്കിപത്രങ്ങളില്‍ തന്റെ മക്കള്‍തന്നെ വിജയിച്ചു നില്‍ക്കണമെന്ന വാശിയില്‍ ജീവിക്കുന്ന ധൃതരാഷ്ട്രരെ ഓര്‍മ്മിപ്പിക്കുന്നുണ്ട്, ആ കഥാപാത്രം.

അപ്പനപ്പൂപ്പന്മാരായി കാത്തുവച്ച കൊലക്കത്തികളും വടിവാളുകളും, അത് പ്രയോഗിക്കാന്‍ ബാദ്ധ്യസ്ഥരാണെന്ന് വിശ്വസിക്കപ്പെട്ട ഒരു പിന്‍തലമുറയും ഏറെക്കാലം കുടിയേറ്റഭൂമികകളിലുണ്ടായിരുന്നു. വാങ്ങലുകള്‍ കൊടുത്തുതന്നെ തീര്‍ക്കണമെന്നായിരുന്നു അവിടങ്ങളിലെ അലിഖിതനിയമം. അത് നടപ്പാക്കിക്കിട്ടുന്നതുവരെ അവര്‍ രോഗശയ്യകളില്‍ കിടന്നുപോലും പുതുതലമുറകളെ പ്രാകിത്തോല്പിച്ചുകൊണ്ടിരുന്നു. കൊടുക്കല്‍ വാങ്ങലുകളുടെ കണക്കുകള്‍ തീര്‍ത്ത് പുസ്തകങ്ങളടയ്ക്കുന്നതുവരെ മരണം പോലും അവരില്‍ നിന്നു മാറിനടന്നു.


ഒരു കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട്, ജീവപര്യന്തത്തടവും കഴിഞ്ഞ് കൊച്ചേപ്പ് എന്ന കൊച്ചപ്പന്‍ നാട്ടിലേയ്ക്ക് മടങ്ങിവരികയാണ്. ഒരു പകവീട്ടലിന്റെ ആവേശം ബാക്കിനില്‍ക്കുന്നകാലത്ത് ചെയ്തുപോയ കൊലയില്‍ അയാളിപ്പോള്‍ ദു:ഖിതനാണ്. ശാന്തമായ ഒരു കുടുംബജീവിതത്തിന്റെ നിറവാര്‍ന്ന സ്വപ്നങ്ങളുണ്ട്, അയാളിലിപ്പോഴും. എതിര്‍ചേരിയില്‍ പകവീട്ടാന്‍ കാത്തുനിന്നവര്‍ക്ക് അയാളുടെ ജയില്‍വാസം തടസ്സങ്ങളുണ്ടാക്കിയെങ്കിലും, അയാളുടെ തിരിച്ചുവരവ് ആ ചാക്രികതയുടെ അവശ്യകത തികട്ടിയെടുത്തു. അതിനിടയില്‍, വൈരങ്ങളുടെ പുഴകടന്ന് ജോണിയും അന്നയും പ്രണയിച്ചു. അവര്‍ക്കിടയിലേയ്ക്ക് ഉരുള്‍പൊട്ടലുകളും അശനിപാതങ്ങളുമുണ്ടായി. ഓര്‍മ്മപ്പെടുത്തലുകളും കണക്കുതീര്‍ക്കലുകളുമായി ഓരപ്പുഴയ്‌ക്കൊപ്പം ജീവിതങ്ങളും മുമ്പോട്ട് ഒഴുകിക്കൊണ്ടിരുന്നു.


'പക'യുടെ കഥ, യഥാര്‍ത്ഥ കുടിയേറ്റജീവിതങ്ങളില്‍ നിന്നു മുളപൊട്ടിയതാണ്. 1961 ല്‍ മക്കുട്ടിയെന്ന മറിയക്കുട്ടി ഭര്‍ത്താവ് ചുമ്മാരോടൊപ്പം മാനന്തവാടിക്കടുത്തുള്ള കല്ലോടിയിലെ അയിലമൂലയിലേയ്ക്ക് കുടിയേറുമ്പോള്‍ വയസ്സ് 22. കൂടെ നാലു പിഞ്ചുകുഞ്ഞുങ്ങളും. പതിനേഴാം വയസ്സിലുണ്ടായ സീമന്തപുത്രന്‍ ലൂക്കോസിന്റെ മകനാണ് 'പക'യുടെ ചലച്ചിത്രകാരന്‍ നിതിന്‍. 1947 ല്‍ത്തന്നെ, വലിയവീട്ടില്‍ ചുമ്മാരുടെ അപ്പനും അമ്മയും വയനാട്ടിലേയ്ക്ക് കുടിയേറി താമസമാക്കിയിരുന്നു. നാട്ടില്‍ സാമാന്യം ഭേദപ്പെട്ട് കഴിഞ്ഞിരുന്ന കുടുംബങ്ങള്‍ തന്നെയാണ് അക്കാലത്ത് വയനാട്ടിലെ ഇല്ലായ്മകളുടെ കാടുകളിലേയ്ക്ക് കുടിയേറിയത്. അമ്മച്ചിയുടെ ഭാഷയില്‍ത്തന്നെ പറഞ്ഞാല്‍, ''വയനാട്ടില്‍ ആനയുണ്ട്...കുതിരയുണ്ട് എന്നൊക്കെപ്പറഞ്ഞു വന്നവര്‍!'' അവിടേയ്ക്ക് ജീവിതം പറിച്ചുനട്ടവരൊക്കെ ആദ്യകാലങ്ങളില്‍ ചെറ്റപ്പുരകളിലായിരുന്നു താമസം.

കാടിന്റെ തണുത്തുവിറയ്ക്കുന്ന ഭീകരരാത്രികളിലേയ്ക്ക് അട്ടകളും പുഴുക്കളും വന്യമൃഗങ്ങളും  നുഴഞ്ഞുകയറി. തെരുവത്തൈലത്തിനായി പുല്ലുവാറ്റുന്നതിനിടയിലൂടെ അവരില്‍ പലരും ഒളിച്ചും പാത്തും ചാരായവും വാറ്റിയെടുത്തു. വലുപ്പച്ചെറുപ്പമില്ലാതെ അവരെല്ലാം മണ്‍ചട്ടികളിലാണ് കഞ്ഞികുടിച്ചിരുന്നത്. വറ്റുകള്‍ കുറഞ്ഞ കഞ്ഞിവെള്ളമായിരുന്നു, കൂടുതലും. മഴക്കാലത്ത് മരമുട്ടികള്‍ കൂട്ടിയിട്ട് തീകത്തിക്കും. ആ ചൂടു പകുത്തെടുത്ത് ചാക്കുകളില്‍ കയറിക്കൂടി ഉറങ്ങും. നാലുകുട്ടികളുള്‍പ്പെട്ട ആ കുടുംബവും അതേ ജീവിതചര്യകള്‍ തന്നെ പിന്തുടര്‍ന്നു. ഒരിക്കലും തീരാത്ത പണികള്‍ക്കിടയിലും മക്കുട്ടി, കുട്ടികളെയൊക്കെ പ്രായമായവരെ ഏല്പിച്ച്, അടുത്തുള്ള പാടങ്ങളിലൊക്കെ ഞാറുനടാന്‍ പോകും. ഇളയകുഞ്ഞിനെ മുലയൂട്ടാനും കന്നുകാലികള്‍ക്കു വെള്ളം കൊടുക്കാനും ഉച്ചയ്ക്കുള്ള ഇടവേളകളില്‍ വീട്ടിലേയ്ക്ക് ഓടിവന്നു കഞ്ഞികുടിച്ചു മടങ്ങും. തിരക്കു കുറഞ്ഞ ദിനങ്ങളില്‍ എല്ലാ വീട്ടുപണികളും നേരത്തേ തീര്‍ത്തുവച്ച് അറക്കുളം 'അശോക'യിലേയ്ക്ക് സിനിമകാണാന്‍ ആഘോഷമായി പോകും. കൈയില്‍ കിട്ടുന്നതൊക്കെ വായിക്കും.

മോഹന്‍ലാലും ഷീലയുമാണ് ഇഷ്ടതാരങ്ങള്‍. 'തേന്മാവിന്‍ കൊമ്പത്തെ' തമാശകളും സംഭാഷണങ്ങളും ഇപ്പോഴും ഓര്‍ത്തുപറയും. ഫിലോമിന അവതരിപ്പിച്ച തന്റേടിത്തള്ളമാരെ വളരെ ഇഷ്ടമായിരുന്നു. 'ഒളിമ്പ്യന്‍ അന്തോണി ആദ'ത്തിലെ വത്സലാ മേനോന്‍ അവതരിപ്പിച്ച ചക്കുമ്മൂട്ടില്‍ തെറതിയെ പേരെടുത്തു പറയുന്നു. ഇഷ്ട ചിത്രം : ഉണ്ണികളേ ഒരു കഥ പറയാം. 'പക'യില്‍ മുഖമില്ലാത്ത ശരീരവും ശബ്ദവും മാത്രമായി അഭിനയിച്ചപ്പോള്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ 'മതിലുകളി'ല്‍ കെ.പി.എ.സി. ലളിത അവതരിപ്പിച്ച നാരായണിയെക്കുറിച്ച് മറിയക്കുട്ടി ഓര്‍ത്തെടുത്തു. ഈ സിനിമാപ്രാന്തൊക്കെ തന്റെ അമ്മച്ചിയില്‍ നിന്നു കിട്ടിയതാവും എന്നാണ് മറിയക്കുട്ടി പറയുന്നത്. കിടപ്പായപ്പോള്‍പ്പോലും ആ അമ്മച്ചി ടെലിവിഷനില്‍ വരുന്ന സിനിമകളിലെ  മമ്മൂട്ടി- മോഹന്‍ ലാല്‍-സുരേഷ് ഗോപി ശബ്ദങ്ങള്‍ തിരിച്ചറിഞ്ഞു പറയുമായിരുന്നു. 5 വര്‍ഷം മുമ്പാണ് മറിയക്കുട്ടിയുടെ 99 വയസ്സുണ്ടായിരുന്ന അമ്മ മരിച്ചത്.


1969-70 ലെ നക്‌സല്‍ കാലഘട്ടമൊക്കെ മറിയക്കുട്ടിക്ക് നല്ല ഓര്‍മ്മയുണ്ട്. വര്‍ഗ്ഗീസിന്റെ കൊലപാതകവും, കുന്നിക്കല്‍ നാരായണനേയും മന്ദാകിനിയേയും അജിതയേയുമൊക്കെ  പോലീസ് വേട്ടയാടുന്നതുമൊക്കെ ഇന്നലെയെന്നപോലെ ഓര്‍മ്മയില്‍ തെളിഞ്ഞുനില്‍ക്കുന്നു. ജന്മിമാരുടെ കൊലകള്‍ക്കു ശേഷം പോലീസ് വര്‍ഗ്ഗീസിന്റെ തലയ്ക്ക് വിലയിട്ടിരുന്ന കാലം. അടയ്ക്കാത്തോട്ടിലെ ഒരു ചായക്കടയില്‍ രഹസ്യമായി ഭക്ഷണം കഴിക്കാന്‍ വരുമായിരുന്ന വര്‍ഗ്ഗീസിനെ കടയുടമ തിരിച്ചറിഞ്ഞു. അയാള്‍ മേമന അച്ചനോടു പറഞ്ഞു. അച്ചന്‍ പോലീസിനും വിവരം നല്‍കി. അങ്ങനെ പിടികൂടപ്പെട്ട വര്‍ഗ്ഗീസിനെ  പോലീസ്  പിന്നീട് കൊലചെയ്യുകയാണുണ്ടായത്. വര്‍ഗ്ഗീസിന്റെ ബന്ധുക്കളെയൊക്കെ മക്കുട്ടിയമ്മച്ചിക്ക് അറിയാം. അജിതയെ പോലീസ് അറസ്റ്റ് ചെയ്ത് നാടുനീളെ പ്രദര്‍ശിപ്പിക്കുമ്പോള്‍ ആ ശരീരത്തില്‍ അട്ടകടിച്ച് ചോരയൊലിച്ചിരുന്നു. കൊട്ടാരത്തില്‍ മത്തനും  കൊട്ടാരത്തില്‍ കൊച്ചും ഓലിക്കല്‍ ഏലിയയും മാക്കീലെ സുകുവും എല്ലാം ഉള്‍പ്പെടുന്ന പഴയകാല ഓര്‍മ്മകള്‍. പ്രതിബന്ധങ്ങളോടു പടപൊരുതി ജയിച്ചുനില്‍ക്കാന്‍ അന്ന് നെഞ്ചുറപ്പും അസാധാരണ ധൈര്യവും തന്നെ വേണമായിരുന്നു എന്ന് അമ്മച്ചി പറയുന്നു.


അമ്മച്ചിയോടൊപ്പം രണ്ടു കൊച്ചുമക്കളും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. പ്രധാനകഥാപാത്രങ്ങളിലൊന്നായ പാച്ചിയുടെ വേഷമിട്ടത് ഇളയ മകളുടെ മകനായ അതുല്‍ ആണ്. രണ്ടാമത്തെ മകന്റെ മകനായ വിനീത് മറ്റൊരു ശ്രദ്ധേയമായ വേഷം ചിത്രത്തില്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ബേസില്‍ പൗലോസിന്റെ ജോണിയും, ജോസ് കിഴക്കന്റെ കൊച്ചേപ്പും, നിതിന്‍ ജോര്‍ജിന്റെ വെട്ടിക്കല്‍ ജോയ്യും, വിനീത കോശിയുടെ അന്നയും, അഭിലാഷ് നായരുടെ തങ്കനും, ജോസഫ് മാണിക്കലിന്റെ വര്‍ക്കിച്ചനും  മികച്ച പ്രകടനം നടത്തിയിരിക്കുന്നു. കയങ്ങളില്‍ മുങ്ങിത്തപ്പി മരിച്ചവരെ കരയ്ക്കെത്തിക്കുന്നതില്‍ വിദഗ്ദ്ധനായ ആശാരിയോട്ട് ജോസ്, അതേ പേരിലും തൊഴിലിലും ഈ ചിത്രത്തില്‍ ജീവിക്കുകയാണ്. ശ്രീകാന്ത് കാബോത്തിന്റെ ഛായാഗ്രഹണം വയനാടിന്റെ കാണാക്കാഴ്ചകള്‍ ചാരുതയോടെ പകര്‍ത്തിയിട്ടുണ്ട്. കഥാഗതിയ്ക്കൊപ്പം കൃത്യമായി സഞ്ചരിച്ച പ്രതിരൂപാത്മകദൃശ്യങ്ങളും ശബ്ദരൂപാന്തരീകരണങ്ങളും വിസ്മയാവഹമായിരുന്നു. അരുണിമ ശങ്കര്‍ ചിത്രസംയോജനവും ഫൈസല്‍ അഹമ്മദ് സംഗീതവും നിര്വ്വഹിച്ചിരിക്കുന്ന പകയുടെ ശബ്ദസന്നിവേശം നടത്തിയിരിക്കുന്നത് അരവിന്ദ് സുന്ദറും പ്രമോദും ജോബിനും കൂടിയാണ്. അഖില്‍ രവി പദ്മിനിയാണ് പ്രോജെക്ട് ഡിസൈനര്‍. ഒരു നാട്ടുകാരെ മുഴുവന്‍ അഭിനയിക്കാന്‍ പ്രാപ്തരാക്കിയ സൂരജ് ആയിരുന്നു അഭിനയക്കളരിയുടെ നായകന്‍.


മലയാളികളല്ലാത്ത സംവിധായകരും നിര്‍മ്മാതാക്കളുമായ അനുരാഗ് കാശ്യപും രാജ് രാച്ചക്കൊണ്ടയുമാണ് 'പക' നിര്‍മ്മിച്ചിരിക്കുന്നത്. ഒരു പക്ഷേ, ഭാഷയുടെ അതിര്‍വരമ്പുകള്‍ തട്ടിത്തകര്‍ത്തുമുന്നേറിയ ആ നിര്‍ല്ലോപസൗഹൃദങ്ങളാവും രാജ്യങ്ങളുടെ അതിര്‍ത്തികള്‍ കടത്തി ഈ ചിത്രത്തെ ടൊറോന്റോയില്‍ എത്തിച്ചതും.


ഒരുവശത്ത് പുതിയകാല സൗഹാര്‍ദ്ദങ്ങളുടേയും ഉള്‍ക്കൊള്ളലുകളുടേയും ജാലകങ്ങള്‍ തുറന്നിടുമ്പോള്‍, മറുവശത്ത് കുടിപ്പക തലമുറക്കൈമാറ്റങ്ങളുടെ സ്ഥാനാരോഹണത്തിനു സാക്ഷ്യം വഹിക്കുന്നതു കണ്ടുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.  


നിര്‍മ്മാതാവായ രാജും, ശബ്ദസന്നിവേശകരിലൊരാളായ അരവിന്ദും, അഭിനേതാക്കളിലൊരാളായ മനു ജോര്‍ജും അവരുടെ സാന്നിദ്ധ്യം കൊണ്ട് പ്രദര്‍ശനാനന്തര ചര്‍ച്ചകളെ സജീവമാക്കിയപ്പോള്‍ സംവിധായകന്‍ നിതിന്‍ ലൂക്കോസിന് മേളയിലെത്തിച്ചേരാന്‍ കഴിഞ്ഞില്ല. അദ്ദേഹം നാട്ടില്‍ നിന്നു സൂമിലൂടെ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് ആസ്വാദകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ നല്‍കിയത്. മക്കുട്ടിവല്യമ്മച്ചിയുടെ കഥകളാണ് തന്നെ ചലച്ചിത്രകാരനാക്കിയതെന്ന് സംവിധായകന്‍ പറയുമ്പോള്‍ കാണികളുടെ ആകാംക്ഷ നിറഞ്ഞ ചോദ്യങ്ങളിലധികവും ആ അമ്മച്ചിയെക്കുറിച്ചുതന്നെയായിരുന്നു.


അമ്മച്ചിയുടെ നേരിട്ടുള്ള ശബ്ദം കേള്‍ക്കാന്‍, സിനിമാനന്തരാനുഭവങ്ങള്‍ പങ്കിടാന്‍ ടൊറോന്റോയിലെ eNews Digest നു വേണ്ടി മാധ്യമപ്രവര്‍ത്തകനായ വിനോദ് ജോണ്‍ വിളിക്കുമ്പോള്‍ പ്രായത്തിന്റെ കുഞ്ഞുകുഞ്ഞ് അലോസരങ്ങളൊക്കെ മറന്ന് മക്കുട്ടിയമ്മച്ചി പഴയകാലങ്ങളൊക്കെ കാനഡക്കാര്‍ക്കായി ഓര്‍മ്മിച്ചെടുത്തു. വിനോദും ബ്രിജേഷും ചേര്‍ന്നൊരുക്കിയ സൗഹൃദസംഭാഷണം അവരുടെ യൂട്യൂബ് ചാനലില്‍ ലഭ്യമാണ്.


നാല്പത്തിയാറാമത്  ടൊറോന്റോ ചലച്ചിത്രമേള (TIFF) യ്ക്കു തിരശ്ശീല വീഴുമ്പോള്‍ ഇന്ത്യക്ക്ക്കാര്‍ക്ക് അഭിമാനപൂര്വ്വം തലയുയര്‍ത്തി നില്‍ക്കാന്‍ മലയാളത്തിന്റെ ഈ അകഥിതകഥ മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് നിസ്സംശയം പറയാം.

Other News