ഇടവേള ബാബുവിനോട് പുച്ഛം; അമ്മയില്‍ നിന്ന് രാജിവെക്കുന്നതായി പാര്‍വതി തിരുവോത്ത്


OCTOBER 12, 2020, 7:01 PM IST

കൊച്ചി: അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആ്ര്‍ട്ടിസ്റ്റ്‌സ് ജനറല്‍ സെക്രട്ടറി ഇടവേള ബാബു നല്കിയ അഭിമുഖത്തില്‍ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകളില്‍ പ്രതിഷേധിച്ച് സംഘടനയില്‍ നിന്നും രാജിവെക്കുന്നതായി നടി പാര്‍വതി തിരുവോത്ത്. അമ്മ സംഘടനയില്‍ എന്തെങ്കിലുമൊക്കെ മാറ്റമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് സുഹൃത്തുക്കളില്‍ പലരും 2018ല്‍ രാജവെച്ചപ്പോഴും സംഘടനയില്‍ തുടര്‍ന്നതെന്നും പാര്‍വതി പറഞ്ഞു. തകര്‍ന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്നുകൊണ്ട് അത് നവീകരിക്കാന്‍ കുറച്ചുപേരെങ്കിലും വേണമെന്ന് തോന്നലായിരുന്നു അമ്മയില്‍ തുടരാന്‍ കാരണമായത്. എന്നാല്‍ ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതോടെ സംഘടനയില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന പ്രതീക്ഷ ഉപേക്ഷിക്കുകയാണെന്നും പാര്‍വതി രാജി പ്രഖ്യാപിച്ച് കുറിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതി. 

പാര്‍വതി തിരുവോത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

2018ല്‍ എന്റെ സുഹൃത്തുക്കള്‍ അമ്മയില്‍ നിന്ന് പിരിഞ്ഞു പോയപ്പോള്‍ ഞാന്‍ സംഘടനയില്‍ തന്നെ തുടര്‍ന്നത്  തകര്‍ന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്ന് കൊണ്ട് അതിനെ നവീകരിക്കാന്‍ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണ്. പക്ഷെ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയില്‍ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാന്‍ ഉപേക്ഷിക്കുന്നു.ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാള്‍ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ല.  ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് മിസ്റ്റര്‍ ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ  അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്. മാധ്യമങ്ങള്‍ ഈ പരാമര്‍ശം  ചര്‍ച്ച ചെയ്തു തുടങ്ങുന്ന നിമിഷം മുതല്‍ അയാളെ  അനുകൂലിച്ച്  മറ്റു പല സംഘടനാ അംഗങ്ങളും വരും. കാരണം സ്ത്രീകളുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്‌നവും നിങ്ങള്‍ കൈകാര്യം ചെയ്ത അതേ  മോശമായ രീതിയിലാണ് ഇതും സംഭവിക്കുക എന്ന്  എനിക്ക് ഉറപ്പുണ്ട്.ഞാന്‍ അമ്മയില്‍ നിന്നും രാജി വയ്ക്കുന്നു. അതോടൊപ്പം ഇടവേള ബാബു രാജി വെയ്ക്കണം എന്ന് ഞാന്‍ ശക്തമായി ആവശ്യപ്പെടുന്നു. മനസ്സാക്ഷിയുള്ള എത്ര  അംഗങ്ങള്‍ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരും എന്ന് ആകാംക്ഷയോടെ ഞാന്‍ നോക്കി കാണുന്നു.പാര്‍വതി തിരുവോത്ത്

Other News