പാര്‍വതിയുടെ രാജി സ്വീകരിച്ചു; ബിനീഷിനെ സസ്‌പെന്റ് ചെയ്യണമെന്നും വേണ്ടെന്നും അമ്മ


NOVEMBER 21, 2020, 8:00 AM IST

കൊച്ചി: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയില്‍ നിന്നും  നടി പാര്‍വതി തിരുവോത്ത് രാജിവെച്ച നടപടി സംഘടന അംഗീകരിച്ചു. പ്രസിഡണ്ട് മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍  ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് പാര്‍വതിയുടെ രാജി സ്വീകരിക്കാന്‍ തീരുമാനിച്ചത്. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 12നാണ് പാര്‍വതി സംഘടനയില്‍ നിന്ന് രാജിവെച്ചത്.നേരത്തെ അമ്മയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന പുതിയ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ നടി ഭാവന അംഗമാവില്ലെന്ന് ഇടവേള ബാബു പറഞ്ഞിരുന്നു. നിലവില്‍ ഭാവന അമ്മയുടെ അംഗമല്ല. മരിച്ചു പോയ ആളുകള്‍ തിരിച്ച് വരില്ലല്ലോ. അതുപോലെ ആണ് ഇതെന്നായിരുന്നു ഇടവേള ബാബു റിപ്പോര്‍ട്ടര്‍ ചാനലിലെ പരിപാടിയില്‍ പറഞ്ഞത്. അമ്മയ്ക്കു വേണ്ടി ദിലീപ് നിര്‍മ്മിച്ച മള്‍ട്ടി സ്റ്റാര്‍ ചിത്രം ട്വന്റി ട്വന്റിയില്‍ പ്രധാന കഥാപാത്രമായി ഭാവനയുണ്ടായിരുന്നു. എന്നാല്‍ പുതിയ ചിത്രത്തില്‍ നിലവിലെ സാഹചര്യത്തില്‍ ഭാവനയുണ്ടാകില്ലെന്നും അംഗത്വമില്ലാത്തതാണ് ഇതിന് കാരണമെന്നുമാണ് ഇടവേള ബാബു പറഞ്ഞത്.ഇതിനെതിരെ ശക്തമായ പ്രതികരണവുമായാണ് പാര്‍വതി രംഗത്തെത്തിയത്. പാര്‍വതിക്കു മുമ്പ് അമ്മയില്‍ നിന്നും റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവര്‍ രാജിവെച്ചിരുന്നു.ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയോടു വിശദീകരണം തേടാനും അമ്മ തീരുമാനിച്ചു. ബിനീഷിനെ സംഘടനയില്‍നിന്നു സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യമുയര്‍ന്നതിനു പിന്നാലെ രൂക്ഷമായ വാക്കേറ്റമാണു യോഗത്തിലുണ്ടായത്. നടന്‍ സിദ്ദിഖ് ഉള്‍പ്പെടെയുള്ളവര്‍ ബിനീഷ് കോടിയേരിയെ സംഘടനയില്‍നിന്നു സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. നടിമാരായ ഹണി റോസ്, രചന നാരായണന്‍ കുട്ടി തുടങ്ങിയവരും ഇതേ നിലപാടാണു സ്വീകരിച്ചത്. എന്നാല്‍ എം എല്‍ എമാരായ മുകേഷ്, ഗണേഷ് കുമാര്‍ തുടങ്ങിയവര്‍ തിടുക്കപ്പെട്ട് നടപടി സ്വീകരിക്കേണ്ടെന്ന നിലപാടാണെടുത്തത്.  2009 മുതല്‍ ബിനീഷ് കോടിയേരി അമ്മയുടെ ആജീവനാന്ത അംഗത്വം എടുത്തിട്ടുണ്ട്.നടന്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ സംഘടനയില്‍നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നെന്നും രണ്ടു പേര്‍ക്കു രണ്ടു നീതി പാടില്ലെന്നും നടിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വാദിച്ചു. ആരോപണ വിധേയനെ സംഘടനയില്‍ വച്ചുകൊണ്ടിരിക്കുന്നതു ശരിയല്ലെന്നാണു സിദ്ദിഖ് വ്യക്തമാക്കിയത്.