പൊന്നിയിന്‍ സെല്‍വന്‍-1 കേരളത്തിലെ വിതരണവകാശം ഗോകുലത്തിന് 


AUGUST 22, 2022, 10:07 PM IST

ചെന്നൈ: ഇന്ത്യന്‍ സിനിമയിലെ എറ്റവും വലിയ ചലച്ചിത്ര സംരംഭം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ ചരിത്ര നോവലിനെ ആധാരമാക്കി സംവിധായകന്‍ മണിരത്‌നം അണിയിച്ചൊരുക്കിയ മള്‍ട്ടി സ്റ്റാര്‍ ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍' കേരളത്തിലെ വിതരണാവകാശം ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ് കരസ്ഥമാക്കി. ലൈക്കയും മെഡ്രാസ് ടാക്കീസും ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം. 

മണിരത്‌നത്തിന്റെ മെഡ്രാസ് ടാക്കീസും സുഭാസ്‌ക്കരന്റെ ലൈക്കാ പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിച്ച രണ്ടു ഭാഗങ്ങളുള്ള ചിത്രത്തിന്റെ ഒന്നാം ഭാഗം (പി എസ് 1) സെപ്തംബര്‍ 30ന് ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തും. തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നട ഭാഷകളിലാണ് പൊന്നിയിന്‍ സെല്‍വന്‍-1 റീലീസ് ചെയ്യുക. 

റിലീസിന് മുന്നോടിയായി പുറത്തുവിട്ട റഫീക്ക് അഹമ്മദ് രചിച്ച് എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കി അല്‍ഫോണ്‍സ് ജോസഫ്, ബെന്നി ദയാല്‍ എന്നിവര്‍ ആലപിച്ച 'പൊന്നി നദി', 'ചോള ചോള' എന്നീ ഗാനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കിടയില്‍ തരംഗമായി മുന്നേറ്റം തുടരുകയാണ്. പ്രമുഖരായ താരങ്ങളും സാങ്കേതിക വിദഗ്ധരും അണിനിരക്കുന്ന ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചലച്ചിത്ര ആവിഷ്‌കാരമാണ് 'പൊന്നിയിന്‍ സെല്‍വന്‍'. അതുകൊണ്ട് തന്നെ ചിത്രീകരണം തുടങ്ങിയ അന്നുമുതല്‍ സിനിമാ പ്രേമികള്‍ ആകാംക്ഷാഭരിതരാണ്.

വിക്രം, ജയംരവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, ബാബു ആന്റണി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യാ റായ് ബച്ചന്‍, ഐശ്വര്യ ലക്ഷ്മി, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കള്‍ ചിത്രത്തിലെ ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സി കെ അജയ് കുമാറാണ് വാര്‍ത്താ വിതരണം.

Other News