ചെന്നൈ: മണിരത്‌നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്റെ ആദ്യ ഭാഗം പി എസ്1 ഇന്ത്യന്‍ സിനിമയുടെ ഇതു വരെയുള്ള റെക്കോര്‍ഡ് തകര്‍ത്തു മുന്നേറുന്നു. സെപ്തംബര്‍ 30ന് ലോക വ്യാപകമായി റീലീസ് ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ പന്ത്രണ്ട് ദിവസം പിന്നിട്ടപ്പോള്‍ ആഗോള തലത്തില്‍ ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ തൂത്തുവാരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
റിലീസ് ചെയ്ത പതിനൊന്നാം ദിവസം കളക്ഷന്‍ 400 കോടി കവിഞ്ഞതായി നിര്‍മ്മാതാക്കളായ ലൈക്കാ പ്രൊഡക്ഷന്‍സും മെഡ്രാസ് ടാക്കീസും ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇത് സിനിമയുടെ ചരിത്രത്തില്‍ സര്‍വകാല റെക്കോര്‍ഡാണ്. തമിഴ്‌നാട്ടില്‍ തിയേറ്ററുകളില്‍ ഇപ്പോഴും ഹൗസ് ഫുള്ളായി പ്രദര്‍ശനം തുടരുകയാണ്. കേരളത്തില്‍ കഥയും സിനിമയില്‍ ഉപയോഗിച്ച തമിഴ് ഭാഷയും മനസ്സിലാവുന്നില്ല എന്ന പരാതി ആദ്യം ഉയര്‍ന്നെങ്കിലും പിന്നീട് കൂടുതല്‍ മലയാളം പതിപ്പുകള്‍ പുറത്തിറക്കിയതോടെ പ്രസ്തുത പരാതിയും പരിഹരിക്കപ്പെട്ടു. കേരളത്തിലും പിഎസ്1 ആവേശകരമായ വിജയം നേടി. പതിനൊന്ന് ദിവസം പിന്നിടുമ്പോള്‍ കേരളത്തില്‍ മാത്രം 21 കോടി കളക്ഷന്‍ നേടിയതായെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ശ്രീഗോകുലം മൂവീസാണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്തത്.
കോവിഡാനന്തരം സിനിമയുടേയും തിയേറ്ററുകളുടെയും ഭാവി ആശങ്കയിലാണ് എന്ന് കരുതിയ വേളയിലാണ് കെ ജി എഫ്, ആര്‍ ആര്‍ ആര്‍, വിക്രം തുടങ്ങിയ സിനിമകള്‍ ജനങ്ങളെ തിയേറ്ററിലേക്ക് ആകര്‍ഷിച്ച് പുതിയ ബോക്‌സ് ഓഫീസ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചത്. എന്നാല്‍ ആ റെക്കോര്‍ഡുകളെ മറികടന്ന് കുട്ടികള്‍ മുതല്‍ തൊണ്ണൂറു പിന്നിട്ട വൃദ്ധരെ വരെ തിയേറ്ററുകളിലേക്ക് ആകര്‍ഷിച്ച് ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ് പൊന്നിയിന്‍ സെല്‍വന്‍1. ഇനി രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
ആദ്യ ഭാഗത്തില്‍ നാല്പത്തി എട്ടിലേറെ പ്രധാന കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. ഇനി രണ്ടാം ഭാഗത്തിലാണ് യഥാര്‍ഥ കഥ പറയാനിരിക്കുന്നതത്രേ. വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യാ റായ്, തൃഷ, റഹ്മാന്‍, ശരത് കുമാര്‍, ജയറാം, ബാബു ആന്റണി, വിക്രം പ്രഭു, ലാല്‍, പ്രകാശ് രാജ്, പാര്‍ത്ഥിപന്‍, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ ചരിത്ര കഥയുടെ അന്തര്‍ധാരയിലൂടെയത്രെ രണ്ടാം ഭാഗത്തിന്റെ സഞ്ചാരം.