ജോര്‍ദാനില്‍ നിന്നും കൊച്ചിയില്‍ തിരിച്ചെത്തിയ പൃഥ്വിരാജ് ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറി


MAY 22, 2020, 2:12 PM IST

കൊച്ചി : ജോര്‍ദാനില്‍ നിന്നും കൊച്ചിയില്‍ തിരിച്ചെത്തിയ പൃഥ്വിരാജ് ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു വാഹനം ഡ്രൈവ് ചെയ്താണ് കോവിഡ്   കേന്ദ്രത്തിലേക്ക്   പോയത്.

ഫോര്‍ട്ട് കൊച്ചിയില്‍ പണം നല്‍കി ഉപയോഗിക്കുന്ന ക്വാറന്റൈന്‍ സെന്ററിലേക്കാണ് പൃഥ്വിയും ആടുജീവിതം സംഘവും മാറുന്നത്.  തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം 14 ദിവസം നിരീക്ഷണത്തില്‍ തുടരും.വെള്ളിയാഴ്ച പുലര്‍ച്ചെ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ പൃഥ്വിയും സംഘവും രാവിലെ 8.59 ന് നെടുമ്പാശേരിയില്‍ എത്തി.

ഡല്‍ഹിയില്‍ നിന്ന് രാവിലെ 7.15 നാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ പൃഥ്വിയും സംഘവും കൊച്ചിയിലേക്ക് പുറപ്പെട്ടത്. അമ്മാനില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ശേഷമായിരുന്നു കൊച്ചിയിലേയ്ക്കുള്ള യാത്ര.രണ്ടു മാസത്തിലേറെയായി ജോര്‍ദാനിലയിരുന്നു  പൃഥ്വിയും സംഘവും.  ആടുജീവിതമെന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നായകന്‍ പൃഥ്വിരാജ് ഉള്‍പ്പടെയുള്ളവര്‍ ജോര്‍ദാനില്‍ എത്തിയപ്പോഴാണ് ലോകം മുഴുവന്‍ അടച്ചിടാനുള്ള തീരുമാനം ഉണ്ടായത്. തുടര്‍ന്നു സിനിമയുടെ ചിത്രീകരണം നിന്ന് പോവുകയും ചെയ്തിരുന്നു.