2018ലെ പ്രളയത്തിനു മുമ്പില്‍ പിടിച്ചു നില്‍ക്കാനാവാതെ പുലിമുരുകനും 


MAY 22, 2023, 10:51 PM IST

കൊച്ചി: റിലീസ് ചെയ്ത് 17 ദിവസങ്ങള്‍ക്കകം 137.6 കോടി രൂപ നേടി 2018 എവരിവണ്‍ ഈസ് എ ഹീറോ ഇന്‍ഡസ്ട്രി ഹിറ്റായി. പുലിമുരുകന്‍, ലൂസിഫര്‍ എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് ജൂഡ് ആന്തണി ജോസഫിന്റെ 2018 ഒന്നാമതെത്തിയത്. 

ബോക്‌സോഫീസില്‍ മൂന്നാം ആഴ്ചയില്‍ കേരളത്തില്‍ നിന്നു മാത്രം 10.75 കോടിയാണ് ചിത്രം നേടിയത്. 

മൂന്നാം ആഴ്ചയില്‍ ആദ്യത്തെ ആഴ്ചയില്‍ നിന്നും 17 ശതമാനം കൂടുതലാണ് ചിത്രത്തിന്റെ കളക്ഷന്‍. കേരളത്തില്‍ നിന്നു മാത്രം ചിത്രം 65 കോടിയും, റെസ്റ്റ് ഓഫ് ഇന്ത്യയില്‍ നിന്ന് ഒന്‍പത് കോടിയും നേടിയപ്പോള്‍ ഓവര്‍സീസ് കളക്ഷന്‍ എട്ട് മില്യന്‍ യു എസ് ഡോളറാണ്. 

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അപര്‍ണ്ണ ബാലമുരളി, തന്‍വി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനിതാ കോശി തുടങ്ങി മലയാളത്തിലെ മുന്‍നിരതാരങ്ങളെ അണിനിരത്തി ഒരുക്കിയ 2018 മെയ് അഞ്ചിനാണ് റിലീസ് ചെയ്തത്. 

കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ വേണു കുന്നപ്പള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അഖില്‍ പി ധര്‍മജന്റെതാണ് സഹതിരക്കഥ. അഖില്‍ ജോര്‍ജ്ജാണ് ഛായാഗ്രാഹകന്‍.

Other News