പൊന്നിയിന്‍ സെല്‍വനില്‍ റഹ്മാന്‍; ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്കും


JANUARY 8, 2021, 10:09 PM IST

കൊച്ചി: പുതുവര്‍ഷത്തില്‍ നടന്‍ റഹ്മാന് തമിഴിലും തെലുങ്കിലും തിരക്കിന്റെ നാളുകള്‍. തമിഴില്‍ മോഹന്‍ രാജയുടെ സഹായി സുബ്ബുറാം സംവിധാനം ചെയ്ത സിനിമ പ്രദര്‍ശന സജ്ജമായി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉടന്‍ റിലീസ് ചെയ്യും. മാസ്് ഹീറോ പരിവേഷമാണ് ഈ ചിത്രത്തില്‍ റഹ്മാന്റേത്. ഹൈദരാബാദില്‍ ഗോപി ചന്ദിനൊപ്പം സമ്പത്ത് നന്തി സംവിധാനം ചെയ്യുന്ന 'സീട്ടിമാര്‍' എന്ന സിനിമയില്‍ അഭിനയിച്ചു വരുന്ന റഹ്മാന്‍ ഹൈദരാബാദില്‍ തന്നെ മണിരത്നത്തിന്റെ ഡ്രീം പ്രോജക്ടും മള്‍ട്ടി സ്റ്റാര്‍ ബ്രഹ്മാണ്ഡ ചിത്രവുമായ 'പൊന്നിയിന്‍ സെല്‍വ'നില്‍ ജോയിന്‍ ചെയ്തു. തന്റെ കഥാപാത്രത്തെ കുറിച്ചു റഹ്മാന്‍ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മര്‍മ്മ പ്രധാനമായ കഥാപാത്രമാണ് റഹ്മാന്റേത് എന്നാണ് സൂചന. ഇതിലെ കഥാപാത്രത്തിനു വേണ്ടി മാസങ്ങളോളം വാള്‍പയറ്റ്, കുതിര സവാരി എന്നിവ താരം പരിശീലിച്ചിരുന്നുവത്രെ. 

അഹമ്മദിന്റെ സംവിധാനത്തില്‍ റഹ്മാന്‍, ജയം രവി, അര്‍ജ്ജുന്‍ ഒന്നിക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രമായ 'ജന ഗണ മന', വിശാലിനൊപ്പം 'തുപ്പറിവാളന്‍ 2' എന്നിവയാണ് 2021 ന്റെ ആദ്യ പകുതിയിലെ  റഹ്മാന്റെ മറ്റു തമിഴ് ചിത്രങ്ങള്‍. മലയാളത്തില്‍ വളരെ സെലക്റ്റീവായി അഭിനയിക്കുന്ന റഹ്മാന്‍ 'രണ'ത്തിനു ശേഷം അഭിനയിക്കുന്നത് പുതുമുഖ സംവിധായകന്‍ ചാള്‍സ് ജോസഫ് അണിയിച്ചൊരുക്കുന്ന സിനിമയിലാണ്. ഈ സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപനം അടുത്തയാഴ്ച്ച ഉണ്ടാകും. പീക്കോക് ആര്‍ട് ഹൗസിനു എം കെ സുഭാകരനും അഞ്ജുവര്‍ഗീസ് വിളയടത്തും ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ മലയാള സിനിമയുടെ ഷൂട്ടിങ് ജനുവരി അവസാനം കാശ്മീരില്‍ തുടങ്ങും.