ആദ്യ ബ്രേക്ക് നല്‍കിയ നിര്‍മാതാവിന് ഒരു കോടിയുടെ വീട് നല്‍കി രജനികാന്ത്‌


OCTOBER 8, 2019, 5:41 PM IST

താന്‍ ആദ്യമായി നായകനായ 'ഭൈരവി'യെന്ന ചിത്രത്തിന്റെ നിര്‍മാതാവും തിരക്കഥാകൃത്തുമായ കലൈജ്ഞാനത്തിന്   സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ഒരു കോടിയുടെ വീട് സമ്മാനിച്ചു. 1978 ല്‍ ഈ ചിത്രത്തിലൂടെയാണ് നായകനായുള്ള രജനിയുടെ ജൈത്രയാത്ര ആരംഭിക്കുന്നത്.

വിരുകംമ്പാക്കത്താണ് മൂന്ന് കിടപ്പുമുറികളും ഹാളും അടുക്കളയും അടങ്ങിയ അപാര്‍ട്ട്‌മെന്റ് നിര്‍മ്മാതാവിന് വേണ്ടി താരം കരുതിവച്ചിരുന്നത്. ഏതാണ്ട് ഒരു കോടി രൂപ വിലമതിക്കുന്നതാണ് ഫ്‌ലാറ്റ് സമുച്ചയത്തിലെ താഴത്തെ നിലയിലുള്ള 1320 സ്‌ക്വയര്‍ ഫീറ്റിന്റെ ഈ അപാര്‍ട്ട്‌മെന്റ്. കഴിഞ്ഞ ഓഗസ്റ്റ് 14 ന് കലൈഞ്ജാനത്തിന്റെ 90ാം പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് നടത്തിയ ചടങ്ങില്‍ സിനിമയില്‍ 50 വര്‍ഷം പിന്നിട്ടതിന് അദ്ദേഹത്തിന് ആദരം അര്‍പ്പിക്കുന്ന ചടങ്ങില്‍ രജനി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു.

സ്വന്തമായി വീടില്ലാതെ വാടക വീടുകളിലാണ് സൂപ്പര്‍ഹിറ്റ് സിനിമകളുടെ നിര്‍മാതാവായ കലൈഞ്ജാനം കഴിഞ്ഞിരുന്നത്. ഈയടുത്താണ് അദ്ദേഹത്തിന്റെ ദുരിതം രജനികാന്തിന്റെ ശ്രദ്ധയില്‍പെടുന്നത്.  നടന്‍ ശിവകുമാറാണ് കലൈജ്ഞാനത്തിന്റെ അവസ്ഥ രജനിയെ അറിയിക്കുന്നത്. 

'വാടകവീട്ടിലാണ് അദ്ദേഹം താമസിക്കുന്നതന്ന് ഈയടുത്താണ് അറിയാന്‍ കഴിഞ്ഞത്. അത് സങ്കടകരമായ അവസ്ഥയാണ്. മന്ത്രി കടമ്പൂര്‍ രാജു മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് വീട് നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് എന്റെ നന്ദി. പക്ഷേ ഞാന്‍ ഈ അവസരം സര്‍ക്കാരിന് നല്‍കില്ല. കലൈഞ്ജാനത്തിന്റെ അവസാന ശ്വാസം അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്നും വേര്‍പ്പെടുന്നത് എന്റെ വീട്ടില്‍ നിന്നാകണം. പ്രിയപ്പെട്ട ഭാരതിരാജ സാര്‍, അദ്ദേഹത്തിന് പറ്റുന്ന വീട് അന്വേഷിക്കൂ..അദ്ദേഹത്തിന്റെ ഇനിയുള്ള നാളുകള്‍ എന്റെ വീട്ടിലാകണം.ദൈവാനുഗഹം കൊണ്ട് ശിവകുമാര്‍ വഴിയാണ് ഈ വാര്‍ത്ത എന്റെ അടുത്ത് എത്തുന്നത്. അദ്ദേഹത്തിന് നന്ദി'. അന്ന് വേദിയില്‍ രജനികാന്ത് പറഞ്ഞതായി ഒരു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

1975 ല്‍ കെ. ബാലചന്ദറിന്റെ 'അപൂര്‍വ്വരാഗങ്ങള്‍' എന്ന ചിത്രത്തിലൂടെയാണ് രജനി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ  ആദ്യ നായക ചിത്രമായിരുന്നു എം. ഭാസ്‌കര്‍ സംവിധാനം ചെയ്ത ഭൈരവി. ഭൈരവിയുടെ കഥയും കലൈജ്ഞാനത്തിന്റേതായിരുന്നു. തങ്കത്തിലെ വൈരം, മിരുതംഗ ചക്രവര്‍ത്തി, ഇലഞ്ചോഡിഗള്‍, കാതല്‍ പടുത്തും പാട്, അന്‍പൈ തേടി തുടങ്ങിയ ചിത്രങ്ങളുടെ കഥയും കലൈജ്ഞാനത്തിന്റേതായിരുന്നു.