രണ്ടാമൂഴം: തന്റെ ഭാഗം കേള്‍ക്കാതെ ഉത്തരവിറക്കരുതെന്ന് സുപ്രീംകോടതിയോട് എം.ടി


DECEMBER 2, 2019, 5:47 PM IST

രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട കേസില്‍ എം.ടി വാസുദേവന്‍ നായര്‍ തടസ്സ ഹര്‍ജിയുമായി സുപ്രീം കോടതിയില്‍. ശ്രീകുമാര്‍ മേനോന്‍ ഹര്‍ജി നല്‍കുന്ന പക്ഷം തന്റെ ഭാഗം കേള്‍ക്കാതെ ഉത്തരവ് ഇറക്കരുതെന്നാണ് എം.ടി ഉന്നയിച്ചിരിക്കുന്നത്.ശ്രീകുമാര്‍ മേനോന്‍ ഹര്‍ജി ഫയല്‍ ചെയ്താല്‍ തന്റെ വാദം കൂടി കേള്‍ക്കാതെ വിധി പ്രസ്താവിക്കരുത് എന്നാണ് എം.ടിയുടെ ആവശ്യം. രണ്ടാമൂഴം നോവല്‍ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ വ്യവസ്ഥ പ്രകാരം കക്ഷികള്‍ തമ്മില്‍ എന്തങ്കിലും തര്‍ക്കമുണ്ടായാല്‍ ആര്‍ബ്രിട്ടേഷന്‍ അതില്‍ നിലനില്‍ക്കുമോ എന്ന് കോഴിക്കോട് മുനിസിഫ് കോടതി തീരുമാനിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

ഈ ഉത്തരവിനെതിരെ ശ്രീകുമാര്‍ മേനോന്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ സാധ്യതയുള്ളതിനാലാണ് മുന്‍കൂറായി തടസ്സ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നതെന്ന് എംടിയുടെ അഭിഭാഷകര്‍ അറിയിച്ചിരിക്കുന്നത്. നിലവില്‍ ശ്രീകുമാര്‍ മേനോന്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടില്ല.

അതേസമയം 'രണ്ടാമൂഴം' നോവല്‍ സിനിമയാക്കാനുള്ള കരാര്‍ ലംഘിച്ചെന്നാരോപിച്ച് എം.ടി. വാസുദേവന്‍ നായര്‍ നല്‍കിയ കേസില്‍ ആര്‍ബിട്രേഷന്‍ നടപടി വേണമെന്ന സംവിധായകന്‍ വി.എ. ശ്രീകുമാറിന്റെ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. കോഴിക്കോട് ഒന്നാം അഡീഷണല്‍ മുന്‍സിഫ് കോടതിയില്‍ എം.ടി. നല്‍കിയ കേസ് നിലനില്‍ക്കുമെന്ന് ജസ്റ്റിസ് സുനില്‍ തോമസ് വ്യക്തമാക്കിയിരുന്നു.ആര്‍ബിട്രേഷനുള്ള കരാര്‍ നിലവിലുണ്ടോയെന്ന കാര്യം ഈ കോടതി പരിശോധിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. എം.ടി. മുന്‍സിഫ് കോടതിയില്‍ നല്‍കിയ കേസിലെ ആവശ്യം ആര്‍ബിട്രേറ്റര്‍ക്ക് അനുവദിക്കാനാവില്ലെന്നും സിവില്‍ കോടതിയിലാണ് തീര്‍പ്പുണ്ടാക്കേണ്ടതെന്നുമുള്ള കീഴ്‌ക്കോടതികളുടെ കണ്ടെത്തല്‍ ഹൈക്കോടതി ശരിവെച്ചു.

രണ്ടാമൂഴം നോവല്‍ സിനിമയാക്കാന്‍ എം.ടി.യും ശ്രീകുമാറും 2014ല്‍ കരാര്‍ ഒപ്പുവെച്ചു. മൂന്നുവര്‍ഷത്തിനുള്ളില്‍ സിനിമ ചെയ്യുമെന്നായിരുന്നു കരാര്‍. ഈ കാലാവധി കഴിഞ്ഞ് ഒരുവര്‍ഷം കൂടി നല്‍കിയിട്ടും സിനിമ യാഥാര്‍ഥ്യമായില്ല. തുടര്‍ന്നാണ് കരാര്‍ലംഘനമാരോപിച്ച് ശ്രീകുമാറിനെതിരേ എം.ടി. കോടതിയെ സമീപിച്ചത്. വാങ്ങിയ പണം തിരികെനല്‍കാമെന്നും രണ്ടാമൂഴം സിനിമയാക്കുന്നത് തടയണമെന്നുമായിരുന്നു ആവശ്യം.

തുടര്‍ന്ന്, ഇതു സിനിമയാക്കുന്നതില്‍നിന്ന് ശ്രീകുമാറിനെ മുന്‍സിഫ് കോടതി വിലക്കി. വിഷയം ആര്‍ബിട്രേഷനു വിടണമെന്ന ആവശ്യവുമായി ശ്രീകുമാര്‍ മുന്‍സിഫ് കോടതിയെയും ജില്ലാ കോടതിയെയും സമീപിച്ചെങ്കിലും ആവശ്യം നിരസിച്ചു.ശ്രീകുമാറിന്റെ ആവശ്യം തള്ളിയെങ്കിലും ആര്‍ബിട്രേഷനുള്ള കരാറും തര്‍ക്കവും നിലവിലുണ്ടെന്ന് ജില്ലാ കോടതി വിലയിരുത്തിയിരുന്നു. ഈ നിരീക്ഷണം തെറ്റാണെന്നും ഇത് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് എം.ടി. ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ശ്രീകുമാറിന്റെ ഹര്‍ജി തള്ളിയതിനൊപ്പം ആര്‍ബിട്രേഷനുള്ള കരാര്‍ നിലവിലുണ്ടെന്ന ജില്ലാ കോടതിയുടെ നിരീക്ഷണം റദ്ദാക്കുകയും എം.ടി.യുടെ ഹര്‍ജി തീര്‍പ്പാക്കിയുമാണ് ഹൈക്കോടതി വിധി.