മാമാങ്കം സിനിമയ്ക്ക് ആധാരമായ കഥ നോവലാക്കി പ്രസിദ്ധീകരിച്ച് മുന്‍ സംവിധായകന്‍ സജീവ് പിള്ള


DECEMBER 2, 2019, 6:42 PM IST

തിരുവനന്തപുരം: മാമാങ്കം സിനിമ പുറത്തിറങ്ങുന്നതിന് തൊട്ടുമുന്‍പ് അപ്രതീക്ഷിത നീക്കവുമായി ഏവരേയും ഞെട്ടിച്ചിരിക്കയാണ് ചിത്രത്തിന്റെ പഴയ സംവിധായകന്‍ സജീവ് പിള്ള. സിനിമയ്ക്ക് ആധാരമായ തന്റെ കഥ അദ്ദേഹം നോവലാക്കി പ്രസിദ്ധീകരിച്ചിരിക്കുന്നു. ഡി.സി ബുക്‌സാണ് മാമാങ്കം നോവലാക്കിയിരിക്കുന്നത്. സജീവ് പിള്ളയെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്.ചതിക്ക് ഉത്തരം ചതി തന്നെയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറയുന്നുണ്ട്. ഇത് ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് മൂവ്‌മെന്റ് ആയി പോയി എന്നും ചിലര്‍ പറഞ്ഞു. മാമാങ്കം സിനിമ ഡിസംബര്‍ 12 ന് തിയേറ്ററില്‍ ഇറങ്ങാനിരിക്കെയാണ് മാമാങ്കം നോവല്‍ പുറത്തിറങ്ങിയിരിക്കുന്നത്.

മാമാങ്കം സിനിമയില്‍ തന്നെ പുറത്താക്കിയതിനെ കുറിച്ചും അണിയറയിലെ ഉള്ളുകളികളെ കുറിച്ചും സജീവ് പിള്ള സോഷ്യല്‍മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. സജീവ് പിള്ളയുടെ ആദ്യ സിനിമ എന്ന നിലയിലായിരുന്നു ചിത്രം തുടങ്ങിയത്.എന്നാല്‍ ഷൂട്ടിംഗ് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ മുതല്‍ സംവിധായകനും നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും അതിനെ തുടര്‍ന്ന് സജീവ് പിള്ളയെ ഈ ചിത്രത്തിന്റെ സംവിധാന ചുമതലയില്‍ നിന്ന് മാറ്റുകയും ചെയ്തിരുന്നു. പിന്നീട് എം. പത്മകുമാര്‍ ചിത്രത്തിന്റെ സംവിധാനം ഏറ്റെടുക്കുകയായിരുന്നു.

അതേസമയം സജീവ് പിള്ളയുടെ പരിചയക്കുറവില്‍ 13 കോടിരൂപയുടെ നഷ്ടമാണ് നിര്‍മ്മാതാവിന് സംഭവിച്ചതെന്നും ആദ്യമേ ഒപ്പിട്ട കരാര്‍ പ്രകാരം പരീക്ഷണാടിസ്ഥാനത്തില്‍ മാത്രമാണ് ചിത്രത്തിന്റെ സംവിധാനം സജീവ് പിള്ളയെ ഏല്‍പിച്ചതെന്നും ഇവര്‍ പറഞ്ഞു. ഷൂട്ട് ചെയ്ത് നിലവാരമില്ലെങ്കില്‍ സംവിധായകനെ മാറ്റാന്‍ നിര്‍മ്മാതാവിന് അവകാശമുണ്ടാകും എന്നാണ് കരാറിലുള്ളത്. അത് പ്രകാരം 23 ലക്ഷം രൂപ സജീവ് പിള്ളയ്ക്ക് നഷ്ടപരിഹാരമായി നല്‍കി എന്നും അണിയറ പ്രവര്‍ത്തകര്‍ വാദിക്കുന്നു. സജീവിനെതിരെ സിനിമ തകര്‍ക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ച് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.എന്നാല്‍ പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരിടത്തുപോലും തിനിക്ക് ക്രഡിറ്റ് നല്‍കാത്തതാണ് സജീവ് പിള്ളയെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്.

 മമ്മൂട്ടിയാണ് ചിത്രത്തില്‍ നായകനാവുന്നത്. മമ്മൂട്ടിയെ കൂടാതെ ഉണ്ണി മുകുന്ദനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ചന്ദ്രോത് പണിക്കര്‍ എന്ന വേഷമാണ് ഉണ്ണി മുകുന്ദന്‍ കൈകാര്യം ചെയ്യുന്നത്. കനിഹ, അനു സിത്താര എന്നിവരാണ് നായികമാര്‍.തരുന്‍ രാജ് അറോറ, പ്രാചി തെഹ്ലന്‍, സുദേവ് നായര്‍, സിദ്ദിഖ്, അബു സലിം, സുധീര്‍ സുകുമാരന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Other News