സിനിമയില്‍ 35 വര്‍ഷം തികച്ച് സല്‍മാന്‍ ഖാന്‍; തോന്നുന്നത് വെറും 35 ദിവസമെന്ന്


AUGUST 27, 2023, 9:38 PM IST

മുംബൈ: സിനിമാ ജീവിതത്തില്‍ സല്‍മാന്‍ ഖാന്‍ 35 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ തനിക്കിത് വെറും 35 ദിവസങ്ങളായാണ് തോന്നുന്നതെന്ന് അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു. 

ഇത്രയും കാലം തനിക്കു നല്‍കിയ സ്‌നേഹത്തിന് നന്ദി പറയുന്നതിനൊപ്പം തന്റെ സിനിമകളിലെ രംഗങ്ങള്‍ കൂട്ടിയിണക്കിയ വിഡിയോയും സല്‍മാന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

1988ല്‍ ബിവി ഹോ തോ ഏസി എന്ന ചിത്രത്തിലൂടെയാണ് സല്‍മാന്‍ സിനിമാ ലോകത്തെത്തിയത്. അതിനു ശേഷം സിനിമയിലും വാര്‍ത്തകളിലും വിവാദങ്ങളിലുമെല്ലാം അദ്ദേഹം നിറഞ്ഞു നിന്നു. 1989ല്‍ പുറത്തിറങ്ങിയ മേനേ പ്യാര്‍ കിയാ എന്ന ചിത്രത്തിലാണ് സല്‍മാന്‍ ആദ്യമായി നായകനായി എത്തിയത്. 

അതിനു ശേഷം ഹം ആപ്‌കേ ഹേ കോന്‍, ഹം ദില്‍ ദേ ചുകേ സനം, ദബാങ്, സുല്‍ത്താന്‍, എക് ദാ ടൈഗര്‍, വാണ്ടഡ് എന്നിങ്ങനെ നിരവധി ഹിറ്റ് സിനിമകള്‍ സല്‍മാന്റെ കരിയറില്‍ ഇടം പിടിച്ചു. കിസി കാ ഭായ് കിസി കാ ജാന്‍ എന്ന ചിത്രമാണ് സല്‍മാന്റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയത്.

Other News