ചെറിഷ് കൊല്ലം
ഈ വന്ന കാലത്തും ബോളിവുഡ് സിനിമകളും ടോളിവുഡ് സിനിമകളും പുരുഷ- താരാരാധനയുടെ കാല്ച്ചുവട്ടില് അമാനുഷിക പുരുഷ ശക്തിയും ആണാധികാരവും പ്രമേയമാക്കി പണത്തിന്റെ ഹുങ്കില്‍ പടം പിടിക്കുന്നത് തുടരുമ്പോള്‍, മലയാള ഭാഷയില്‍ ചെറിയ ബജറ്റില്‍ വലിയ സന്ദേശങ്ങള്‍ നല്കുവാന് ഉദ്ദേശിച്ചു ചിത്രങ്ങള്‍ ഇറക്കുവാന്‍ കുറച്ചെങ്കിലും സിനിമാപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത് അഭിനന്ദനാര്‍ഹം. ജൂഡ് ആന്തണി ജോസെഫ് സംവിധാനം നിര്‍വഹിച്ചു , അന്നാ ബെന്നും സണ്ണി വെയ്നും നായികാ നായകന്മാരായി എത്തുന്ന 'സാറാസ് ' എന്ന ചിത്രം ഓ.ടി.ടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമില്‍ ജൂലൈ മാസം റിലീസ് ചെയ്തിരുന്നു. മായാനദി , ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ സ്ത്രീപക്ഷ സിനിമകളുടെ ശ്രേണിയില്‍ എണ്ണപ്പെടുകയാണ് ഇപ്പോള്‍ സാറാസ് എന്ന സിനിമയും .
ചിത്രത്തിന്റെ ആദ്യ പോസ്റ്ററില്‍ നായികയായ അന്നബെന്നിനെ മാത്രം കാണിക്കുന്നതും, ട്രെയിലറില്‍ നായിക ' എനിക്ക് പ്രസവിക്കണ്ട' എന്ന് എടുത്തു പറയുന്നതും കണ്ടതില്‍ നിന്ന് അതൊരു സ്ത്രീപക്ഷ സിനിമയാണെന്ന് നേരത്തെ തന്നെ തോന്നിയിരുന്നു. ശരീര ഘടനപ്രകാരവും പ്രകൃതിനിയമ പ്രകാരവും പ്രസവിക്കുവാനുള്ള കഴിവ് സ്ത്രീയ്ക്ക് മാത്രമേയുള്ളൂ എന്നതു കൊണ്ട്, സന്തതിപരമ്പരയെ നിലനിര്‍ത്തുവാനുള്ള ഉത്തരവാദിത്തം മറ്റേതൊരു ജീവജാലത്തിനുമുള്ളതു പോലെ തന്നെ മനുഷ്യരിലും സ്ത്രീയ്ക്ക് മാത്രമാണ്. ടെസ്റ്റ് ട്യൂബ്, ബീജ ബാങ്ക്, വാടക ഗര്‍ഭം, തുടങ്ങിയ സാങ്കേതിക വിദ്യകള്‍ വന്നതിന് ശേഷവും ആ അടിസ്ഥാന നൈപുണ്യത്തിനു മാറ്റം വരാഞ്ഞത് കാരണം വൈദ്യ ശാസ്ത്രത്തിനും പരിമിതിയുണ്ടെന്നത് വ്യക്തമായി. സ്ത്രീയുടെ സാന്നിധ്യമില്ലാതെ മനുഷ്യജന്മത്തിനെന്നല്ല ഒരു ജന്മത്തിനും ഉടലെടുക്കാന്‍ സാധിക്കുകയില്ല എന്നിരിക്കെ പരമ്പരാഗത പുരുഷാധിപത്യ വ്യവസ്ഥിതിയെ കുറഞ്ഞ പക്ഷം സിനിമയിലൂടെയെങ്കിലും ചോദ്യം ചെയ്യാതെ തരമില്ല. അതാണ് ' സാറാസ്'' എന്ന സിനിമയുടെയും ലക്ഷ്യം.
സത്യവേദ പുസ്തകത്തിന്റെ പഴയ നിയമത്തിലെ സ്ത്രീരത്നമായി കരുതപ്പെടുന്ന അബ്രഹാമിന്റെ ഭാര്യയായ സാറാ, യഹോവയുടെ അരുളപ്പാടു പ്രകാരം തന്റെ തൊണ്ണൂറാം വയസില്‍ ഗര്‍ഭിണിയാവുകയും ദൈവജനത്തിന്റെ സന്തതി പരമ്പരയുടെ മാതാവാകുകയും ചെയ്തെന്നു എഴുതപ്പെട്ടിരിക്കുന്നു. എന്നാല്‍ ബൈബിളിലെ സാറാ അല്ല സിനിമയിലെ സാറാ.
സ്കൂളിലെ പഠിക്കുമ്പോള്‍ തന്നെ അവള്‍ക്കു ലൈംഗിക വിദ്യാഭ്യാസം ലഭിക്കുന്നു. പ്രസവത്തോടുള്ള ഭയപ്പാട് കാരണം പ്രസവം തന്നെ വേണ്ടെന്നു തീരുമാനിക്കുകയും അതംഗീകരിക്കാത്ത ആണ് സുഹൃത്തിനെ ഉപേക്ഷിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് പഠിക്കുന്ന കാലത്തു വേറെയും അനവധി ആണ് സുഹൃത്തുക്കള്‍. പുകവലിക്കും , മൂക്കറ്റം മദ്യപിക്കും, പാതിരാത്രി തട്ടുകടയില്‍ ഭക്ഷണം കഴിക്കും. അങ്ങനെ സ്വന്തമായി സിനിമ സംവിധാനം ചെയ്യുക എന്ന ലക്ഷ്യവുമായി നടക്കുന്ന സാറാ ആ അന്വേഷണത്തിനിടയിലാണ് സമാനചിന്താഗതിയുള്ള ജീവനുമായി സൗഹൃദത്തിലാകുന്നത്. വിവാഹത്തെ മുന്‍പ് തന്നെ കാമുകനുമായി നഗരം ചുറ്റുന്ന സാറാ, വാഗമണ്ണിലെ ഷൂട്ട് ലൊക്കേഷനില്‍ അയാളുമൊത്തു ഹോട്ടലില്‍ താമസിക്കുന്നതിനും മടി കാണിക്കുന്നില്ല.
നായകനും നായികയും നഗരം ചുറ്റുന്ന സമയത്തു കേള്‍ക്കുന്ന ' വരവായി നീ എന്‍ ജീവനില്‍.. ' എന്ന ഇമ്പമാര്‍ന്ന യുഗ്മ ഗാനം ആലപിച്ചിരിക്കുന്നത് , വിനീത് ശ്രീനിവാസനും അദ്ദേഹത്തിന്റെ ഭാര്യയായ ദിവ്യ വീനീതുമാണ് . കേവലം വീട്ടമ്മയായി ഒതുങ്ങിക്കഴിയാതെ ഈ ഗാനത്തിലൂടെ ചലച്ചിത്ര പിന്നണിഗാന രംഗത്തേക്കുള്ള ദിവ്യയുടെ ആദ്യ ചുവടുവയ്പ്പ് കേവലം യാദൃച്ഛികല്ലെന്നും, മറിച്ച് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സിനിമയെന്ന മാധ്യമത്തിലൂടെ മുന്നോട്ടു വയ്ക്കുന്ന പരിവര്‍ത്തന രാഷ്രീയം, കേവലം അഭ്രപാളികളില്‍ ഒതുങ്ങുന്നതല്ലെന്നുള്ള സന്ദേശമാണ് പൊതുസമൂഹത്തിനു നല്‍കുന്നത്. ചിത്രത്തില്‍ ജീവന്റെ അമ്മയായ റീത്താമ്മയുടെ വേഷമിടുന്ന മല്ലിക സുകുമാരനും യഥാര്‍ത്ഥ ജീവിതത്തില്‍ പ്രതാപികളായ മക്കളുടെ തണലില്‍ കഴിയാന്‍ കൂട്ടാക്കാതെ സ്വതന്ത്രമായി ജീവിച്ചു കാണിച്ച സുന്ദര വ്യക്തിത്വത്തിന്റെ ഉടമയാണ്. മക്കളൊക്കെ വലിയ പട്ടണങ്ങളില്‍ ജോലിചെയ്യുമ്പോള്‍ റീത്താമ്മ, മലനാട്ടിലെവിടെയോ കൃഷിയില്‍ വ്യാപൃതയായി ഒറ്റക്കൊരു വലിയ വീട്ടില്‍ കഴിയുകയാണ്.
സാറാ എന്ന കഥാപാത്രത്തെ ഒരു പ്രത്യേക തരത്തില്‍ വരച്ചിടുന്ന സമയത്തുതന്നെ റീത്താമ്മയെപ്പോലെ വിവിധ സാമൂഹ്യ സാഹചര്യത്തിലും വ്യത്യസ്ത ജീവിത ഘട്ടങ്ങളിലുമുള്ള മറ്റു കഥാപാത്രങ്ങളെയും ചിത്രത്തില്‍ കാണാം. സാറാ കേന്ദ്ര കഥാപാത്രമായതു കൊണ്ട് സാറയുടെ നിലപാടാണ് ചിത്രത്തിന്റെ നിലപാടെന്നു ശരാശരി പ്രേക്ഷകന് ധരിക്കാമെങ്കിലും, ഒരു താരതമ്യത്തിനുള്ള ഇടം കൊടുത്തു കൊണ്ട് അനുയോജ്യമായത് തെരഞ്ഞെടുക്കുവാനുള്ള അവസരം നല്കുവാന് സംവിധായകന് ശ്രമിക്കുന്നെന്ന് വേണം കരുതുവാന്‍.
സന്ധ്യ ഫിലിപ് എന്ന ഫോറന്‍സിക് വിദഗ്ധയുടെ വീടിന്റെ ചുവരില്‍ മാലയിട്ട ഒരാളുടെ ചിത്രം കാണാം. തന്റെ ഭര്‍ത്താവിന്റെ അകാലവിയോഗത്തോടെ വിധവയായി, ഒറ്റയ്ക്ക് രണ്ടു പിഞ്ചു കുട്ടികളെ പോറ്റിവളര്‍ത്തുവാന്‍ പ്രയാസപ്പെടുന്നതിനാല്‍ സന്ധ്യ, സഹോദരനായ ജീവനെ ബാംഗളൂരില്‍ നിന്നും നാട്ടിലേക്ക് വിളിച്ചു വരുത്തി കൂടെ താമസിപ്പിക്കുന്നതും, ജീവന് മനസില്ലാമനസോടെ കുട്ടികളെ നോക്കി വീട്ടിലിരിക്കുകയും ചെയ്യുന്ന സമയത്താണ് നായികയുടെ രംഗപ്രവേശം. കുട്ടികളെ കൈകാര്യം ചെയ്യാന്‍ അറിയാത്ത സാറാ കാണുന്നത്, നിര്‍ത്താതെ കരയുന്ന കുട്ടി തന്റെ അമ്മയെ കാണുമ്പോള്‍ കരച്ചില് നിര്‍ത്തുന്നതാണ്. ' ഇതിനു സ്വിച്ച് ഉണ്ടായിരുന്നോ ' എന്ന് പറയുന്ന സാറാ എങ്ങനെ നല്ല പേരന്റ് ആകണം എന്ന് തുടക്കത്തിലേ മനസ്സിലാക്കുന്നുണ്ട്.
ജീവന് എന്ന വ്യക്തിയില്‍ സമാന ചിന്താഗതിയുള്ള തന്റെ ഭാവി ഭര്‍ത്താവിനെ കണ്ടെത്തിയ സാറ അയാളെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നു . 'നമുക്കൊരാളോട് ഇഷ്ടമുണ്ടെങ്കില്‍ അത് നേരത്തെ പറഞ്ഞാല്‍ അത്രയും നാള് കൂടി അയാളോടൊപ്പം ജീവിക്കാമല്ലോ ' എന്ന് വിധവയായ സന്ധ്യ, നായികയെ ഉപദേശിക്കുന്നത് , പരമ്പരാഗതമായി പുരുഷന്മാരെ ആശ്രയിച്ചു ജീവിക്കുന്ന സ്ത്രീകളുള്ള സമൂഹത്തെയാണ് വരച്ചിടുന്നത്. നായിക ആ ഉപദേശം സ്വീകരിക്കാതെ ആ വിവാഹം അല്പം താമസിപ്പിച്ചിരുന്നെങ്കില്‍ ഈ കോലാഹലങ്ങളുടെ ആവശ്യമൊന്നും ഉണ്ടായിരുന്നില്ലെന്ന് ചിത്രം കണ്ടു കഴിയുമ്പോള്‍ സ്വാഭാവികമായും തോന്നും.
സാറയുടെ മാതാപിതാക്കള്‍, സാറയെ സ്വതന്ത്ര ചിന്താഗതിയില്‍ ജീവിക്കാന്‍ അനുവദിക്കുന്ന പുരോഗമന വാദികളാണെങ്കിലും സമൂഹത്തില്‍ നിലനില്‍ക്കുന്ന പരമ്പരാഗത രീതികളോട് കലഹിക്കാതെ സമരസപ്പെട്ടു പോകാന്‍ ആഗ്രഹിക്കുന്ന സമാധാനപ്രിയരാണ്. അത് കൊണ്ടായിരിക്കണം, നാട്ടുനടപ്പനുസരിച്ചുള്ള പതിവ് പെണ്ണുകാണലും ആര്‍ഭാട വിവാഹവും സ്വീകരണവുമൊക്കെയായി വലിയ വിപ്ലവമൊന്നുമില്ലാതെയുള്ള വിവാഹമായിരുന്നു ഈ കോവിഡ് കാലത്തും സാറായുടേത്. ഇത്തരത്തില്‍ ചില വൈരുധ്യങ്ങളും ചിത്രത്തില്‍ കണ്ടെത്തുവാനാകും. സാറയുടെ അച്ഛനായി ചിത്രത്തില്‍ അഭിനയിക്കുന്നത് , പ്രമുഖ തിരക്കഥാകൃത്തും മുന്‍കാല നാടക നടനുമായ ബെന്നി പി നായരമ്പലം ആണ്. അതായത് അന്നാ ബെന്നിന്റെ സ്വന്തം പിതാവ്. അഭിനേത്രി എന്ന നിലയില്‍ മകള്‍ക്കു ആവശ്യമായ തൊഴില്‍ സ്വാതന്ത്ര്യം നല്കുന്ന അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍.
വിവാഹത്തിന് മുന്‍പ് സ്ഥിരം പണിയൊന്നുമില്ലാതിരുന്ന ജീവന് വിവാഹാലോചന വന്നപ്പോള്‍ താനേ ഉത്തരവാദിത്തം വരികയും ജോലിയില്‍ വീണ്ടും പ്രവേശിക്കുകയും ചെയ്യുന്നു. വിവാഹ ശേഷം സ്വന്തമായി ഫ്ലാറ്റ് വാങ്ങി ഭാര്യയോടൊപ്പം ജീവിതം തുടരുന്ന ജീവന് സ്ഥാനക്കയറ്റം ലഭിക്കുകയും ജീവിതം സുസ്ഥിരമാകുകയും ചെയ്തെങ്കിലും കരിയറിന്റെ തുടക്കത്തില്‍ വെല്ലുവിളികള്‍ നേരിടുകയാണ് സാറ.
തന്റെ സിനിമയ്ക്ക് നിര്‍മാതാവിനെ കണ്ടത്താനുള്ള പ്രയാണത്തില്‍ സാറാ കണ്ടുമുട്ടുന്ന നിര്‍മ്മാതാക്കള്‍ എല്ലാവരും പുരുഷന്മാരാണ്. അവരില്‍ ചിലര്‍ കാസ്റ്റിംഗ് കൗച്ചിന് ശ്രമിക്കുന്നവരും അത്തരത്തില്‍ ദുരുദ്ദേശമുള്ള ഒരാള്‍ 'മീ ടൂ ' കാമ്പയിനിന്റെ ഭാഗമായി ലൈംഗിക ആരോപണങ്ങള്‍ നേരിടുന്നതും കാണാം. പക്ഷെ യഥാര്‍ത്ഥത്തില്‍ 'സാറാസ് ' എന്ന സിനിമയുടെ നിര്‍മാതാവ് , ശാന്ത മുരളി എന്ന വനിതയാണെന്നുള്ള വൈരുധ്യവും ചിത്രത്തിനുണ്ട്. മലയാള ചലച്ചിത്ര രംഗത്തു കാലാകാലങ്ങളായി നിലനില്‍ക്കുന്ന പുരുഷാധിപത്യം അടുത്തകാലത്തായി വിമര്‍ശിക്കപ്പെടുകയും വനിതാ കൂട്ടായ്മ്മയിലൂടെ എതിര്‍ക്കപ്പെടുകയും ചെയ്തതാണെങ്കിലും, സ്ത്രീവിരുദ്ധത പോലെ തന്നെ സമൂഹത്തില്‍ എതിര്‍ക്കപ്പെടേണ്ടുന്ന ഒന്നാണ് അന്ധമായ പുരുഷ വിരുദ്ധത.
തന്റെ സിനിമാ സെറ്റില്‍ വച്ച് കാരവനില്‍ നിന്നിറങ്ങി വരുന്ന അഹങ്കാരിയായ സൂപ്പര്‍ സ്റ്റാറിന്റെ പിടിവാശിക്കു മുന്നില്‍ മുട്ട് കുത്തുന്ന ദുരബലയായ സാറായാണ് ഗര്‍ഭസ്ഥ ശിശുവിനെ വേണ്ടെന്നു വയ്ക്കുന്ന ഏകപക്ഷീയവും നിര്‍ണായകവുമായ തീരുമാനത്തില്‍ ഭര്‍ത്താവായ ജീവനോട് കലഹിക്കുന്നത്. 'എന്നെ തൊട്ടതു മതി' എന്ന് പറയുന്നതിലൂടെ ആണും പെണ്ണും തമ്മിലുള്ള പരസ്പര ആകര്‍ഷണത്തിന്റെ പരമകോടിയില്‍ ഉല്‍പ്പന്നമായ ഗര്‍ഭത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം തന്റെ പുരുഷന്റെ മേല്‍ മാത്രം ചുമത്തി ഒളിച്ചോടാനാണ് പങ്കാളിയായ സാറയുടെ ശ്രമം. ഉഭയസമ്മതപ്രകാരം രതിയിലേര്‍പ്പെട്ട ശേഷം പീഡനത്തിന്റെ ആരോപണം കേള്‍ക്കേണ്ടി വന്ന നിരവധി പുരുഷന്മാരുള്ള സമൂഹത്തില്‍, സാറയുടെ നിലപാടും സമാനമായതു തന്നെ. ഇങ്ങനെ ഒരേ വിഷയത്തില്‍ വ്യത്യസ്തമായ നിലപാടെടുക്കുന്ന സാറയെ ഉത്തമയായ വനിതയെന്ന ഗണത്തില്‍പ്പെടുത്താന്‍ കഴിയില്ല.
സ്ത്രീ മേധാവിത്വമുള്ള വൈദ്യശാസ്ത്ര മേഖലയാണ് കേരളത്തില്‍ ഗൈനെക്കോളജിയെങ്കിലും ജീവന്- സാറാ ദമ്പതികള്‍ വൈദ്യ പരിശോധനയ്ക്കു സമീപിക്കുന്നത് ഹാഫിസ് എന്ന പുരുഷ ഡോക്ടറെയാണ്; അവിടെയും വൈരുധ്യം. ' മോശം രക്ഷാകര്‍ത്താവ് ആകുന്നതിലും നല്ലതു രക്ഷാകര്‍ത്താവ് ആകാതിരിക്കുന്നതാണ് ' എന്ന തല തിരിഞ്ഞ ഉപദേശമാണ് വിദഗ്ധ ഡോക്ടര്‍ നല്‍കുന്നത്. അതായത് ഗര്‍ഭചിദ്രം നടത്തണമെന്ന് ! ഗര്‍ഭഛിദ്രം നിയമപരമായി നിരോധിക്കുവാന്‍ വികസിത രാജ്യങ്ങളില്‍ ആലോചന നടക്കുന്ന സമയത്താണ് ഈ പിന്തിരിപ്പന് ആശയത്തിന്റെ പ്രചാരണം. ഒരു പൂവിറുക്കുന്ന ലാഘവത്തോടെ ചെയ്യാവുന്നതല്ല ഗര്ഭച്ഛിദ്രമെന്നും അത് സ്ത്രീ ശരീരത്തെ ദോഷകരമായി ബാധിക്കുമെന്നും , ഭാവിയില്‍ വീണ്ടും ഗര്‍ഭം ധരിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുമെന്നും , കരിയറും ഗര്‍ഭവും ഒന്നിച്ചു കൊണ്ട് പോകേണ്ടതാണെന്നും ഉപദേശിക്കേണ്ട ഡോക്ടര്‍ തന്നെയാണ് തെറ്റായ ഉപദേശം നല്കിയ ഈ ചിത്രത്തിലെ വില്ലന്‍. സ്ത്രീ സമത്വവും സ്ത്രീ സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കുന്ന സമയത്തു തന്നെ, തത്തുല്യമായ മറ്റു സാമൂഹ്യമൂല്യങ്ങള്‍ വിസ്മരിക്കപ്പെടുന്നതിന്റെ ഉദാഹരണമാണ് ഈ സന്ദര്‍ഭം. ' എന്റെ ശരീരം, എന്റെ സ്വാതന്ത്ര്യം ' എന്ന പുരോഗമന നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന സ്ത്രീപക്ഷ വാദത്തില്‍, കേവലം വസ്ത്രധാരണം പോലെ ഒതുക്കാവുന്ന ഒന്നല്ല ഗര്‍ഭധാരണം. ഗര്‍ഭം ഒഴിവാക്കുവാന്‍ നായിക ഏകപക്ഷീയമായി തീരുമാനിക്കുമ്പോള്‍, നിസ്സഹായനായ നായകന് തന്റെ ഇഷ്ടത്തിന് വിരുദ്ധമായി അവളുടെ തീരുമാനത്തിന് വഴങ്ങുന്നു. അവിടെ ഒരു സമവായം രൂപപ്പെടുന്നില്ല.
മലയാള സിനിമയുടെ ഉത്ഭവം മുതല്‍ നാളിതു വരെ ആവര്‍ത്തിക്കുന്ന ക്ളീഷേ സീനുകള്‍ ഈ സിനിമയിലും കാണാം. മനം പുരട്ടലോടെ ചര്ദിക്കുമ്പോളാണ് താന്‍ ഗര്‍ഭിണിയാണെന്ന് സാറാ തിരിച്ചറിയുന്നത്. സാധാരണ ഒന്‍പതു മുതല്‍ പതിനാലു ആഴ്ച വരെയുള്ള ഗര്‍ഭ കാലത്താണ് മനംപുരട്ടലുണ്ടാകുന്നത്. എല്ലാവരിലും അത് കാണണമെന്നുമില്ല. ഏതു മെഡിക്കല്‍ സ്റ്റോറിലും കിട്ടുന്ന പ്രെഗ്നന്‍സി ടെസ്റ്റിന്റെ കിറ്റ് ഉപയോഗിച്ച് സ്ഥിരീകരിക്കാവുന്നതേയുള്ളൂ ഗര്‍ഭം എന്നിരിക്കെ ഈ മനംപുരട്ടല്‍ അഭ്യാസം വേണ്ടിയിരുന്നില്ല.
ഇനി ക്ലൈമാക്സിലേക്ക് പോകാം : സാറ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ സിനിമയുടെ കന്നി പ്രദര്‍ശനം നടക്കുന്ന തിയേറ്ററിന്റെ പുറത്തു കസേരയില്‍ ഇരിക്കുന്ന നായകന്, ലേബര്‍ റൂമിന്റെ വെളിയില്‍ ഭാര്യയുടെ കന്നിപ്രസവം കാത്തു ആകാംക്ഷയോടിരിക്കുന്ന ഭര്‍ത്താവിന്റെ അതെ അവസ്ഥയാണ്. പ്രേക്ഷകരുടെ പ്രതികരണമറിയാന്‍ അക്ഷമനായി ഇരിക്കുന്ന നായകന്റെ മുന്നിലേക്ക് വാതില്‍ തുറന്നെത്തുന്നത് തിയേറ്ററില്‍ കരയുന്ന കൈക്കുഞ്ഞുമായി പുറത്തേക്കുവരുന്ന ഒരു പ്രേക്ഷകനെയാണ്. ഒടുവില്‍, സുഖ പ്രസവത്തിന്റെ വാര്‍ത്ത പോലെ നല്ല സിനിമയെന്ന പ്രതികരണം വന്നപ്പോഴാണ് നായകനും സമാധാനമായത്. അഞ്ജലി എന്ന ഒരു മുന്‍കാല പ്രമുഖ സിനിമാനടി വിവാഹ ശേഷം സിനിമ രംഗം വിട്ടുപോയെങ്കിലും ഒരു പ്രസവത്തിനു ശേഷം, സാറാ സംവിധാനം ചെയ്യുന്ന സിനിമയിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തുന്നുണ്ട് . വിവാഹം കരിയറിന്റെ അവസാനമല്ല എന്നതാണ് സന്ദേശം. ' എന്താണ് അടുത്ത പ്രൊജക്റ്റ് ?'' എന്ന മാധ്യമപ്രവര്‍ത്തകരുടെ പതിവ് ചോദ്യത്തിന് സാറാ മറുപടി ഒന്നും പറയുന്നില്ല. അത് അടുത്ത സിനിമയോ അല്ലെങ്കില്‍ ഒരു കന്നി പ്രസവമോ ആകാം: ഏതു വേണമെന്നുള്ളത് തെരഞ്ഞെടുക്കാന്‍ കഥാകൃത്ത് പ്രേക്ഷകര്‍ക്ക് വിട്ടു കൊടുക്കുകയാണ്. അതേ സമയം, നിലവില്‍ നാല് പ്രസവം കഴിഞ്ഞുനില്ക്കുന്ന ലിസിയെന്ന യുവതിയോട് വീണ്ടും കടന്നു കൂടുന്ന ഭര്‍ത്താവിനെ ചവിട്ടി ഓടിക്കുന്നിടത്തു ചിത്രം അവസാനിക്കുന്നു.
മലയാള സിനിമ ഇന്ന് കടന്നു പോകുന്നത് ഒരു പരിണാമ ചക്രത്തിലൂടെയാണ്. ഒരു കാലത്ത് ആണധികാരവും പുരുഷാധിപത്യവും നായക സങ്കല്പങ്ങളായി നിന്നിടം, ഇന്ന് സ്ത്രീ വിരുദ്ധതയെ എതിര്‍ക്കുന്ന സ്ത്രീ സ്വാതന്ത്ര്യം ആഘോഷിക്കുന്ന നായിക സങ്കല്‍പ്പത്തിലേക്കു വഴിമാറുന്നു. കാലക്രമേണ, അത് പെണ്ണാധികാരത്തിലൂടെ പുരുഷ വിരുദ്ധതയില്‍ എത്തുമ്പോള്‍ ഒരു കാലചക്രം അവസാനിക്കും