പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക്; മുടങ്ങിയ ചിത്രങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സഹകരിക്കുമെന്ന് ഷെയ്ന്‍ നിഗം


DECEMBER 8, 2019, 2:59 PM IST

കൊച്ചി: മുടങ്ങിയ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് നടന്‍ ഷെയ്ന്‍ നിഗം. തന്റെ കാര്യങ്ങള്‍ക്ക് നീതി ലഭിക്കണം. എല്ലാം ശുഭമായി അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷെയ്ന്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം നടന്‍ സിദ്ദീഖിന്റെ മധ്യസ്ഥതയില്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഷെയ്‌നുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.

സ്വകാര്യ ചര്‍ച്ചകളാണ് കഴിഞ്ഞ ദിവസം നടന്നത്. തന്റെ എല്ലാകാര്യങ്ങളും ചര്‍ച്ചയില്‍ സംസാരിച്ചിട്ടുണ്ട്. ജീവിതത്തില്‍ ശുഭപ്രതീക്ഷയുള്ള ആളാണ് ഞാന്‍. ചര്‍ച്ചയിലും ശുഭപ്രതീക്ഷ തന്നെയാണ്. എല്ലാം നന്നായി അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഷെയ്ന്‍ വ്യക്തമാക്കി.

ഷെയ്ന്‍ പറയുന്ന കാര്യങ്ങളില്‍ വസ്തുതയുണ്ടെന്നാണ് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കഴിഞ്ഞ ദിവസം ചര്‍ച്ചയ്ക്ക് ശേഷം അറിയിച്ചത്. ഇക്കാര്യത്തെക്കുറിച്ച് ഇനി ഫെഫ്ക്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവരുമായി ചര്‍ച്ച നടത്തി അവരുടെ നിലപാട് കൂടി അറിയണമെന്നാണ് അദ്ദേഹം അറിയിച്ചത്.

Other News