സുശാന്ത് സിംഗ് രജ്പുത്തും റിയയും യൂറോപ്യന്‍ സന്ദര്‍ശനം നടത്തിയി; തിരികെ വന്നത് അസ്വസ്ഥനായി


AUGUST 1, 2020, 6:27 AM IST

മുംബയ്: അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രജ്പുത്തും ബോളിവുഡ് നടി റിയ ചക്രബര്‍ത്തിയും ഒക്ടോബറില്‍ യൂറോപ്യന്‍ സന്ദര്‍ശനം നടത്തിയിരുന്നുവെന്നും സുശാന്ത് തിരികെ വന്നത് അസ്വസ്ഥനായാണെന്നും സുശാന്തിന്റെ വീട്ടുജോലിക്കാരനായ നീരജ്. ബീഹാര്‍ പൊലീസിന് നല്‍കിയ മൊഴിയിലാണ് ഇയാള്‍ ഇക്കാര്യം വ്യക്തമാക്കിയത്. നീരജ് സുശാന്തിന്റെ കൂടെ കഴിഞ്ഞ മെയ് മുതല്‍ ജോലി ചെയ്തു വരികയാണ്.

കഴിഞ്ഞ ഒക്ടോബറില്‍ സുശാന്തും റിയയും യൂറോപ്യന്‍ സന്ദര്‍ശനം നടത്തിയിരുന്നുവെന്നും തിരികെ വന്നത് മുതല്‍ സുശാന്ത് അസ്വസ്ഥനായിരുന്നുവെന്നും നീരജ് പറഞ്ഞു. യൂറോപ്യന്‍ സന്ദര്‍ശനം കഴിഞ്ഞെത്തിയ സുശാന്ത് റിയയോടൊപ്പമായിരുന്നു താമസം. പിന്നീട് ബാന്ദ്രയിലെ വീട്ടിലേക്ക് താമസം മാറുകയും ജൂണ്‍ 14ന് ഇവിടെ നിന്ന് മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.

അന്നത്തെ ദിവസം നടന്ന എല്ലാ കാര്യങ്ങളും നീരജ് പൊലീസിനോട് പറഞ്ഞു. നീരജിന്റെ മൊഴി പ്രകാരം സുശാന്ത് രാവിലെ ഏഴ് മണിയോടെ എഴുനേല്‍ക്കുകയും തന്നോട് തണുത്ത വെളളം ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നീട് സുശാന്തിന് ജൂസ് നല്‍കിയിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം ഉച്ച ഭക്ഷണത്തെ കുറിച്ച് ചോദിക്കാന്‍ എത്തിയപ്പോള്‍ സുശാന്ത് വാതില്‍ തുറന്നിരുന്നില്ല. ഏറെ നേരമായിട്ടും സുശാന്തിന്റെ പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് വാതില്‍ ചവുട്ടി തുറക്കുകയും മരിച്ച നിലയില്‍ കാണുകയായിരുന്നുവെന്നും നീരജ് പറഞ്ഞു.

നീരജിന് മുമ്പ് സുശാന്തിന്റെ വീട്ടുജോലിക്കാരനായ അശോക് കുമാറിന്റെ മൊഴി ബീഹാര്‍ പൊലീസ് രേഖപ്പെടുത്തി. താന്‍ സുശാന്തിനോടൊപ്പമുണ്ടായിരുന്ന സമയത്ത് അദ്ദേഹം വിഷാദരോഗത്തിന് മരുന്ന് കഴിക്കുന്നത് കണ്ടിട്ടില്ലെന്ന് അശോക് വെളിപ്പെടുത്തി. അതോടൊപ്പം സുശാന്തിന് ആരുമായും പ്രശ്നങ്ങളോ വഴക്കുകളോ ഉണ്ടായിരുന്നില്ലെന്നും അശോക് കൂട്ടിച്ചേര്‍ത്തു. തുടര്‍ച്ചയായി സിനിമയില്‍ അഭിനയിക്കുന്നതിനാല്‍ ബ്രേക്ക് എടുക്കണമെന്ന് സുശാന്ത് പറഞ്ഞിരുന്നതായും ഇയാള്‍ മൊഴി നല്‍കി.

Other News