സുശാന്ത് വാക്കു പാലിച്ചു; വികാരാധീനനായി ദില്‍ ബേച്ചാരേ സംവിധായകന്‍ മുകേഷ് ചബ്ര


JULY 5, 2020, 7:59 AM IST

മുംബൈ: കാസ്റ്റിംഗ് ഡയറക്ടറായിരുന്ന മുകേഷ് ചബ്രായുടെ പ്രഥമ സംവിധാന സംരംഭമാണ് അടുത്തിടെ വിട പറഞ്ഞ സുശാന്ത് സിങ്ങ് രാജ്പുത് അഭിനയിച്ച അവസാന ചിത്രമായ ദില്‍ ബേച്ചാരേ.  ഈ സിനിമ തന്റെ ജീവിതത്തില്‍ വിശ്വാസത്തിന്റേയും സൗഹൃദത്തിന്റേയും സാക്ഷ്യമാണെന്നു വികാരാധീനനായിപറയുന്നു മുകേഷ് ചബ്രാ. ശക്തമായ ആത്മ ബന്ധമായിരുന്നു ഇരുവരും തമ്മില്‍. സുശാന്തിന് 'കൈ പൊ ചെ' എന്ന സിനിമയിലൂടെ വലിയ വഴിത്തിരിവുണ്ടാക്കി കൊടുത്തത് പ്രസ്തുത ചിത്രത്തിന്റെ കാസ്റ്റിംഗ് ഡയറക്ടറായിരുന്ന മുകേഷാണ്. സംവിധായക മോഹം മനസ്സില്‍ സൂക്ഷിച്ചു നടന്നിരുന്ന ആളായിരുന്നു മുകേഷ് ചബ്രാ. ആ സമയത്ത് മുകേഷ് സിനിമ ചെയ്യുകയാണെങ്കില്‍ താന്‍ നിരുപാധികം വന്ന് അഭിനയിച്ചു തരാം എന്ന് വാഗ്ദാനം നല്‍കുകയും 'സുശാന്ത് ഏഴു വര്‍ഷത്തിനു ശേഷം താന്‍ സിനിമയില്‍ കത്തി നില്‍ക്കുന്ന സമയത്ത് മുകേഷ് സമീപിച്ചപ്പോള്‍ തന്നെ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു.

'ഞാന്‍ ദില്‍ ബേച്ചാരേ പ്രോജക്റ്റുമായി സമീപിച്ചപ്പോള്‍ കഥയോ കാര്യങ്ങളോ ഒന്നും ചോദിക്കാതെയാണ് സുശാന്ത് അഭിനയിക്കാമെന്ന് സമ്മതിച്ചത്. വലിയ താരങ്ങളെ ആശ്രയിക്കാതെ തന്നിലെ സംവിധായകന്റെ മനസ്സുമായി യോജിച്ചു പോകുന്ന ഒരാളായിരിക്കണം എന്റെ നായകന്‍ എന്ന് തീര്‍ച്ചപ്പെടുത്തിയ എനിക്ക് സുശാന്തിനെ കിട്ടിയത് മഹാഭാഗ്യം തന്നെയായിരുന്നു. അദ്ദേഹം സെറ്റില്‍ വെച്ച് എന്നെ വളരെയധികം സഹായിച്ചു. ഞങ്ങള്‍ ഒന്നിച്ചിരുന്നു ചര്‍ച്ച ചെയ്തു. ഓരോ രംഗവും ചിത്രീകരിച്ചു. നല്ലൊരു മനുഷ്യന്‍, നടന്‍ എന്നതിലുപരി നല്ലൊരു ക്രിയേറ്ററും സുശാന്തില്‍ ഉണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞ മുഹൂര്‍ത്തങ്ങള്‍ കൂടിയായിരുന്നു അത്.

ഞാന്‍ പ്രതീക്ഷിച്ചതിനപ്പുറം നല്ലൊരു പ്രോജക്റ്റായി മാറി ദില്‍ ബേച്ചാരേ. അതിനു കാരണം എന്റെ ആത്മ സുഹൃത്തിന്റെ സഹായ സഹകരണമാണ്. ചിത്രം ജൂലൈ 24ന് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ റിലീസ് ചെയ്യുമെന്ന് അറിയിച്ചതോടെ കിട്ടിയ ആരാധക പ്രതികരണം ഏറെ സന്തോഷം പകര്‍ന്നു നല്‍കുന്നതാണ്. ആ സന്തോഷം പങ്കുവെക്കാന്‍ സുശാന്ത് ഒപ്പം ഇല്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ദുഃഖം സഹിക്കവയ്യ.'- മുകേഷ് ചബ്ര ദുഃഖിതനായി പറഞ്ഞു.

സഞ്ജനാ സംഘിയും സെയിഫ് അലി ഖാനുമാണ് ചിത്രത്തില്‍  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുകേഷ് ചബ്ര സംവിധാനം ചെയ്ത പ്രഥമ ചിത്രമായ ദില്‍ ബേച്ചാരേയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എ ആര്‍ റഹ്മാനാണ്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ജോണ്‍ ഗ്രീന്‍സിന്റെ 'ദി ഫോള്‍ട് ഇന്‍ അവര്‍ സ്റ്റാര്‍സ്' എന്ന പ്രസിദ്ധമായ നോവലിന്റെ ചലച്ചിത്ര ആവിഷ്‌ക്കാരമാണ് ദില്‍ ബെച്ചാരാ.

Other News