മോഡി കൃഷ്ണനും അമിത് ഷാ അര്‍ജ്ജുനനുമെന്ന് രജനീകാന്ത്, വിമര്‍ശനവുമായി കോണ്‍ഗ്രസ്


AUGUST 13, 2019, 2:46 PM IST

ചെന്നൈ: ആര്‍ട്ടിക്കിള്‍ 370 റദ്ദുചെയ്ത് കാശ്മീരിന്റെ പ്രത്യേകാവകാശങ്ങള്‍ എടുത്തുകളഞ്ഞ നടപടിയെ പ്രശംസിക്കവേ നടന്‍ രജനീകാന്ത് നടത്തിയ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ്. മോഡിയെ കൃഷ്ണനോടും അമിത് ഷായെ അര്‍ജ്ജുനനോടുമുപമിച്ചായിരുന്നു രജനീകാന്തിന്റെ പ്രശംസ. പ്രസ്താവനയ്ക്ക് പിന്നാലെ മഹാഭാരതം ശരിയായ രീതിയില്‍ ഒന്നുകൂടി വായിക്കാന്‍ ആവശ്യപ്പെട്ട് തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ എസ് അളഗിരി രംഗത്തെത്തി. ഇത്തരമൊരു പ്രതികരണം രജനികാന്തില്‍നിന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും പ്രതികരണം തന്നെ ഞെട്ടിച്ചുവെന്നും കെ എസ് അളഗിരി പറഞ്ഞു. 

എങ്ങനെയാണ് കോടിക്കണക്കിന് ആളുകളുടെ അവകാശങ്ങള്‍ തട്ടിപ്പറിച്ചവര്‍ക്ക്  കൃഷ്ണനും അര്‍ജുനനും ആകാന്‍ സാധിക്കുക? പ്രിയപ്പെട്ട രജനികാന്ത്, ദയവായി മഹാഭാരതം ഒന്നുകൂടി വായിക്കൂ. ദയവായി വീണ്ടും ശ്രദ്ധിച്ചു വായിക്കൂഅളഗിരി പറഞ്ഞു. ജമ്മു കശ്മീരിനുണ്ടായിരുന്നതിനു സമാനമായ പ്രത്യേക അവകാശങ്ങള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുമുണ്ട്. എന്നാല്‍ ഇവയെന്തു കൊണ്ടാണ് റദ്ദാക്കാത്തത്? അദ്ദേഹം ചോദിച്ചു. കശ്മീര്‍ മുസ്‌ലിം ഭൂരിപക്ഷമുള്ള സ്ഥലമായതാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള കാരണമെന്നും അളഗിരി ആരോപിച്ചു.

Other News