ദ് കേരള സ്‌റ്റോറി നൂറു കോടി ക്ലബ്ബില്‍ ഇടം നേടിയ 2023ലെ നാലാം ഹിന്ദി ചിത്രം


MAY 14, 2023, 9:17 PM IST

മുംബൈ: ഈ വര്‍ഷം 100 കോടി ക്ലബ്ബില്‍ ഇടം നേടിയ നാലാമത്തെ ഹിന്ദി ചിത്രമായി ദ് കേരള സ്‌റ്റോറി. ഹിന്ദുത്വവാദികള്‍ വ്യാപകമായി പ്രതിഷേധിച്ച് മികച്ച പരസ്യമുണ്ടാക്കിക്കൊടുത്ത ഷാരൂഖ് ഖാന്‍ ചിത്രം പത്താന്‍ ആണ് ഈ വര്‍ഷം നൂറുകോടി ക്ലബ്ബിലേക്ക് കടന്ന ആദ്യത്തെ ഹിന്ദി സിനിമ. തുടര്‍ന്ന് തു ജൂതി മെയിന്‍ മക്കാര്‍, കിസികാ ഭായ് കിസികി ജാന്‍ എന്നിവയും നൂറകോടി ക്ലബ്ബില്‍ ഇടം നേടി. 

മെയ് അഞ്ചിന് റിലീസ് ചെയ്ത ദ് കേരള സ്‌റ്റോറി ഒന്‍പത് ദിവസം കൊണ്ടാണ് 100 കോടി ക്ലബ്ബില്‍ ഇടം നേടിയതെന്നാണ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തത്. രണ്ടാം ആഴ്ചയിലെ വെള്ളിയാഴ്ച 12.35 കോടിയും ശനിയാഴ്ച 19.50 കോടിയുമാണ് ഈ സിനിമ സ്വന്തമാക്കിയത്. ഇന്ത്യന്‍ ബോക്‌സ് ഓഫീസ് കണക്കു പ്രകാരം ആകെ 112.99 കോടി രൂപയാണ് ദി കേരള സ്റ്റോറി നേടിയത്.  

കേരളത്തിലെ 32,000 യുവതികളെ തീവ്രവാദ സംഘടനകള്‍ മതം മാറ്റി റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് സമര്‍ഥിക്കാന്‍ ശ്രമിക്കുന്ന ചിത്രം ട്രെയ്‌ലര്‍ പുറത്തിറക്കിയതോടെയാണ് വിവാദമായത്. ആദ്യം 32000 പേരെ മതം മാറ്റിയെന്ന് പറഞ്ഞ സംവിധായകനും അണിയറ പ്രവര്‍ത്തകരും പിന്നീട് മൂന്നു യുവതികളെയാണ് തീവ്രവാദ സംഘടനകള്‍ മതം മാറ്റിയതെന്ന് മാറ്റിപ്പറഞ്ഞു.

Other News