ടൊവിനോയും കീര്‍ത്തിയും ഒന്നിക്കുന്ന വാശി ടൈറ്റില്‍ പ്രഖ്യാപിച്ചു


JANUARY 25, 2021, 7:09 PM IST

കൊച്ചി: നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ രേവതി കലാമന്ദിര്‍ നിര്‍മ്മിച്ച് നടനും സംവിധായകനുമായ വിഷ്ണു ജി രാഘവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തിറങ്ങി. 'വാശി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്, കീര്‍ത്തി സുരേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്.

മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് 'വാശി'യുടെ ടൈറ്റില്‍ പോസ്റ്റര്‍ അനൗണ്‍സ് ചെയ്തത്. 

ജാനിസ് ചാക്കോ സൈമണ്‍ കഥയെഴുതുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകന്‍ വിഷ്ണു തന്നെയാണ് നിര്‍വഹിക്കുന്നത്.

നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ റോബി വര്‍ഗ്ഗീസ് രാജാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. മഹേഷ് നാരായണന്‍ എഡിറ്റിങ്ങും വിനായക് ശശികുമാറിന്റെ വരികള്‍ക്ക് കൈലാസ് മേനോന്‍ സംഗീതവും നിര്‍വ്വഹിക്കുന്നു. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി സുരേഷ്‌കുമാറാണ് സിനിമ നിര്‍മ്മിക്കുന്നത്. മേനക സുരേഷ്, രേവതി സുരേഷ് എന്നിവര്‍ സഹനിര്‍മ്മാണവും നിധിന്‍ മോഹന്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമാവുന്നു.

ലൈന്‍ പ്രൊഡ്യൂസര്‍- കെ രാധാകൃഷ്ണന്‍, പ്രൊജക്ട് ഡിസൈനര്‍- ബാദുഷ എന്‍ എം, കലാ സംവിധാനം- മഹേഷ് ശ്രീധര്‍, മേക്കപ്പ്- പി വി ശങ്കര്‍, കോസ്റ്റ്യൂം- ദിവ്യ ജോര്‍ജ്, സൗണ്‍ഡ് ഡിസൈനിങ്- എം ആര്‍ രാജകൃഷ്ണന്‍, പി ആര്‍ ഒ- പി ശിവപ്രസാദ്, ഡിസൈന്‍- ഓള്‍ഡ് മോംക്‌സ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

ഈ വര്‍ഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം വിതരണത്തിന് എത്തിക്കുന്നത് ഉര്‍വ്വശി തിയേറ്റേഴ്‌സും രമ്യാ മൂവീസും ചേര്‍ന്നാണ്. 2012ല്‍ പുറത്തിറങ്ങിയ ചട്ടക്കാരിയാണ് രേവതി കലാമന്ദിറിന്റെ ബാനറില്‍ പുറത്തിറങ്ങിയ അവസാന ചിത്രം.