പ്രതിഷേധം കനത്തു;  മുത്തയ്യ മുരളീധരനെക്കുറിച്ചുള്ള സിനിമയില്‍ നിന്ന് വിജയ് സേതുപതി പിന്മാറി


OCTOBER 20, 2020, 7:13 AM IST

ചെന്നൈ: ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനെക്കുറിച്ചുള്ള സിനിമയില്‍ നിന്ന് വിജയ് സേതുപതി പിന്മാറി. വിജസ് സേതുപതി സിനിമയിലെ ടൈറ്റില്‍ റോള്‍ ചെയ്യാന്ഡ സന്നദ്ധത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇതിനെതിരെ തമിഴ്‌നാട്ടില്‍ വിവിധ കോണുകളില്‍ നിന്നുയര്‍ന്ന പ്രതിഷേധത്തിനൊടുവില്‍ മുരളീധരന്‍ തന്നെ പ്രസ്താവനയിലൂടെ വിജയ് സേതുപതിയോട് തന്നെക്കുറിച്ചുള്ള സിനിമയില്‍ അഭിനയിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു.

തമിഴ് ദേശീയവാദികളും സിനിമാ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളും സിനിമയ്ക്കും മുഖ്യവേഷം അഭിനായിക്കാന്‍ തയ്യാറായ വിജയ് സേതുപതിക്കും എതിരെ പ്രതിഷേധം കടുപ്പിച്ചിരുന്നു.

ലോകത്തെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ മുരളീധരന്റെ ജീവചരിത്രം ഉള്‍പ്പെടടുത്തി 800 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ റോള്‍ ചെയ്യാനുള്ള സേതുപതിയുടെ തീരുമാനം വന്നപ്പോള്‍ തന്നെ വിവാദവും ഉടലെടുത്തു. ശ്രീലങ്കന്‍ എല്‍ടിടിഇ അഭ്യന്തര യുദ്ധകാലത്ത് തമിഴരെ കൂട്ടക്കൊലചെയ്ത ശ്രീലങ്കന്‍ സര്‍ക്കാരിനെ മുരളീധരന്‍ പിന്തുണച്ചിരുന്നുവെന്നാണ്  ശ്രീലങ്കയിലും തമിഴ്നാട്ടിലും നിരവധി തമിഴര്‍ വിശ്വസിക്കുന്നത്.

മുരളീധരന്‍ തന്നെ തന്റെ കേസ് വിശദീകരിക്കാന്‍ ശ്രമിച്ചിട്ടും സ്വന്തം തമിഴ് വംശത്വം ഉദ്ധരിച്ച് താന്‍ ഒരിക്കലും ഈഴം തമിഴരോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് വാദിച്ചിട്ടും അഭ്യന്തരയുദ്ധകാലത്ത് ള്രീലങ്കന്‍ പ്രതിരോധ സെക്രട്ടറിയായിരുന്ന നിലവിലെ പ്രസിഡന്റ് ഗോട്ടബായ രജപക്‌സെയെ മുരളീധരന്‍ പിന്തുണച്ചതായ വാര്‍ത്തകളും യുദ്ധത്തിന്റെ അവസാനത്തില്‍ നടത്തിയ പരാമര്‍ശങ്ങളും ചൂണ്ടിക്കാട്ടി തമിഴര്‍ പ്രതിഷേധം കടുപ്പിക്കുകയായിരുന്നു.

തമിഴ് ചലച്ചിത്ര വ്യക്തിത്വങ്ങളായ ഭാരതിരാജ, അമീര്‍, തമറായി, ചേരന്‍, സംസ്ഥാന മന്ത്രി കടമ്പൂര്‍ സി രാജു എന്നിവരും സേതുപതിയോട് പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടിരുന്നു.

ഒടുവില്‍ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ സേതുപതിയോട് ആവശ്യപ്പെട്ട് തിങ്കളാഴ്ച മുരളീധരന്‍ തന്നെ പ്രസ്താവന ഇറക്കി. ക്രിക്കറ്റ് താരത്തിന് നന്ദി പറഞ്ഞ് സേതുപതി പ്രസ്താവന സാമൂഹിക മാധ്യങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.