ചിക്കന്‍ കുഴിമന്തി


MARCH 9, 2020, 10:10 AM IST

ചേരുവകള്‍

ബസ്മതി റൈസ്/മന്തി റൈസ്- അഞ്ച് കപ്പ് (വെള്ളത്തില്‍ 10 മിനിറ്റ് കുതിര്‍ത്ത് വയ്ക്കണം), ചിക്കന്‍- ഒരു കിലോ ആറ് വലിയ കഷണങ്ങളാക്കി മുറിച്ചത്, ചെറിയ ജീരകം- ഒരു ടേബിള്‍ സ്പൂണ്‍, കുരുമുളക്- രണ്ട് ടേബിള്‍ സ്പൂണ്‍, കരയാമ്പൂ- അല്പം, ഏലക്ക- പാകത്തിന്, മാഗി ചിക്കന്‍ സ്റ്റോക്ക്- നാല് ക്യൂബ്, ഫുഡ് കളര്‍- ചുവപ്പ്/മഞ്ഞ, സണ്‍ഫ്‌ളവര്‍ ഓയില്‍- ഒരു കപ്പ്, ഉപ്പ്- പാകത്തിന്, പച്ചമുളക്- ആറ് എണ്ണം.

തയ്യാറാക്കുന്ന വിധം

ഫോര്‍ക്കോ കത്തിയോ ഉപയോഗിച്ച് ചിക്കനില്‍ വരയണം, നന്നായി വെന്ത് സത്ത് ഇറങ്ങാനാണിത്. ശേഷം ചിക്കനിലെ വെള്ളം ഒരു ടിഷ്യൂ ഉപയോഗിച്ച് നന്നായി തുടച്ച് കളയണം. ഈ ചിക്കന്‍ ഒരു പാത്രത്തില്‍ നിരത്തി വെച്ച് ചെറിയ ജീരകം, കുരുമുളക്, കരയാമ്പൂ, ഏലക്ക എന്നിവ ഇതിലേയ്ക്ക് ഇടുക. മാഗി ചിക്കന്‍ സ്റ്റോക്കും ഇടുക. ശേഷം ഫുഡ് കളറുകള്‍ ചേര്‍ക്കുക. സണ്‍ഫ്‌ളവര്‍ ഓയില്‍ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് 10 മിനിറ്റോളം വയ്ക്കുക.ഒരു പാത്രത്തില്‍ വെള്ളം നന്നായി തിളക്കുമ്പോള്‍ അതിലേയ്ക്ക് അല്പം ഉപ്പ് ചേര്‍ക്കുക. ഇനി അരിയിടാം. ചോറ് വെന്ത് ഉടയുന്ന പോലെ വേവിക്കരുത്. വെന്ത് കഴിഞ്ഞാല്‍ വെള്ളം ഊറ്റി അടച്ചു വയ്ക്കുക. ചിക്കന്‍ അഞ്ച് മിനിറ്റ് ഹൈ ഫ്‌ളെയ്മില്‍ വേവിക്കാം. ഇടയ്ക്ക് ചിക്കന്‍ ഒന്ന് തിരിച്ചിടണം. ചിക്കന്‍ വെന്ത് പോകരുത്. കൂടുതല്‍ ഓയിലുണ്ടെങ്കില്‍ അല്‍പം മാറ്റണം. ഇനി തീ കുറച്ച് വേവിച്ച് വച്ച ചോറ് ഇതിലേക്ക് ഇടാം. എടുത്ത് മാറ്റിയ ഓയില്‍ അല്‍പം ചോറിന് മുകളില്‍ ഒഴിച്ച് കൊടുക്കാം. ചോറിന് മുകളില്‍ പച്ചമുളക് കീറിയത് വയ്ക്കുക. ചെറു തീയില്‍ ഒരു മണിക്കൂര്‍ വേവിക്കുക.