കുട്ടനാടന്‍ താറാവ് കറി


FEBRUARY 10, 2020, 10:14 AM IST

ആവശ്യമുള്ള സാധനങ്ങള്‍

താറാവ് ചെറിയ കഷണങ്ങളായി മുറിച്ചത്- ഒരു കിലോ (തൊലി തളയാതെ), സവാള നീളത്തിലരിഞ്ഞത്- 4 എണ്ണം, വെളുത്തുള്ളി ചതച്ചത്- 8 അല്ലി, പച്ചമുളക് രണ്ടായി പിളര്‍ന്നത്- 4 എണ്ണം, ഇഞ്ചി ചതച്ചത്- ഒരു കഷണം, മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍, ഉപ്പ്- പാകത്തിന്, മസാലപ്പൊടി (ജാതിപത്രി, ജാതിക്ക, തക്കോലം, കറുവാപ്പട്ട, പെരുംജീരകം, കുരുമുളക്)- 1/4 ടീസ്പൂണ്‍ വീതം ഒരുമിച്ച് പൊടിച്ചത്, കറിവേപ്പില- 4 തണ്ട്, തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും- ഒരു തേങ്ങയുടേത്, ഏലയ്ക്ക പൊടിച്ചത്- 4 എണ്ണം, വെളിച്ചെണ്ണ- ആവശ്യത്തിന്, ഉരുളക്കിഴങ്ങ് ചെറിയ ചതുര കഷണങ്ങളായി മുറിച്ചത്- 1/2 കിലോ.

തയാറാക്കുന്ന വിധം

ഒരു വലിയ പാന്‍ അടുപ്പില്‍വച്ച് അല്‍പ്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അതില്‍ സവാള ചേര്‍ത്ത് വഴറ്റിയ ശേഷം പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ഇവ ചേര്‍ത്ത് നന്നായി ഇളക്കാം. അല്‍പ്പം ഉപ്പും മഞ്ഞള്‍പ്പൊടിയും, മസാല പൊടിച്ചതും ചേര്‍ത്ത് വീണ്ടും തീ കുറച്ച് വച്ച് ഇളക്കുക. ഇതിലേക്ക് താറാവും ഉരുളക്കിഴങ്ങും ചേര്‍ത്ത് വെള്ളം ചേര്‍ക്കാതെ മൂടിവച്ച് വേവിക്കാം. താറാവ് വെന്തശേഷം ഇതിലേക്ക് രണ്ടാംപാല്‍ ചേര്‍ത്തുകൊടുത്ത് വീണ്ടും അടച്ചുവച്ച് വേവിക്കാം. വെന്ത് വറ്റിക്കഴിയുമ്പോള്‍ ഇതിലേക്ക് ഒന്നാം പാല്‍ ചേര്‍ക്കാം. ഏലക്കാപ്പൊടിയും അല്‍പ്പം വിനാഗിരിയും അല്‍പ്പം മസാല പൊടിച്ചതും ആവശ്യത്തിന് ഉപ്പും ചേര്‍ത്തിളക്കി തീ അണച്ച ശേഷം കറിവേപ്പില ചേര്‍ത്ത് അടച്ച് ഇറക്കിവയ്ക്കാം.