ആക്രമണ സ്വഭാവം പ്രകടിപ്പിക്കുന്ന  അമേരിക്കന്‍ ബുള്ളി നായ്ക്കളെ നിരോധിക്കാനൊരുങ്ങി ബ്രിട്ടന്‍


SEPTEMBER 12, 2023, 4:18 PM IST

ലണ്ടന്‍: ആക്രമണ സ്വഭാവം പ്രകടിപ്പിക്കുന്ന അമേരിക്കന്‍ ബുള്ളി എക്സ്എല്‍ നായ്ക്കളെ നിരോധിക്കാനൊരുങ്ങി ബ്രിട്ടന്‍. അടുത്തിടെ 11 വയസ്സുകാരിയെ ഈ ഇനത്തില്‍പ്പെട്ട ഒരു നായ അതിക്രൂരമായി ആക്രമിച്ചിരുന്നു. നായയെ നിരോധിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് അടിയന്തര ഉപദേശം തേടുകയാണെന്ന് ബ്രിട്ടന്റെ ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രാവര്‍മാന്‍ പറഞ്ഞു.

ബര്‍മിന്‍ഹാം സ്വദേശിയായ പെണ്‍കുട്ടിയെ ഒരാഴ്ച മുമ്പാണ് അമേരിക്കന്‍ ബുള്ളി ഇനത്തില്‍പ്പെട്ട നായ ക്രൂരമായി ആക്രമിച്ചത്. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടുപേരും നായയുടെ ആക്രമത്തിന് ഇരയായിരുന്നു.

സംഭവത്തില്‍ സാമൂഹികമാധ്യമത്തിലൂടെ തന്റെ നടുക്കവും ആശങ്കയും രേഖപ്പെടുത്തിയ ബ്രാവര്‍മാന്‍ അമേരിക്കന്‍ ബുള്ളി എക്സ്എല്‍ ഇനത്തില്‍പ്പെട്ട നായ കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഗുരുതരമായ ഭീഷണിയാണെന്ന് പറഞ്ഞു. ഇക്കാര്യത്തില്‍ അടിയന്തരനടപടി സ്വീകരിക്കേണ്ട ആവശ്യകതയെക്കുറിച്ചും അവര്‍ ഊന്നിപ്പറഞ്ഞു.

ഉടമയുടെ നിയന്ത്രണത്തില്‍ നിന്ന് വിട്ടോടിയ നായ റോഡിലൂടെ പോകുകയായിരുന്ന പെണ്‍കുട്ടിയെയാണ് ആക്രമിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചുവരുന്നു. അമേരിക്കന്‍ പിറ്റ്ബുള്ളര്‍ ഇനത്തില്‍പ്പെട്ട നായക്കളുടെ പിന്‍ഗാമിയായ ബുള്ളി നായ്ക്കളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് മാസങ്ങളായി ബ്രിട്ടനില്‍ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.

അക്രമസ്വഭാവം കാണിക്കുന്ന നായ്ക്കളെ പൊതുസ്ഥലത്ത് ഇറക്കുന്നത് തടയുന്നതിനായി ബ്രിട്ടനില്‍ പ്രത്യേക നിയമം നിലവിലുണ്ട്. ഇത്തരത്തില്‍ ആക്രമണം നടത്തുന്ന നായ്ക്കളെ പിടിച്ചെടുക്കുമെന്നും നിയമം വ്യക്തമാക്കുന്നു.

പിറ്റ്ബുള്‍ ടെറെയ്റര്‍, ജാപ്പനീസ് ടോസ, ഡോഗോ അര്‍ജന്റീന, ഫില ബ്രാസിലെയ്റോ എന്നീ നാല് ഇനങ്ങളില്‍പ്പെട്ട നായ്ക്കളെ ബ്രിട്ടനില്‍ നിരോധിച്ചിട്ടുണ്ട്. യുകെയിലെ കെന്നല്‍ ക്ലബ് എക്സല്‍ ബുള്ളിയെ ഒരു പ്രത്യേക ഇനമായി ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. പ്രത്യേക ഇനങ്ങളില്‍പ്പെട്ട നായകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, നായയുമായി ബന്ധപ്പെട്ട ഇത്തരം സംഭവങ്ങള്‍ തടയുന്നതിന് ഉടമസ്ഥര്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്നും നായകള്‍ക്ക് മികച്ച പരിശീലനം നല്‍കണമെന്നും കെന്നല്‍ ക്ലബ് പറഞ്ഞു.

Other News