ബ്രിട്ടീഷ് രാജ്ഞിയേക്കാള്‍ സ്വത്തുള്ള അക്ഷത മൂര്‍ത്തി ഇനി ബ്രിട്ടനില്‍ നികുതിയൊടുക്കും


APRIL 9, 2022, 10:34 PM IST

ലണ്ടന്‍: ബ്രിട്ടീഷ് രാജ്ഞിയേക്കാള്‍ സമ്പന്നയായ ഇന്ത്യന്‍ വംശജ അക്ഷത മൂര്‍ത്തി തന്റെ നിയമപരിരക്ഷയ്ക്കപ്പുറം നികുതി ഒടുക്കുമെന്ന് അറിയിച്ചു. ബ്രിട്ടീഷ് ധനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ ഋഷി സുനകിന്റെ ഭാര്യയാണ് അക്ഷത മൂര്‍ത്തിയെങ്കിലും അവര്‍ക്ക് ബ്രിട്ടീഷ് പൗരത്വമില്ലാത്തതിനാല്‍ വിദേശത്തു നിന്നുള്ള വരുമാനത്തിന് നികുതി നല്‌കേണ്ടതില്ലെന്നാണ് നിയമം. 

ധനമന്ത്രിയുടെ ഭാര്യ നികുതി ഒടുക്കാത്തത് ബ്രിട്ടനില്‍ ചര്‍ച്ചയായിരുന്നു. അക്ഷത ബ്രിട്ടീഷ് ധനമന്ത്രിയുടെ ഭാര്യയാണെങ്കിലും ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകളാണ്. അതുകൊണ്ടുതന്നെ ഇന്‍ഫോസിസില്‍ അവര്‍ക്ക് ഒരു ബില്യന്‍ യു എസ് ഡോളര്‍ മൂല്യമുള്ള ഓഹരിയാണ് സ്വന്തമായുള്ളത്. 

ബ്രിട്ടീഷ് സര്‍ക്കാര്‍ ഈയിടെ അവതരിപ്പിച്ച മിനി ബജറ്റില്‍ നികുതി നിരക്കുകള്‍ കൂട്ടിയിരുന്നുവെങ്കിലും നിയമ പ്രകാരം ധനമന്ത്രിയുടെ ഭാര്യയ്ക്ക് നികുതിയില്‍ ഇളവ് ലഭിച്ചിരുന്നു. ഇത്തരത്തില്‍ നികുതി ഇളവ് ലഭ്യമാകുന്നത് ബ്രിട്ടനില്‍ വിവാദമായതോടെയാണ് വിദേശത്തു നിന്നുള്ള എല്ലാ വരുമാനത്തിനും യു കെയില്‍ നികുതി അടക്കാന്‍ തുടങ്ങുമെന്ന് അവര്‍ ബി ബി സിയോട് പറഞ്ഞത്. ഇനി മുതല്‍ നികുതി ആനുകൂല്യങ്ങള്‍ സ്വീകരിക്കില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. 

ഇന്ത്യന്‍ നിയമ പ്രകാരം ഇരട്ടപ്പൗരത്വം ലഭിക്കാത്തതിനാല്‍ അക്ഷത ഇപ്പോഴും ഇന്ത്യന്‍ പൗരയാണ്. അതുകൊണ്ടുതന്നെ ബ്രിട്ടന്‍ നിയമത്തിലെ ഇളവുകള്‍ ഉപയോഗപ്പെടുത്തി ഏകദേശം 200 മില്യന്‍ യൂറോയാണ് അക്ഷതയ്ക്ക് ബ്രിട്ടനില്‍ നികുതി ഇളവ് ലഭിച്ചിരിക്കുന്നത്. 

അക്ഷതയ്ക്കും ഋഷി സുനകിനുമായി ലണ്ടനില്‍ ഏഴ് മില്ല്യന്‍ യൂറോ വില വരുന്ന അഞ്ച് ബെഡ് റൂം വീട് ഉള്‍പ്പെടെ നാല് സ്വത്തുക്കളുണ്ടെന്നാണ് കണക്ക്. സണ്‍ഡേ ടൈംസ് റിച്ച് ലിസ്റ്റ് 2021 പ്രകാരം ബ്രിട്ടീഷ് രാജ്ഞിക്ക് 460 മില്യന്‍ ഡോളറാണ് ആസ്തിയുള്ളതെങ്കില്‍ 42കാരിയായ അക്ഷതയ്ക്ക് ഒരു ബില്യന്‍ ഡോളറാണ് ആസ്തി.

Other News