ഇന്ത്യന്‍ വിദ്യാര്‍ഥികളെ ചൂഷണം ചെയ്ത് തൊഴിലെടുപ്പിച്ച അഞ്ച് മലയാളികള്‍ക്കെതിരെ അടിമത്ത വിരുദ്ധ നിയമം


FEBRUARY 11, 2023, 8:58 PM IST

കാര്‍ഡിഫ്: നോര്‍ത്ത് വെയ്ല്‍സിലെ കെയര്‍ ഹോമുകളിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്ത് ജോലി ചെയ്യിച്ച് ശമ്പളവും ഭക്ഷണവും താമസവും നല്‍കാതെ ചൂഷണം നടത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ അഞ്ച് മലയാളികള്‍ക്കെതിരെ അടിമത്ത മനുഷ്യക്കടത്ത് വിരുദ്ധ നിയമത്തിന്റെ ഉത്തരവ് കൈമാറി. ഗ്യാംഗ്മാസ്റ്റേഴ്സ് ആന്റ് ലേബര്‍ അബ്യൂസ് അതോറിറ്റി (ജി എല്‍ എ എ) കേസില്‍ അന്വേഷണം ആരംഭിച്ചു.  

മലയാളികളായ മാത്യു ഐസക്ക് (32), ഭാര്യ ജിനു ചെറിയാന്‍ (30), എല്‍ദോസ് ചെറിയാന്‍ (25), എല്‍ദോസ് കുര്യാച്ചന്‍ (25), ജേക്കബ് ലിജു (47) എന്നിവരാണ് അറസ്റ്റിലായത്. 2021 ഡിസംബറിനും 2022 മെയ് മാസത്തിനും ഇടയിലാണ് ഇവരെയെല്ലാവരേയും പിടികൂടിയത്. ആര്‍ക്കെതിരെയും ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയിട്ടില്ലെങ്കിലും അന്വേഷണം പുരോഗമിക്കുകയാണ്. 

കോടതിയില്‍ ഇവര്‍ക്കെതിരെ അടിമത്ത മനുഷ്യക്കടത്ത് നിയമം ചുമത്തിയതോടെ യാത്രകളും വസ്തുവകകള്‍ വാടകയ്‌ക്കെടുക്കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കെല്ലാം ഇവര്‍ക്ക് നിയന്ത്രണങ്ങളുണ്ടാകും.  

കേരളത്തില്‍ നിന്നുള്ള പ്രതികള്‍ക്ക് അബെര്‍ജെലെ, പ്ലൂല്‍ഹെലി, ലാന്‍ഡുഡ്‌നോ, കോള്‍വിന്‍ ബേ എന്നിവിടങ്ങളിലെ കെയര്‍ ഹോമുകളില്‍ സ്വയം ജോലി ചെയ്തോ അല്ലെങ്കില്‍ അവിടെ ജോലി ചെയ്യുന്ന ബന്ധു മുഖേനയോ ബന്ധമുണ്ടെന്ന് ജി എല്‍ എ എ പറഞ്ഞു.

2021 മെയ് മാസത്തില്‍ രജിസ്റ്റര്‍ ചെയ്ത റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ അലക്‌സാ കെയര്‍ സൊല്യൂഷന്‍സ് വഴിയാണ് ഐസക്കും ചെറിയാനും തൊഴിലാളികളെ എത്തിച്ചത്.

അലക്‌സാ കെയറില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളം നല്‍കുന്നില്ലെന്നും വേതനം തടഞ്ഞു വെക്കുന്നതായും മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഹെല്‍പ്പ് ലൈനില്‍ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. 2021 ഡിസംബറില്‍ ഐസക്കിനെയും ചെറിയാനെയും അറസ്റ്റ് ചെയ്തപ്പോള്‍ കോള്‍വിന്‍ ബേ ഏരിയയിലെ രണ്ട് വിലാസങ്ങളില്‍ ഒമ്പത് ഇന്ത്യന്‍ തൊഴിലാളികള്‍ ഇടുങ്ങിയതും വൃത്തിഹീനവുമായ സാഹചര്യങ്ങളില്‍ കഴിയുന്നതായി കണ്ടെത്തിയിരുന്നു. കെയര്‍ ഹോമുകളിലെ സഹപ്രവര്‍ത്തകരുടെ മൊഴി പ്രകാരം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ക്ഷീണിതരാണെന്നും താമസക്കാരുടെ ഭക്ഷണാവശിഷ്ടങ്ങള്‍ കഴിക്കുന്നത് കണ്ടതായും റിപ്പോര്‍ട്ടുണ്ട്. 

കെയര്‍ ഹോം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ എണ്ണത്തില്‍ ആശങ്കയുണ്ടെന്നും കോവിഡ് വ്യാപനത്തോടെ അത് വര്‍ധിച്ചതായും ഇത് മുതലെടുത്ത് ചിലര്‍ തങ്ങളുടെ സാമ്പത്തിക നേട്ടത്തിനായി സാഹചര്യം ഉപയോഗിക്കാനുള്ള സാധ്യത കൂടുതലാണെന്നും ജി എല്‍ എ എ സീനിയര്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ മാര്‍ട്ടിന്‍ പ്ലിമ്മര്‍ പറഞ്ഞു. ഇംഗ്ലണ്ടില്‍ സോഷ്യല്‍ കെയര്‍ മേഖലയില്‍ 165,000 ഒഴിവുകള്‍ ഉണ്ട്. കഴിഞ്ഞ 14 മാസത്തിനിടെ 50-ലധികം ഇന്ത്യന്‍ വിദ്യാര്‍ഥികളെ ആധുനിക അടിമത്തത്തിന്റെയും തൊഴില്‍ ദുരുപയോഗത്തിന്റെയും ഇരകളായി തിരിച്ചറിഞ്ഞതായി ജി എല്‍ എ എ അറിയിച്ചു.

കെയര്‍ ഹോമുകളിലെ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് കൈകാര്യം ചെയ്യുക എന്നത് ജി എല്‍ എ എയുടെ മുന്‍ഗണനകളിലൊന്നാണെന്ന് പ്ലിമ്മര്‍ പറഞ്ഞു. കൂടാതെ അടിമത്തമോ മനുഷ്യക്കടത്തോ പോലുള്ള  കുറ്റകൃത്യങ്ങളില്‍ സംശയിക്കുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് ഉത്തരവ് നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.

Other News