ബോറിസ് ജോണ്‍സനുമായി ബന്ധപ്പെട്ട വായ്പാ വിവാദം: ബിബിസി ചെയര്‍മാന്‍ രാജിവെച്ചു


APRIL 28, 2023, 5:13 PM IST

ലണ്ടന്‍:മുന്‍ യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് 800,000 പൗണ്ട് വായ്പ ലഭ്യമാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ബിബിസി ചെയര്‍മാന്‍ റിച്ചര്‍ഡ് ഷാര്‍പ്പ് രാജി പ്രഖ്യാപിച്ചു. ബോറിസിന് വായ്പ ലഭ്യമാക്കുന്നതിനായി ഷാര്‍പ്പ് നിയമലംഘനം നടത്തിയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് രാജി. പകരക്കാരനെ കണ്ടെത്തുന്നതു വരെ തല്‍സ്ഥാനത്തു തുടരണമെന്ന അഭ്യര്‍ഥനയുടെ പശ്ചാത്തലത്തില്‍, ജൂണ്‍ മാസം അവസാനം വരെ ചെയര്‍മാനായി തുടരുമെന്ന് ഷാര്‍പ്പ് വ്യക്തമാക്കി.

ബിബിസി ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള റിച്ചര്‍ഡ് ഷാര്‍പ്പിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നിരുന്നു. ഷാര്‍പ്പിന്റെ നിയമനത്തില്‍ ചട്ടലംഘനം നടന്നിരുന്നോ എന്നതിലായിരുന്നു അന്വേഷണം. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന അന്വേഷണ റിപ്പോര്‍ട്ടാണ് ഷാര്‍പ്പിന്റെ രാജിയില്‍ കലാശിച്ചത്.

പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് വായ്പ ലഭ്യമാക്കുന്നതിനായി നടത്തിയ ഇടപെടലുകള്‍ നിയമന നടപടികളുടെ ഘട്ടത്തില്‍ ഷാര്‍പ്പ് വെളിപ്പെടുത്തിയിരുന്നില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇത് ചട്ടലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, ബിബിസിയുടെ താല്‍പര്യങ്ങള്‍ക്കു മുന്‍തൂക്കം നല്‍കുന്നതിനാലാണ് രാജിയെന്നും ഷാര്‍പ്പ് പ്രസ്താവനയില്‍ അറിയിച്ചു.

Other News