ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ വ്യക്തത വരുത്തണമെന്ന് ബ്രിട്ടന്‍


SEPTEMBER 22, 2021, 7:09 PM IST

ലണ്ടന്‍: ഇന്ത്യയുടെ കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തത വരുത്തിയില്ലെങ്കില്‍ നിര്‍ബന്ധിത ക്വാറന്റീന്‍ പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന് ബ്രിട്ടന്‍. കോവിഡ് സര്‍ട്ടിഫിക്കറ്റിലെ അവ്യക്തതയാണ് ക്വാറന്റൈന്‍ ചട്ടങ്ങള്‍ നിര്‍ബന്ധമാക്കാന്‍ കാരണമെന്ന നിലപാടിലാണ് ബ്രിട്ടണുള്ളത്. 

ആസ്ട്രാസെനക്കയുമായി സഹകരിച്ച് നിര്‍മിച്ച കോവിഷീല്‍ഡ് വാക്‌സിനെ അംഗീകരിക്കുന്നുണ്ടെങ്കിലും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ സംശയം നിലനില്‍ക്കുന്നതായും ഇക്കാര്യത്തില്‍ ചര്‍ച്ച പുരോഗമിക്കുന്നതായും ബ്രിട്ടന്‍ ഹൈക്കമ്മീഷണര്‍ അറിയിച്ചു.  

ബ്രിട്ടണിലെ മാനദണ്ഡങ്ങള്‍ പ്രകാരം കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ ജനന തിയ്യതിയാണ് രേഖപ്പെടുത്തേണ്ടത്. എന്നാല്‍ ഇന്ത്യ സര്‍ട്ടിഫിക്കറ്റില്‍ നല്‍കുന്നത് വയസ് മാത്രമാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് ബ്രിട്ടണുള്ളത്. ഇന്ത്യ സര്‍ട്ടിഫിക്കറ്റ് തിരുത്തിയാല്‍ മാത്രമേ നിര്‍ബന്ധിത ക്വാറന്റീന്‍ ഒഴിവാക്കുകയുള്ളൂവെന്നും ബ്രിട്ടന്‍ വ്യക്തമാക്കുന്നു. 

തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ഇന്ത്യ ബ്രിട്ടനെ അറിയിച്ചിരുന്നു. തുടര്‍ന്നാണ്  കൊവിഷീല്‍ഡ് വാക്സിന്റെ കാര്യത്തില്‍ ബ്രിട്ടന്‍ നിലപാട് മയപ്പെടുത്തിയത്. പക്ഷേ കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ മാറ്റം വരുത്താതെ നിര്‍ബന്ധിത ക്വാറന്റീന്‍ ഒഴിവാക്കില്ലെന്ന തീരുമാനത്തിലാണ് നിലവില്‍ ബ്രിട്ടനുള്ളത്. 

ഇന്ത്യയില്‍ നിന്ന് കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ ബ്രിട്ടനിലെത്തിയാല്‍ പത്ത് ദിവസം നിര്‍ബന്ധിത ക്വാറന്റൈന്‍ പാലിക്കണമെന്നതാണ് നിയമം. യാത്രയ്ക്ക് മൂന്ന് ദിവസം മുമ്പേയും രാജ്യത്തെത്തി രണ്ടാം ദിവസവും കൊവിഡ് പരിശോധന നടത്തണമെന്നും ബ്രിട്ടന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

കോവിഷീല്‍ഡ് ബ്രിട്ടന്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും വാക്‌സിന്‍ അംഗീകൃത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ല. അതേസമയം വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ യാതൊരു പ്രശ്‌നവുമില്ലെന്നാണ് ഇന്ത്യന്‍ അധികൃതരുടെ നിലപാട്.

Other News