ഓടുന്ന കാറില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ല; ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് പിഴചുമത്തി പോലീസ്


JANUARY 21, 2023, 9:07 AM IST

ലണ്ടന്‍ : കാറില്‍ സഞ്ചരിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് പ്രധാനമന്ത്രി ഋഷി സുനക്കിന് പിഴ ചുമത്തി പൊലീസ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാനുള്ള വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അദ്ദേഹം കാറിന്റെ പിന്‍സീറ്റിലെ ബെല്‍റ്റ് മാറ്റിയത്. നോര്‍ത്ത് വെസ്റ്റിലേക്കുള്ള ചിത്രീകരിച്ച വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതോടെയാണ് നിയമലംഘനം ചൂണ്ടിക്കാട്ടി പൊലീസ് 100 പൗണ്ട് പിഴ ഈടാക്കിയത്. സംഭവത്തില്‍ അദ്ദേഹം മാപ്പ് പറഞ്ഞു.

ഇത് രണ്ടാം തവണയാണ് ഋഷി സുനകിന് പിഴ ചുമത്തുന്നത്. കഴിഞ്ഞ വര്‍ഷം ആദ്യം അദ്ദേഹം അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി ചേര്‍ന്ന് കോവിഡ് ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചിരുന്നു. ബോറിസ് ജോണ്‍സണിന് ശേഷം ഇത്തരത്തില്‍ നിയമം ലംഘിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് സുനക്.

ഋഷി സുനക്കിനെതിരെ ചുമത്തിയ പിഴ അദ്ദേഹത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ കഴിവുള്ളതാണ്. 2025ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ സര്‍വേയില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി, പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയെക്കാള്‍ പിന്നിലാണ്.ഈ സാഹചര്യത്തില്‍ പാര്‍്ട്ടിക്കും നേതാക്കളും പ്രതിക്കൂട്ടിലാകുന്ന ചെറിയ സംഭവങ്ങള്‍ പോലും വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ഇതിനിടെ പ്രധാനമന്ത്രി തന്റെ തെറ്റ് അംഗീകരിക്കുകയും മാപ്പ് പറയുകയും ചെയ്തതായി ഡൗണിംഗ് സ്ട്രീറ്റ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.ലണ്ടനില്‍ നിന്നുള്ള ഒരു 42 കാരന് പിഴ നോട്ടീസ് അയച്ചതായി നോര്‍ത്ത് ഇംഗ്ലീഷ് കൗണ്ടി പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്.

നോര്‍ത്ത്-വെസ്റ്റ് ഇംഗ്ലണ്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ഋഷി സുനക്  വീഡിയോ ചിത്രീകരിച്ചത്. രാജ്യത്തുടനീളമുള്ള 100-ലധികം പദ്ധതികള്‍ക്ക് ഫണ്ട് നല്‍കാനുള്ള സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനങ്ങളുടെ പ്രചാരണം ലക്ഷ്യമിട്ടായിരുന്നു വീഡിയോ. ഇതിനിടെ സുനക് സീറ്റ് ബെല്‍റ്റ് ഊരിമാറ്റി. ഈ വീഡിയോ പുറത്തുവന്നതോടെ പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി ഋഷി സുനക്കിനെ ലക്ഷ്യം വച്ചു. സീറ്റ് ബെല്‍റ്റ്, ഡെബിറ്റ് കാര്‍ഡ്, ട്രെയിന്‍ സര്‍വീസ്, സമ്പദ് വ്യവസ്ഥ എന്നിവ കൈകാര്യം ചെയ്യാന്‍ ഋഷി സുനക്കിന് അറിയില്ലെന്നാണ് ലേബര്‍ പാര്‍ട്ടി വക്താവ് പരിഹസിച്ചത്.

യുകെയില്‍, ഒരു യാത്രക്കാരന്‍ കാറിലിരിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 100 പൗണ്ട് പിഴ നല്‍കണം. അതേസമയം കേസായാല്‍ 500 പൗണ്ടായി വര്‍ദ്ധിക്കും. ഇംഗ്ലണ്ടില്‍ 14 വയസും അതില്‍ കൂടുതലുമുള്ള യാത്രക്കാര്‍ കാറുകളിലും വാനുകളിലും മറ്റ് ചരക്ക് വാഹനങ്ങളിലും സീറ്റ് ബെല്‍റ്റ് ധരിക്കണം. 2021-ല്‍ യുകെയില്‍ കാറപകടങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ 30 ശതമാനം പേരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നാണ് ഗതാഗത വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Other News