അധികാരത്തിലെത്തിയാല്‍ ചൈനക്കെതിരെ കടുത്ത നടപടിയെന്ന് റിഷി സുനക്


JULY 27, 2022, 10:24 AM IST

ലണ്ടന്‍: ചൈനക്കെതിരേ കടുത്ത മുന്നറിയിപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിന് അരികിലെത്തിയ റിഷി സുനക്. താന്‍ അധികാരമേറ്റാല്‍ ആദ്യ തന്നെ ബ്രിട്ടനിലുള്ള ചൈനയുടെ കൈകടത്തലുകള്‍ അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി സ്ഥാനാര്‍ഥി റിഷി സുനക് വാഗ്ദാനം ചെയ്തു.

ചൈന രാജ്യത്തിന്റെ ടെക്നോളജി കൊള്ളയടിക്കുകയും യൂണിവേഴ്സിറ്റികളില്‍ നുഴഞ്ഞുകയറുകയും ചെയ്യുന്നുണ്ട്. ഇതിനെല്ലാം തടയിടും. ആഭ്യന്തര, ആഗോള സുരക്ഷയ്ക്ക് 'നമ്പര്‍ വണ്‍ ഭീഷണി'യാണ് ചൈനയെന്നും റിഷി സുനക് പറഞ്ഞു.

റഷ്യയ്ക്കും ചൈനയ്ക്കുമെതിരെ റിഷി സുനക് ശക്തമായ നിലപാടെടുക്കുന്നില്ലെന്ന് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള എതിരാളി ലിസ് ട്രസ് ആരോപിച്ചതിനു പിന്നാലെയാണ് പ്രതികരണം. അതേസമയം, യുകെ-ചൈന ബന്ധം വളര്‍ത്തുന്നതില്‍ വ്യക്തവും പ്രായോഗികവുമായ കാഴ്ചപ്പാടുള്ള പ്രധാനമന്ത്രി സ്ഥാനാര്‍ഥി സുനക് മാത്രമാണെന്ന് ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ ടൈംസ് അഭിപ്രായപ്പെട്ടതിനു പിന്നാലെയാണ് റിഷി സുനക് തന്റെ നിലപാട് വ്യക്തമാക്കിയത്.

ബ്രിട്ടനിലെ യൂനിവേഴ്സിറ്റികള്‍ക്ക് ചൈന ഫണ്ട് നല്‍കുന്നുണ്ട്. 50,000 യൂറോയോളം ഇത്തരത്തില്‍ എത്തുന്നുണ്ട്. ഇത് അവസാനിപ്പിക്കുകയും ബ്രിട്ടനില്‍ ചൈന നടത്തുന്ന 30 കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ (ചൈനീസ് ഭാഷ പഠിപ്പിക്കാനായി ചൈന സ്ഥാപിച്ച ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍) അടച്ചുപൂട്ടുകയും ചെയ്യും. ഭാഷാ - സാംസ്‌കാരിക പരിപാടികളിലൂടെ ചൈനീസ് സ്വാധീനം വ്യാപിക്കുന്നത് തടയണമെന്ന നിര്‍ദേശവും സുനക് മുന്നോട്ടുവെച്ചു. യൂണിവേഴ്സിറ്റികളിലെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നുഴഞ്ഞുകയറ്റം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചൈനയുടെ ചാരവൃത്തിയെ ചെറുക്കാന്‍ ബ്രിട്ടന്റെ ആഭ്യന്തര ചാര ഏജന്‍സിയായ എംഐ5 ഉപയോഗിക്കും. സൈബര്‍ ഇടത്തിലെ ചൈനീസ് ഭീഷണികളെ നേരിടാന്‍ നാറ്റോ-ശൈലിയില്‍ അന്താരാഷ്ട്ര സഹകരണം കെട്ടിപ്പടുക്കാന്‍ ശ്രമിക്കും. ചൈന ബ്രിട്ടന്റെ സാങ്കേതികവിദ്യ മോഷ്ടിക്കുന്നുവെന്ന് റിഷി സുനക് ആരോപിച്ചു. ചൈനയുമായി സഹകരിക്കുന്ന രാജ്യങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്നതാണ് ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയെന്നും സുനക് കുറ്റപ്പെടുത്തി.

Other News