ലണ്ടന്‍: ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ജീവനക്കാരിയെ പിരിച്ചുവിട്ട കമ്പനിക്ക് കോടതി നഷ്ടപരിഹാരം ചുമത്തി. ഇംഗ്ലണ്ടിലെ എസക്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്കാണ് കോടതി പിഴ ചുമത്തിയത്.
ഷാര്‍ലറ്റ് ലീച്ച് എന്ന 34കാരി അഡ്മിനിസ്ട്രേഷന് വിഭാഗത്തിലെ ജീവനക്കാരിയായിരുന്നു. താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞയുടന്‍ ഷാര്‍ലറ്റ് ഇക്കാര്യം മേധാവിയെ അറിയിക്കുകയായിരുന്നു. ഇതിന് മുന്‍പ് തന്റെ ഗര്‍ഭം അലസിയിട്ടുണ്ടെന്നും പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തെ കുറിച്ച് വ്യാകുലതകളുണ്ടെന്നുമുള്ള ആശങ്കകള്‍ ഷാര്‍ലറ്റ് മേധാവിയുമായി പങ്കുവച്ചു. ആശ്വാസത്തിന് പകരം ഷാര്ലെറ്റിന് ലഭിച്ചത് പിരിച്ചുവിടല്‍ നോട്ടിസ് ആയിരുന്നു.
പുതിയ എംപ്ലോയീ കോണ്ട്രാക്ടില് ഒപ്പുവയ്ക്കാനിരിക്കെയാണ് ഷാര്‍ലറ്റ് ഗര്‍ഭിണിയായത്. അതുകൊണ്ട് തന്നെ ഷാര്ലെറ്റിന് മെറ്റേണിറ്റി ലീവ് നല്കാന് സാധിക്കില്ലെന്നാണ് മേധാവി അറിയിച്ചത്. ജോലി നഷ്ടപ്പെട്ട് അല്പ ദിവസത്തിനകം തന്നെ ഷാര്‍ലറ്റിന് കുഞ്ഞിനെയും നഷ്ടമായതായി ദ മിറര്‍ അറിയിച്ചു.
പിന്നാലെ കോടതിയെ സമീപിച്ച ഷാര്‍ലറ്റിന് അനുകൂലമായി വിധി വന്നു. 14,885 പൗണ്ട് കോടതി നഷ്ടപരിഹാരമായി നല്കാന് ഉത്തരവിടുകയായിരുന്നു.