കോവിഡ് വ്യാപനം രൂക്ഷം; രണ്ടാം തരംഗത്തിന്റെ വക്കില്‍ യൂറോപ്പ്


JULY 29, 2020, 1:51 AM IST

ഒരു ഇടവേളക്കുശേഷം യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ് വീണ്ടും പിടിമുറുക്കുന്നു. രോഗം നിയന്ത്രണവിധേയമായെന്ന് തോന്നിയയിടത്താണ് പുതിയ രോഗബാധിതരുടെ എണ്ണവും മരണവും വര്‍ധിക്കുന്നത്. റഷ്യയും സ്‌പെയിനും തുടങ്ങി വത്തിക്കാന്‍ സിറ്റിയില്‍ വരെ കോവിഡ് രോഗികളുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇതുവരെ 2,814,364 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 202,057 പേര്‍ മരിച്ചു. 1,688,672 പേര്‍ രോഗമുക്തരായപ്പോള്‍ 923,635 രോഗികള്‍ ചികിത്സയിലാണ്. ഇവരില്‍ 5,136 പേര്‍ ഗുരുതരാവസ്ഥയിലാണ്. 

കോവിഡ് ആഗോള പട്ടികയില്‍ ആദ്യം ഇടംനേടിയ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇറ്റലിയും സ്‌പെയിനുമായിരുന്നു. രോഗവ്യാപനം നിയന്ത്രിച്ച് മുന്നോട്ടുപോയതോടെ രണ്ട് രാജ്യങ്ങളിലും പുതിയ രോഗബാധയും മരണവും കുറഞ്ഞിരുന്നു. അതേസമയം, റഷ്യയില്‍ രോഗബാധ കുത്തനെ ഉയരുകയും ചെയ്തു. പുതിയ കണക്കുകള്‍ പ്രകാരം രോഗബാധിതരുടെ എണ്ണത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ റഷ്യയാണ് മുന്നില്‍. 823,515 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 13,504 പേര്‍ മരിച്ചു. 612,217 പേര്‍ ഇതുവരെ രോഗത്തെ അതിജീവിച്ചു. സ്‌പെയിനില്‍ 327,690 രോഗികള്‍. മരണം 28,436. ചികിത്സയിലുള്ളവരുടെയോ രോഗമുക്തി നേടിയവരുടെയോ വിവരം ലഭ്യമല്ല. യു.കെയില്‍ 300,692 പേര്‍ക്കാണ് രോഗം ബാധിച്ചത്. അതേസമയം, യൂറോപ്യന്‍ രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന മരണനിരക്കാണ് യു.കെയിലേത്. ഇതുവരെ 45,878 പേരാണ് രോഗബാധിതരായി മരിച്ചത്. ചികിത്സയിലുള്ളവരുടെയും രോഗമുക്തി നേടിയവരുടെയും വിവരം ലഭ്യമല്ല.

ഇറ്റലിയില്‍ 246,488 രോഗബാധിതരില്‍ 35,123 പേര്‍ മരിച്ചു. 198,756 രോഗമുക്തരായി. ജര്‍മ്മനിയില്‍ രോഗബാധിതര്‍ 207,677. മരണം 9,207. രോഗമുക്തര്‍ 191,400. ഫ്രാന്‍സില്‍ രോഗികള്‍ 183,804. മരണം 30,223. രോഗം ഭേദമായവര്‍ 81,082. സ്വീഡനില്‍ രോഗികള്‍ 79,395. മരണം 5,700. ബെലാറസില്‍ രോഗികള്‍ 67,366. മരണം 543. യുക്രൈനില്‍ രോഗികള്‍ 66,575. മരണം 1,629. ബെല്‍ജിയം (66,428 -9,822), നെതര്‍ലന്‍ഡ്‌സ് (53,374 -6,145), പോര്‍ച്ചുഗല്‍ (50,410 -1,722), റൊമാനിയ (47,053 -2,239), പോളണ്ട് (43,904 -1,682), സ്വിറ്റ്‌സര്‍ലന്‍ഡ് (34,609 -1,978), അയര്‍ലന്‍ഡ് (25,929 -1,764), സെര്‍ബിയ (24,520 -551), മാല്‍ഡോവ (23,521 -753). മറ്റു രാജ്യങ്ങളില്‍ 20,000 താഴെയാണ് രോഗികളുടെ എണ്ണം. 

രണ്ടാം തരംഗത്തിന്റെ ലക്ഷണങ്ങള്‍

അപകടസാധ്യത വീണ്ടും വര്‍ധിക്കുകകയാണെന്ന് യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. നിര്‍ണായകമായ നടപടികള്‍ എത്രയുംവേഗം കൈക്കൊള്ളണം. യൂറോപ്പില്‍, നമ്മുടെ ചില യൂറോപ്യന്‍ സുഹൃത്തുക്കള്‍ക്കിടയില്‍ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാണ്. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന്റെ ലക്ഷണങ്ങള്‍ ചിലയിടങ്ങളില്‍ പ്രകടമാകുന്നതായി ഭയപ്പെടുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

അതേസമയം, അരഗോണിലും കാറ്റലോണിയയിലും കോവിഡ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും രണ്ടാം തരംഗമാണെന്ന് കരുതുന്നില്ലെന്ന് സ്പാനിഷ് സെന്റര്‍ ഫോര്‍ ഹെല്‍ത്ത് എമര്‍ജന്‍സി ഡയറക്ടര്‍ ഫെര്‍ണാണ്ടോ സൈമണ്‍ പറഞ്ഞു.

Other News