ബ്രിട്ടണില്‍ ആദ്യമായി വളര്‍ത്തു പൂച്ചയക്ക് കോവിഡ് സ്ഥിരീകരിച്ചു


JULY 27, 2020, 8:36 PM IST

ലണ്ടന്‍: ബ്രിട്ടണിലാദ്യമായി ഒരു വളര്‍ത്തു മൃഗത്തില്‍ കോവിഡ് സ്ഥിരീകരിച്ചു. വളര്‍ത്തു പൂച്ചയ്ക്കാണ് കോവിഡ് പരിശോധനയില്‍ രോഗബാധ തെളിഞ്ഞതെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റ് തിങ്കളാഴ്ച അറിയിച്ചു. 

പൂച്ചയെയോ വളര്‍ത്തുന്നവരെയോ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായില്ല. വളര്‍ത്തു മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് രോഗം പകരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് അധികൃതര്‍ പറയുന്നത്. 

വളര്‍ത്തു മൃഗങ്ങളില്‍ നിന്നും നേരിട്ട് മനുഷ്യരിലേക്ക് വൈറസ് ബാധിച്ചതിന് ഇതുവരെ തെളിവുകളൊന്നുമില്ലെന്ന് ചീഫ് വെറ്ററിനറി ഓഫിസര്‍ ക്രിസ്റ്റൈന്‍ മിഡല്‍മിസ് പറഞ്ഞു. ഇപ്പോഴത്തെ അവസ്ഥയെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കാര്യങ്ങളിലെന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ വളര്‍ത്തു മൃഗങ്ങളുടെ ഉടമകള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കുമെന്നും അദ്ദേഹം അറിയിച്ചു. 

പൂച്ചയ്ക്ക് അതിന്റെ ഉടമകളില്‍ നിന്നാണ് കൊറോണ വൈറസ് ബാധ പിടിപെട്ടത്. നിലവില്‍ എല്ലാവരും രോഗമുക്തരായി. 

ലോകത്തില്‍ വളരെ കുറച്ചു വളര്‍ത്തു മൃഗങ്ങള്‍ക്കു മാത്രമാണ് കോവിഡ് രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചിട്ടുള്ളു. ഹോങ്കോങിലും ന്യൂയോര്‍ക്ക് സിറ്റിയിലുമാണ് പട്ടികള്‍ക്കും പൂച്ചകള്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചത്. 

മനുഷ്യരില്‍ നിന്നും പൂച്ചിയലേക്ക് വൈറസ് പടരാമെന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നതെന്നും മറ്റു വഴികളിലൂടെയാണോ പൂച്ചയ്ക്ക് രോഗം വന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍ മനുഷ്യര്‍ക്ക് ബാധിക്കുന്നതുപോലെ പൂച്ചയിലും പട്ടികളിലും കൊറോണ വൈറസ് ഗുരുതരമായി ബാധിച്ചിട്ടില്ലെന്നാണ് ഇതുവരെയുള്ള തെളിവുകള്‍ വ്യക്തമാക്കുന്നത്.

Other News