ലണ്ടന്‍: ഇംഗ്ലണ്ടിന്റെ തെക്കള്‍ മേഖലയില്‍ കണ്ടെത്തിയ കോവിഡ് വൈറസിന്റെ പുതിയ വകഭേദം കൂടുതല്‍ മാരകമാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്സന് അറിയിച്ചു. എന്നാല്‍, ഇവിടെ ഉപയോഗിക്കുന്ന 2 വാക്സീനും (ഫൈസര്‍, ഓക്സ്ഫഡ്) ഇതിനെതിരെയും ഫലപ്രദമാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറില്‍ കെന്റിലാണ് കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയത്. ഇംഗ്ലണ്ടിലും അയര്‍ലന്‍ഡിലും ഇപ്പോള്‍ കോവിഡ് പോസിറ്റീവാകുന്നവരില്‍ ഭൂരിഭാഗം പേരിലും ഈ വൈറസാണ് കാണുന്നത്. 50 രാജ്യങ്ങളിലേക്ക് ഇതു പടര്‍ന്നിട്ടുമുണ്ട്. ഈ വൈറസ് ബാധിച്ചവരില്‍ മരണനിരക്ക് മുന്പുണ്ടായിരുന്നതിനെക്കാള് 30% കൂടുതലാണെന്ന് സര്‍ക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേശകന് പാട്രിക് വാലന്‍സ് പറഞ്ഞു. വാക്സീന് സ്വീകരിച്ചവരും മുന്‍പ് കോവിഡ് ബാധിച്ച് സുഖപ്പെട്ടവരും ഇതിനെതിരെ പ്രതിരോധശക്തി ആര്‍ജിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതേസമയം, വാക്സീന് സ്വീകരിച്ചവര്‍ക്ക് പ്രതിരോധശേഷി കൈവരിക്കാന്‍ 3 ആഴ്ച സമയം വേണ്ടിവരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഡപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫിസര്‍ പ്രഫ. ജൊനാഥന് വാന്ടം മുന്നറിയിപ്പു നല്കി. ഈ സമയത്ത് വാക്സീന് സ്വീകരിച്ചവരില്‍ നിന്നു തന്നെ രോഗം പകരാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കൊറോണ വൈറസ് ബാധിക്കുന്നതു തടയാന്‍ മൂക്കിനുള്ളില്‍ സ്പ്രേ ചെയ്യാവുന്ന മരുന്നു കണ്ടെത്തിയതായി ബര്‍മിങ്ങാം സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചു. വൈകാതെ വന്‍തോതില്‍ ഉല്പാദനം ആരംഭിക്കുന്ന ഇത് ഉടന്‍ മരുന്നുകടകളില്‍ ലഭ്യമാകും.
ഈ സ്പ്രേ ഉപയോഗിച്ചാല്‍ 2 ദിവസത്തേക്ക് കൊറോണ വൈറസില്‍ നിന്നു പ്രതിരോധം ലഭിക്കുമെന്നും സാമൂഹിക അകലത്തെക്കുറിച്ച് ആശങ്കപ്പെടാതെ സ്കൂളുകള്‍ തുറക്കാനും മറ്റു പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയില്‍ ആരംഭിക്കാനും കഴിയുമെന്നും മുഖ്യ ഗവേഷകന് ഡോ. റിച്ചഡ് മോക്സ് അറിയിച്ചു. നിലവില്‍ ഉപയോഗിക്കുന്ന ചില മരുന്നുകളില്‍ നിന്നാണ് വൈറസിനെ മൂക്കിനുള്ളില്വച്ചുതന്നെ നിര്‍വീര്യമാക്കുന്ന സ്പ്രേ നിര്‍മിക്കുന്നത്.