ക്രൊയേഷ്യയില്‍ ഭൂകമ്പം; ഒരു പെണ്‍കുട്ടി മരിച്ചതായി റിപ്പോര്‍ട്ട് 


DECEMBER 29, 2020, 8:14 PM IST

സഗ്‌രിബ്: മധ്യ ക്രൊയേഷ്യയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ വലിയ നാശനഷ്ടം. ഭൂകമ്പത്തില്‍ 12 വയസ്സുകാരിയായ ഒരു പെണ്‍കുട്ടി മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

ഭൂകമ്പ മാപിനിയില്‍ 6.3 തീവ്രതയാണ് രേഖപ്പെടുത്തിയതെന്ന് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സിസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു. ഇതേ പ്രദേശത്ത് തിങ്കളാഴ്ച 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. തുടര്‍ന്ന് നിരവധി ചെറിയ ഭൂചലനങ്ങളും രേഖപ്പെടുത്തിയിരുന്നു.

തന്റെ പട്ടണം പൂര്‍ണമായും നശിപ്പിക്കപ്പെട്ടതായും ഹിരോഷിമ പോലെയായതായും നഗരത്തിന്റെ പകുതിയും നിലവിലില്ലെന്നും പെട്രിഞ്ച മേയര്‍ ഡാരിങ്കോ ഡംബോവിക് പറഞ്ഞു. 

ക്രൊയേഷ്യന്‍ പ്രധാനമന്ത്രി ആന്‍ഡ്രെജ് പ്ലെന്‍കോവിച്ചും മറ്റു മന്ത്രിമാരും ഭൂകമ്പത്തെ തുടര്‍ന്ന് പെട്രിഞ്ചയിലെത്തി. 

ഭൂകമ്പ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് തെരച്ചില്‍ തുടരുകയാണ്. 

ഭൂകമ്പത്തെ തുടര്‍ന്ന് താമസ കേന്ദ്രങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് കഴിയാന്‍ 500 സ്ഥലങ്ങളില്‍ ബാരക്കുകള്‍ സജ്ജമാക്കിയതായും മറ്റുള്ളവരെ അടുത്ത ഹോട്ടലുകളിലും ലഭ്യമായ മറ്റു സ്ഥലങ്ങളിലും പാര്‍പ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഭൂകമ്പത്തെ തുടര്‍ന്ന് ഭയന്ന് ആളുകള്‍ തെരുവുകളിലേക്ക് ഓടിയിറങ്ങുകയായിരുന്നു. കോവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച യാത്രാ വിലക്കുകള്‍ അവഗണിച്ച് നിരവധി പേര്‍ നഗരംവിട്ട് പോയതായും റിപ്പോര്‍ട്ടുകളുണ്ട്. 

ക്രൊയേഷ്യയ്ക്ക് പുറമേ അയല്‍ രാജ്യങ്ങളായ സെര്‍ബിയ, ബോസ്‌നിയ, സ്ലൊവേനിയ എന്നിവിടങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു. തെക്കന്‍ ഓസ്ട്രിയയിലെ ഗ്രാസ് വരെ ഭൂകമ്പത്തിന്റെ അലയൊലികള്‍ ഉണ്ടായതായി ഓസ്ട്രിയ പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

ഭൂകമ്പത്തെ തുടര്‍ന്ന് ക്രസ്‌കോ ആണവ നിലയം താത്ക്കാലികമായി അടച്ചതായി സ്ലോവേനിയയിലെ അധികൃതര്‍ അറിയിച്ചു. 

Other News