ഈഫല്‍ ടവറില്‍ ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി


SEPTEMBER 24, 2020, 2:46 AM IST

പാരീസ്: അജ്ഞാത ബോംബ് ഭീഷണിയെത്തുടര്‍ന്ന് ഈഫല്‍ ടവറിനും സമീപ പ്രദേശത്തും സുരക്ഷ ശക്തമാക്കി. ടവറില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് പൊലീസിന് സന്ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് നടപടികളെന്ന് ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍കരുതലിന്റെ ഭാഗമായാണ് നടപടിയെന്ന് ടവര്‍ നടത്തിപ്പ് കമ്പനിയും വ്യക്തമാക്കി.  

ഫോണ്‍ സന്ദേശം ലഭിച്ചതിനുപിന്നാലെ സന്ദര്‍ശകരെ പൂര്‍ണമായും ഒഴിവാക്കി. പ്രദേശത്തെല്ലാം പരിശോധന നടത്തി. ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെ സ്ഥലത്തെത്തി. എന്നാല്‍ ബോംബ് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഫോണ്‍ സന്ദേശത്തില്‍ പറഞ്ഞതുപോലെ സംശയാസ്പദമായ സാഹചര്യമില്ല. ഇതേത്തുടര്‍ന്ന് രണ്ട് മണിക്കൂറിനുശേഷം ടവര്‍ സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തു. ഈഫല്‍ ടവറിലും സമീപ പ്രദേശങ്ങളിലുമായി കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെയും സുരക്ഷാ അംഗങ്ങളെയും വിന്യസിച്ചതായും പാരീസ് പൊലീസ് വ്യക്തമാക്കി. അതേസമയം, അജ്ഞാത ബോംബ് ഭീഷണി എവിടെ നിന്നാണ് ലഭിച്ചതെന്ന കാര്യം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

Other News