ഇംഗ്ലീഷ് ഫുട്ബാള്‍ താരം സര്‍ ബോബി ചാള്‍ട്ടണ്‍ അന്തരിച്ചു


OCTOBER 22, 2023, 12:39 AM IST

ലണ്ടന്‍: ഇതിഹാസതുല്യനായ ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം സര്‍ ബോബി ചാള്‍ട്ടണ്‍ അന്തരിച്ചു. 86 വയസായിരുന്നു. ഇംഗ്ലണ്ടിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഒരേയൊരു ലോകകപ്പ് നേട്ടത്തിലേക്കു നയിച്ച ക്യാപ്റ്റനായിരുന്നു ചാള്‍ട്ടണ്‍.

1966ല്‍ ഇംഗ്ലണ്ടിനെ ലോക ചാംപ്യന്‍മാരാക്കി രണ്ടു വര്‍ഷത്തിനു ശേഷം മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ രണ്ടു ഗോളുമായി യൂറോപ്യന്‍ ചാംപ്യന്‍മാരാക്കാനും അദ്ദേഹത്തിനു സാധിച്ചിരുന്നു. ഇംഗ്ലണ്ടില്‍നിന്നൊരു ക്ലബ് ആദ്യമായി യൂറോപ്യന്‍ ചാംപ്യന്‍മാരായത് അന്നായിരുന്നു. 

ഇംഗ്ലണ്ടിനു വേണ്ടി 106 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള സര്‍ ബോബി ചാള്‍ട്ടണ്‍ 49 ഗോളാണ് നേടിയത്.

1953ല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ യൂത്ത് അക്കാഡമിയില്‍ ചേര്‍ന്ന അദ്ദേഹം മൂന്നു വര്‍ഷത്തിനുള്ളില്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിച്ചു. 17 വര്‍ഷം അതേ ക്ലബ്ബിനു വേണ്ടി കളിച്ചു. 758 മത്സരങ്ങളില്‍ 249 ഗോളും നേടി. അവര്‍ക്കൊപ്പം യൂറോപ്യന്‍ കപ്പ് നേട്ടത്തിലും മൂന്ന് ലീഗ് കിരീടനേട്ടങ്ങലിലും എഫ്എ കപ്പ് നേട്ടത്തിലും പങ്കാളിയായി. വിരമിച്ച ശേഷം 39 വര്‍ഷം ക്ലബ് ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

1958ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ നിരവധി കളിക്കാര്‍ മരിച്ച മ്യൂണിച്ച് വിമാനാപകടത്തില്‍ നിന്ന് ചാള്‍ട്ടണ്‍ പരുക്കുകളോടെ രക്ഷപ്പെടുകയും അതേ വര്‍ഷം ക്ലബ്ബിനെ എഫ്എ കപ്പ് ഫൈനല്‍ വരെയെത്തിക്കുകയും ചെയ്തു.

തുടര്‍ന്ന് ക്ലബ്ബിന്റെ പുനരുദ്ധാരണത്തില്‍ സുപ്രധാന പങ്ക് വഹിച്ചു. 1963ല്‍ അവര്‍ എഫ്എ കപ്പ് നേടുകയും ചെയ്തു. മ്യൂണിച്ച് ദുരന്തത്തിനു ശേഷം ക്ലബ്ബിനു ലഭിക്കുന്ന ആദ്യത്തെ മേജര്‍ ട്രോഫിയായിരുന്നു അത്.

ഇംഗ്ലണ്ട് ജേതാക്കളായ ലോകകപ്പിന്റെ സെമി ഫൈനലില്‍ പോര്‍ച്ചുഗലിനെതിരേ ഇംഗ്ലണ്ടിന്റെ രണ്ടു ഗോളും നേടിയത് ചാള്‍ട്ടണ്‍ ആയിരുന്നു. ഫൈനലില്‍ പശ്ചിമ ജര്‍മനിയെ തോല്‍പ്പിച്ച് ചാംപ്യന്‍മാരുമായി. അദ്ദേഹത്തിന്റെ സഹോദരന്‍ ജാക്കും ആ ടീമില്‍ അംഗമായിരുന്നു.

ആ വര്‍ഷം ബാലണ്‍ ഡി'ഓര്‍ പുരസ്‌കാരവും ചാള്‍ട്ടണെ തേടിയെത്തി. നാല് ഇംഗ്ലിഷ് ഫുട്‌ബോളര്‍മാര്‍ മാത്രമാണ് നാളിതുവരെ ബാലണ്‍ ഡി'ഓറിന് അര്‍ഹരായിട്ടുള്ളത്.

ഇംഗ്ലണ്ടിനായി 49 ഗോള്‍ എന്ന ചാള്‍ട്ടന്റെ റെക്കോഡ് 2015ലാണ് വെയ്ന്‍ റൂണി മറികടക്കുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി 758 മത്സരം എന്ന റെക്കോഡ് റ്യാന്‍ ഗിഗ്‌സ് 2008ലും മറികടന്നിരുന്നു. ബോബി ചാള്‍ട്ടണ്‍ 1994ലാണ് ബ്രിട്ടീഷ് രാജ്ഞിയില്‍ നിന്നു പ്രഭു പദവി സ്വീകരിച്ച് സര്‍ ബോബി ചാള്‍ട്ടണായത്.

Other News