ലണ്ടന്‍: യു കെയില്‍ രണ്ടാം തവണയും മേയറായി ഇന്ത്യന്‍ വംശജന്. ദല്‍ഹി സ്വദേശിയായ വ്യവസായി സുനില്‍ ചോപ്രയാണ് ലണ്ടന്‍ ബറോ ഓഫ് സൗത്ത് വാര്‍ക്കിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.
2014-2015 കാലയളവില്‍ ലണ്ടന്‍ ബറോ ഓഫ് സൗത്ത് വാര്‍ക്കിന്റെ മേയറായും 2013-2014ല്‍ ഡെപ്യൂട്ടി മേയറായും ചോപ്ര സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബറോയിലെ ഉന്നത സ്ഥാനം വഹിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജനായ വ്യക്തി കൂടിയാണ് ചോപ്ര.
ചോപ്രയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു കെയിലെ ലേബര്‍ പാര്‍ട്ടി വിജയം നേടിയത്. ലണ്ടന്‍ ബ്രിഡ്ജ്, വെസ്റ്റ് ബെര്മണ്ട്സി സീറ്റുകളില്‍ ലിബറല്‍ ഡെമോക്രാറ്റുകള്ക്കെതിരെയായിരുന്നു ലേബര്‍ പാര്‍ട്ടിയുടെ വിജയം.
ഏറെക്കാലമായി പ്രതിപക്ഷ പാര്‍ട്ടികളുടെ കീഴിലായിരുന്ന സീറ്റാണ് ഇക്കുറി ലേബര്‍ പാര്‍ട്ടി സ്വന്തമാക്കിയത്. രണ്ട് ശതമാനം ഇന്ത്യന്‍ വംശജരാണ് ലണ്ടന്‍ ബറോ ഓഫ് സൗത്ത് വാര്‍ക്ക് കൗണ്‍സിലിലുള്ളത്.
2020ലാണ് ചോപ്ര യു കെ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം 2014ല്‍ ആദ്യമായി ലണ്ടന്‍ ബറോ ഓഫ് സൗത്ത് വാര്‍ക്കിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് തവണ ഡെപ്യൂട്ടി മേയറായും ചോപ്ര സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നാല് പതിറ്റാണ്ടിലേറെയായി ലണ്ടനില്‍ താമസിക്കുന്ന ചോപ്ര പ്രാദേശിക കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയാണ്. വസ്ത്രങ്ങളുടെ മൊത്തവ്യാപാരിയും സൗത്ത് വാര്‍ക്ക് ഹിന്ദു സെന്റര്‍ എന്ന സംഘടനയുടെ സഹ സ്ഥാപകനും കൂടിയാണ് ചോപ്ര.