എലിസബത്ത് രാജ്ഞിയുടെ കുടുംബശ്രീ മോഡല്‍


MARCH 23, 2022, 8:32 PM IST

ഏയ്, എലിസബത്ത് രാഞ്ജിക്ക് കേരളത്തിലെ കുടുംബശ്രീയൊന്നും പ്രചോദനമായിട്ടില്ല. എന്നാലും ഡിഷ് വാഷും തേനുമൊക്കെ കൊട്ടാരം ലേബലില്‍ വില്‍പ്പന നടത്തുന്നുണ്ട്.

ബ്രിട്ടീഷ് രാജ്ഞിയുടെ ഡിഷ് വാഷിന് ഒരു കുപ്പിക്ക് ഏകദേശം 20 ഡോളറാണത്രെ വിലവരിക. ദി ഡെയ്‌ലി മിററാണ് ഇക്കാര്യം പറയുന്നത്. പ്രകൃതിദത്തമായ ഡിഷ് വാഷ് സാന്‍ഡ്രിഗ്ഹാം എസ്റ്റേറ്റ് വഴിയാണ് വില്‍പ്പന നടത്തുന്നത്. ബ്രിട്ടനിലെ സാധാരണക്കാരും ഇനി രാജകീയമായി പാത്രം കഴുകട്ടെ. 

എസ്റ്റേറ്റിന്റെ ലോഗോയുള്ള ലേബലുമായി പുറത്തിറങ്ങിയ ഡിഷ് വാഷ് പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള അഭിനിവേശത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് നോര്‍ഫോക്ക് നാച്യുറല്‍ ലിവിംഗുമായി സഹകരിച്ച് നിര്‍മിക്കുന്നതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സസ്യശാസ്ത്രപരമായ ചേരുവകളാണ് ഉപയോഗിച്ചിരിക്കുന്നതെന്നും വ്യക്തമാക്കുന്നു. 

നായ പ്രേമിയായ രാജ്ഞി ഒരു മാസം മുമ്പാണ് ഡോഗ് പെര്‍ഫ്യൂം പുറത്തിറക്കിയത്. ഒരു കുപ്പി നായ സുഗന്ധത്തിന് 12.31 ഡോളറാണ് വില. നായ്ക്കളുടെ ദുര്‍ഗന്ധം അകറ്റാന്‍ ഈ പെര്‍ഫ്യൂം ഉപയോഗപ്പെടുമെന്നാണ് പറയുന്നത്. ഇതും പ്രാദേശിക കമ്പനി നോര്‍ഫോക്ക് നാച്വറല്‍ ലിവിംഗുമായി സഹകരിച്ചാണ് നിര്‍മിക്കുന്നത്. 

തീര്‍ന്നില്ല, രാജ്ഞിയുടെ 'കേരള മോഡല്‍ കുടുംബശ്രീ' പ്രവര്‍ത്തനം. സാന്‍ഡ്രിംഗ്ഹാം കൊട്ടാരത്തിലെ തേനീച്ചകളില്‍ നിന്നെടുത്ത തേന്‍ ഒരു ഭരണിക്ക് 20 ഡോളറിന് വില്‍പ്പന നടത്തുന്നുണ്ട്. രാജകുടുംബത്തിന്റെ വയലുകള്‍ക്ക് ചുറ്റും സ്ഥാപിച്ച തേനീച്ചക്കൂടുകളില്‍ നിന്നും ശേഖരിക്കുന്ന തേനാണ് പ്രജാക്ഷേമം മുന്‍നിര്‍ത്തി വിലയിട്ട് നല്കുന്നത്. പൂര്‍ണമായും ജൈവികമാണ് തേനെന്ന് ചാള്‍സ് രാജകുമാരന്റെ സാക്ഷ്യപ്പെടുത്തലുമുണ്ട്. മാത്രമല്ല ഇരുപതിനായിരം ഏക്കര്‍ വിസ്തൃതിയുള്ള എസ്റ്റേറ്റില്‍ കീടനാശിനി ഉപയോഗം അനുവദിക്കുന്നുമില്ല. അതുകൊണ്ടുതന്നെ ജൈവിക തേനെന്നത് വെറും പറച്ചിലല്ല. ഇംഗ്ലണ്ടിന്റെ കിഴക്കന്‍ ഭാഗത്തുള്ള നോര്‍ഫോക്കിലെ ഗിഫ്റ്റ് ഷോപ്പില്‍ രാജകീയ തേന്‍ വില്‍പ്പനയ്ക്കുണ്ട്. 

Other News