യുകെയില്‍ കൊല്ലപ്പെട്ട അഞ്ജുുവിന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും


DECEMBER 22, 2022, 9:33 AM IST

കവന്‍ട്രി: യുകെയില്‍ കൊല്ലപ്പെട്ട മലയാളി നേഴ്‌സ് അഞ്ജുുവിന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കാന്‍ യുകെയിലും നാട്ടിലുമായി ആരംഭിച്ച നടപടികള്‍ അന്തിമഘട്ടത്തില്‍.

എംബസി ആവശ്യപ്പെട്ടത് അനുസരിച്ചു ഫ്യൂണറല്‍ ഡയറക്ടര്‍ 6500 പൗണ്ടിന്റെ ക്വറ്റ് ഇതിനകം സമര്‍പ്പിച്ചിട്ടുണ്ട്. ഈ പണം എംബസിയുടെ ഫണ്ടില്‍ നിന്നും തന്നെ കൈമാറും. ഇക്കാര്യത്തിലും ഉറപ്പു ലഭിച്ചതോടെ മൃതദേഹം പോലീസ് വിട്ടു നല്‍കിയാല്‍ ഉടന്‍ നാട്ടില്‍ എത്താനുള്ള സാഹചര്യം ഒരുങ്ങുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാന്‍ എംബസി പണം നല്‍കില്ല എന്ന തരത്തില്‍ നേരത്തെ സോഷ്യല്‍ മീഡിയയിലടക്കം വ്യാപക പ്രചാരണം നടന്നതിനാല്‍ ആശങ്കയിലായിരുന്ന അഞ്ജുവിന്റെ കുടുംബത്തിന് ആശ്വാസമേകുന്നതാണ് നിലവിലെ പുരോഗതികള്‍.

എംബസിയില്‍ നിന്നും പണം ലഭിക്കില്ല എന്ന മട്ടില്‍ പ്രചാരണം നടത്തിയവര്‍ക്ക് എതിരെ നടപടി വേണമെന്ന ആവശ്യവും ഇതിനിടെ ശക്തമായിട്ടുണ്ട്. വിദേശ രാജ്യത്ത് ഇന്ത്യന്‍ എംബസിയുടെ സത്കീര്‍ത്തി നശിപ്പിക്കും വിധത്തില്‍ പ്രചാരണം നടത്തിയവരെ കണ്ടെത്തി മാതൃകാപരമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരില്‍ യുകെ മലയാളി സമൂഹത്തില്‍ നിന്നും ആവശ്യം ഉയര്‍ന്നിരിക്കുന്നത്.

അതിനിടയില്‍ അഞ്ജുവിന്റെയും രണ്ട് മക്കളുടെയും കൊലയാളിയായ ഭര്‍ത്താവ് സാജു ചെലവേലിനെ തിങ്കളാഴ്ച മജിസ്‌ട്രേറ്റ് കോടയില്‍ ഹാജരാക്കിയിരുന്നു. പ്രാഥമിക വാദത്തിനായി പിന്നീട് രാവിലെ നോര്‍ത്താംപ്ടണ്‍ ക്രൗണ്‍ കോടതിയില്‍ എത്തിച്ചു. ാജ്യം ഒട്ടാകെ ശ്രദ്ധിച്ച ഒരു കേസ് എന്ന നിലയില്‍ ക്രിസ്മസ് അവധി കഴിഞ്ഞു കോടതി കൂടുന്നതോടെ വിശദമായ വിചാരണ ആരംഭിക്കും. ഇത് മിക്കവാറും ജനുവരി അവസാനത്തിനു മുന്‍പ് പൂര്‍ത്തിയാകാനുള്ള സാധ്യതയാണ് അഭിഭാഷകര്‍ നല്‍കുന്ന സൂചന. എങ്കില്‍ സാജുവിനുള്ള ശിക്ഷ നടപടികളും അധികം വൈകാതെ തന്നെ കോടതിയില്‍ തീര്‍പ്പാകും. ഇപ്പോഴുള്ള വേഗതയില്‍ കേസ് പോകുകയാണെങ്കില്‍ ഫാസ്റ്റ് ട്രാക്ക് സംവിധാനത്തില്‍ കേസ് വാദം കേള്‍ക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. സാജുവിനെ കോടതിയിലെത്തിക്കുന്നതും തിരികെ കൊണ്ടുപോകുന്നതുമെല്ലാം ബ്രിട്ടീഷ് മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ ചിത്രങ്ങള്‍ സഹിതം പ്രസിദ്ധീകരിക്കുന്നുണ്ട്.

 കോടതിയില്‍ എത്തിക്കുമ്പോഴും തിരികെ വാനില്‍ കയറ്റുമ്പോഴും മാധ്യമ ഫോട്ടോഗ്രാഫര്‍മാര്‍ സാജുവിന് പിന്നാലെ കൂടി ചിത്രങ്ങള്‍ പകര്‍ത്തി. ഡെയിലി മിറര്‍ അടക്കമുള്ള പത്രങ്ങള്‍ കൊലപാതക കേസിലെ പ്രതിയുടെ സംഭവ ശേഷമുള്ള ആദ്യ ചിത്രങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചതും. ഈ ചിത്രങ്ങള്‍ മലയാളികള്‍ പലരും സോഷ്യല്‍ മീഡിയയില്‍ എത്തിച്ചതോടെ സാജുവിനെ ആക്ഷേപിക്കും മട്ടില്‍ ഉള്ള കമന്റുകളും തുരുതുരാ എത്തിയിരുന്നു. ജയില്‍ ഉദ്യോഗസ്ഥന്റെ കൈപിടിച്ച് ചാര നിറത്തില്‍ ഉള്ള ട്രാക്ക് സ്യുട്ട് ഇട്ടാണ് സാജു വാര്‍ത്തകളില്‍ നിറയുന്നത്. മുഖത്ത് പ്രത്യേക ഭാവ വത്യസം ഒന്നുമില്ലാത്ത സാജുവിന്റെ ചിത്രമാണ് പലരെയും സോഷ്യല്‍ മീഡിയയില്‍ പ്രകോപനത്തോടെ കമന്റ് ചെയ്യാന്‍ പ്രേരിപ്പിച്ചത്.

മൂന്നു പേരുടെ കൊലപാതകവും അതില്‍ രണ്ടു കുട്ടികളും ഉള്‍പ്പെട്ടതോടെ പരമാവധി ശിക്ഷ ഉറപ്പാക്കാനുള്ള ശ്രമമാകും പ്രോസിക്യൂഷന്‍ ഏറ്റെടുക്കുക. സമാനമായ സംഭവത്തില്‍ മുന്‍പ് കോടതികള്‍ കുറഞ്ഞത് 30 വര്‍ഷത്തെ ജയില്‍ വാസമോ ശേഷ ജീവിതം പൂര്‍ണമായും ജയിലഴിക്കുള്ളില്‍ ആകുവാനോ ഉള്ള സാധ്യതയും തള്ളിക്കളയാനാകില്ല. മുന്‍പ് മകള്‍ അടക്കം അനേകം പേരെ വര്‍ഷങ്ങളോളം തടവറയില്‍ ആക്കിയ കേസില്‍ മാവോയിസ്റ്റ് കള്‍ട്ട് നേതാവ് ആയി സ്വയം ചമഞ്ഞ അരവിന്ദന്‍ ബാലകൃഷ്ണന്‍ എന്ന സഖാവ് ബാലയെ സൗത്ത് വാര്‍ക്ക് ക്രൗണ്‍ കോടതി 23 വര്‍ഷത്തേക്കാണ് ജയിലില്‍ ഇട്ടത്.

എന്നാല്‍ ശിക്ഷ ലഭിക്കുമ്പോള്‍ 75 വയസായിരുന്ന സഖാവ് ബാല ആറുവര്‍ഷത്തോളം ജയിലില്‍ കിടന്ന ശേഷം മരിച്ചു. 2016 ജനുവരിയില്‍ ജയിലില്‍ എത്തിയ ബാല ഇക്കഴിഞ്ഞ ഏപ്രിലിലാണ് മരണത്തിനു കീഴടങ്ങിയത്.

Other News