കടകള്‍ അടയുന്ന റോമില്‍ പുതുതായി വരുന്നത് മാസ്‌ക് വില്‍പ്പന കേന്ദ്രങ്ങള്‍


JULY 28, 2020, 5:21 AM IST

റോം: ഇറ്റലിയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ഇറ്റാലിയന്‍ ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന കടകളായിരുന്നു മാര്‍കോ ഗ്വിറിനി നടത്തിയിരുന്നത്. വൈന്‍, ചെറുനാരങ്ങയില്‍ നിന്നുത്പാദിപ്പിക്കുന്ന പ്രത്യേകതരം മദ്യം, കൂണ്‍ ഓയില്‍ തുടങ്ങിയ വസ്തുക്കളായിരുന്നു മാര്‍കോയുടെ പ്രധാന വില്‍പ്പന വസ്തുക്കള്‍.

പെട്ടെന്നൊരുനാള്‍ സന്ദര്‍ശകര്‍ ഇല്ലാതാവുകയും കൊറോണ പിടിമുറുക്കുകയും ചെയ്ത ഇറ്റലിയില്‍ മാര്‍ക്കോയുടെ കടകളും ഒന്നിനു പിറകെ ഒന്നായി അടച്ചിടേണ്ടി വന്നു. രാജ്യവും അടച്ചിടപ്പെട്ടു. ഇതോടെയാണ് ഇദ്ദേഹത്തിന് ഉറക്കമില്ലാത്ത രാവുകളായത്. 

പിതാവിന്റെ ഉത്കണ്ഠയും ആശങ്കയും തിരിച്ചറിഞ്ഞ ടീനേജുകാരായ മൂന്നുമക്കള്‍ പുതിയ ആശയമായിരുന്നു അച്ഛനു മുമ്പില്‍ വെച്ചത്. എന്തുകൊണ്ട് ചില കടകളെയെങ്കിലും മാറിച്ചിന്തിച്ച് നടത്തിക്കൂടാ. എല്ലാവര്‍ക്കും ആവശ്യമുള്ള ഒരു വസ്തു എന്തുകൊണ്ട് കടകളില്‍ വില്‍പ്പന നടത്തിക്കൂടാ എന്ന ചോദ്യമായിരുന്നു പുതിയ ആശയമായത്. മാസ്‌ക് മാത്രം വില്‍ക്കുന്ന കമ്പനിയെ കുറിച്ചുള്ള ആലോചന വന്നത് അങ്ങനെയാണ്. 

മാസ്‌കുകളുടെ ആവശ്യം ദീര്‍ഘകാലത്തേക്ക് ഉണ്ടാവുമെന്ന് താന്‍ തിരിച്ചറിഞ്ഞുവെന്നാണ് പതിനേഴുകാരനായ മകന്‍ ലൂക ഗ്വിറിനി പറഞ്ഞത്. സര്‍ജിക്കല്‍ മാസ്‌കുമണിഞ്ഞ് സ്‌കൂളിലേക്ക് പോകുന്നതിന് പകരം തീര്‍ത്തും സ്റ്റൈലുള്ളതും ഓരോരുത്തരുടേയും ഇഷ്ടത്തിന് അനുസരിച്ചുള്ളതുമായാല്‍ എങ്ങനെയാവുമെന്ന ചിന്തയും ഗുണം ചെയ്തു.

Other News