ലണ്ടന്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി ഇന്ത്യന്‍ വംശജന്‍


NOVEMBER 12, 2023, 7:18 AM IST

ലണ്ടന്‍: അടുത്തവര്‍ഷം (2024) നടക്കാനിരിക്കുന്ന ലണ്ടനിലെ മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ഇന്ത്യന്‍ ഇന്ത്യന്‍ വംശജനായ തരുണ്‍ ഗുലാത്തി. കഴിഞ്ഞ 20 വര്‍ഷമായി ലണ്ടനില്‍ ജീവിക്കുന്ന ഗുലാത്തിക്ക് ലണ്ടന്റെ പുരോഗതിക്കായി നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ലണ്ടനെയും ലണ്ടനിലെ ജനങ്ങളെയും പുരോഗതിയിലേക്ക് നയിക്കുന്നതിന് നിരവധി വികസന പദ്ധതികള്‍ നടപ്പാക്കാന്‍ 63 കാരനായ ഗുലാത്തിയ്ക്ക് കഴിയുമെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു.

നഗരത്തിലെ താഴ്ന്ന വിഭാഗത്തിനും മധ്യവര്‍ഗക്കാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാനും അവരുടെ ജീവിതത്തില്‍ പുരോഗതിയുണ്ടാക്കാനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ തനിയ്ക്ക് കഴിയുമെന്നും തന്റെ ആശയങ്ങള്‍ ഇലക്ഷനില്‍ എതിരാളിയായ പാകിസ്ഥാന്‍ വേരുകളുള്ള ലണ്ടന്റെ ഇപ്പോഴത്തെ മേയര്‍ സാദിഖ് ഖാന് എതിരെ വിജയം കൈവരിക്കാന്‍ തന്നെ സഹായിക്കുമെന്നും ഗുലാത്തി വിശ്വസിക്കുന്നു.''പല രാജ്യങ്ങളില്‍ നിന്നുള്ള നിരവധി ജനങ്ങള്‍ ഇവിടെ ജീവിക്കുന്നു, അവര്‍ക്കിടയില്‍ നല്ല രീതിയിലുള്ള സഹകരണം വളര്‍ത്താന്‍ എനിക്ക് കഴിയുമെന്ന് കരുതുന്നുവെന്നും'' ഗുലാത്തി പറഞ്ഞു.

മൂന്നാം വട്ടവും മേയര്‍ മത്സരത്തിനായി ഇറങ്ങുന്ന ഖാന് പ്രധാന വെല്ലുവിളി ULEZ എന്ന നയമാണ്. പ്രധാന നിര്‍മ്മാണ നിര്‍ദേശങ്ങളും മറ്റും പാലിക്കാതെ നിരത്തില്‍ ഓടുന്ന വണ്ടികള്‍ ദിവസവും 12.50 പൌണ്ട് നല്‍കണം എന്നതായിരുന്നു ഖാന്‍ നടപ്പാക്കിയ നയം. ഇത് വളരെയേറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഒരു സ്വാതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് ഗുലാത്തി ആലോചിക്കുന്നത്. ടോറിയുടെ സ്ഥാനാര്‍ഥിയായി സൂസന്‍ ഹില്‍ നില്‍ക്കുമ്പോള്‍, ലണ്ടന്റെ ആദ്യ വനിതാ മേയര്‍ ആകാനുള്ള ആഗ്രഹമാണ് ഹില്ലിനുള്ളത്.

ലിബറല്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായി റോബ് ബ്ലാക്കിയും മത്സര രംഗത്തുണ്ട്. 2024 മെയ് രണ്ടിനാണ് തിരഞ്ഞെടുപ്പ് നടക്കുക. ലണ്ടനെ ജന്മ നാടായി കരുതുന്ന നിരവധി രാജ്യങ്ങളിലെ ജനങ്ങള്‍ ഇവിടെയുണ്ട്, അവരുടെ ആ വിശ്വാസം അവസരമായി മാറ്റാനാണ് ഞാന്‍ ശ്രമിക്കുക. പല രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ലണ്ടന്റെ പുരോഗതിക്കായി അവരുമായി സഹകരണം സൃഷ്ടിക്കുകയും ചെയ്യും ' എന്നും ക്യാമ്പയിന്റെ ഭാഗമായുള്ള രാജ്യ സന്ദര്‍ശനങ്ങള്‍ക്ക് ഇടയില്‍ ഗുലാത്തി പറഞ്ഞു.

'' എന്റെ ക്യാമ്പെയിന്‍ തുടങ്ങാന്‍ ഹൈദരാബാദിനെക്കാളും നല്ലൊരു സ്ഥലം വേറെ ഇല്ല. സാംസ്‌കാരികപരമായും സാമൂഹിക പരമായും വളരെ പുരോഗതി കൈവരിച്ച ഈ നഗരം സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് മികച്ച അവസരങ്ങള്‍ നല്‍കുന്നു ' എന്നും ഗുലാത്തി പറഞ്ഞു. ബാലാജി ചില്‍കുര്‍ ക്ഷേത്ര സന്ദര്‍ശന വേളയിലാണ് ഗുലാത്തിയുടെ പ്രതികരണം. 2024 മാര്‍ച്ച് മാസമാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഡെപ്പോസിറ്റായി 10,000 പൌണ്ടും നല്‍കണം.

Other News