ലണ്ടന്‍:സൗത്ത് ലണ്ടനില്‍ കോവിഡ് വൈറസിന്റെ അതിവ്യാപന ശക്തിയുള്ള പുതിയ വകഭേദം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയതായി യു.കെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു. ഇത് അണുബാധ വളരെ വേഗം വ്യാപിക്കാന്‍ ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. എന്നാല്‍ ഇത് ഗുരുതരമായ രോഗത്തിന് കാരണമാകില്ലെന്നും മാറ്റ് പറഞ്ഞു.
ലണ്ടന്‍ നഗരത്തില്‍ ദിനംപ്രതി കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്നും വൈറസ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്നും മാറ്റ് ഹാന്‍കോക്ക് പറഞ്ഞു. ഇതിന്റെ ഭാഗമായി ബുധനാഴ്ച മുതല്‍ ലണ്ടനില്‍ ടയര്‍ 3 നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനാല്‍ തന്നെ പബ്ബുകള്‍, തിയേറ്ററുകള്‍, ഹോട്ടലുകള്‍ എന്നിവ അടഞ്ഞു കിടക്കും.നിലവില്‍ ലണ്ടനില്‍ ടയര്‍ 2 നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം ഫൈസറിന്റെ കോവിഡ് വാക്സിന് അടിയന്തര ഉപയോഗത്തിന് യു.കെ അനുമതി നല്‍കിയിരുന്നു. വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഏറെ ഫലപ്രദമാണെന്നത് ശുഭപ്രതീക്ഷ നല്‍കുന്നുവെന്നും ഇത് പരാജയപ്പെടാന്‍ സാദ്ധ്യതയില്ലെന്നും മാറ്റ് ഹാന്‍കോക്ക് കൂട്ടിച്ചേര്‍ത്തു.