യുകെയില്‍ പുതിയ നിയമം നിലവില്‍ വന്ന് ഒരാഴ്ചകഴിഞ്ഞ്  വിവാഹമോചനങ്ങള്‍ ഇരട്ടിയായി


APRIL 14, 2022, 2:44 PM IST

ലണ്ടന്‍:  പ്രശ്‌ന രഹിതമായ വിവാഹമോചനങ്ങള്‍ സാധ്യമാക്കുന്നതിനായി യുകെയില്‍ പുതുതായി നടപ്പാക്കിയ  'നോ ഫോള്‍ട്ട് ' (‘No-fault’ divorce law )എന്ന നിയമം പ്രാബല്യത്തിലായതോടെ ഒരാഴ്ചയ്ക്കുള്ളില്‍ വിവാഹമോചന അപേക്ഷകള്‍ പകുതിയോളം ഉയര്‍ന്നതായി കണക്കുകള്‍. ഏപ്രില്‍ 6 ന് നിയമം പ്രാബല്യത്തില്‍ വന്ന ശേഷം ഇംഗ്ലണ്ടിലും വെയില്‍സിലും 3,000 ദമ്പതികള്‍ തങ്ങളുടെ വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ അപേക്ഷിച്ചുവെന്നാണ് കണക്ക്. ഇത് ഒരു സാധാരണ ആഴ്ചയേക്കാള്‍ 50 ശതമാനം കൂടുതലാണെന്ന് അഭിഭാഷകര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ച 107,724 വിവാഹമോചന ഹര്‍ജികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ - ആഴ്ചയില്‍ ശരാശരി 2,072 ആണ്. തൊട്ടു മുന്‍വര്‍ഷം ഇത് 111,996 ആയിരുന്നു, ആഴ്ചയില്‍ ശരാശരി 2,154 ഉം.

ഒന്നിച്ചു പോകാനാവില്ലെന്നു ഉറച്ചു വിശ്വസിക്കുന്ന ദമ്പതിമാര്‍ക്ക് വേര്‍പിരിയാനുള്ള നടപടികള്‍ ലളിതമാക്കിയാണ് ' നോ ഫോള്‍ട്ട്' നിയമം എന്നപേരില്‍ അറിയപ്പെടുന്ന ഈ പുതിയ നിയമം നിലവില്‍ വന്നത് . അരനൂറ്റാണ്ടായി നിലനിന്നിരുന്ന വിവാഹമോചന നിയമത്തില്‍ വലിയ മാറ്റമാണ് വരുന്നത്. പിരിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിഞ്ഞകാല ചെയ്തികള്‍ സംസാരവിഷയമാക്കാതെയും പരസ്പരം കുറ്റപ്പെടുത്താതെയും പിരിയാന്‍ സഹായിക്കുന്ന നിയമം എന്നാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത് .

പുതിയ നിയമം അനുസരിച്ച്, ഒരാള്‍ക്ക് തന്റെ പങ്കാളിയുടെ മേല്‍ കുറ്റാരോപണങ്ങള്‍ നടത്താന്‍ ആകില്ല. മറിച്ച് ഒരിക്കലും യോജിക്കാന്‍ കഴിയാത്തവണ്ണം തകര്‍ന്ന ദാമ്പത്യ ബന്ധമാണ് തങ്ങളുടേതെന്ന പ്രസ്താവന വ്യക്തിപരമായോ, സംയുക്തമായോ നല്‍കാം. അതിനുശേഷം 20 ആഴ്ചക്കാലത്തെ ഇടവേളക്ക് ശേഷമായിരിക്കും ബാക്കി പ്രക്രിയകള്‍ അംഗീകരിക്കുക. വളരെ ചുരുക്കം സാഹചര്യങ്ങളിലല്ലാതെ വിവാഹമോചനം നല്‍കിയ നടപടിയെ എതിര്‍ക്കാന്‍ കഴിയില്ല എന്നതാണ്.

ഇതുവരെ, പങ്കാളിയുടെ അവിഹിത ബന്ധമോ അല്ലെങ്കില്‍ സഹിക്കാനാകാത്ത പെരുമാറ്റ രീതിയോ തെളിയിച്ചാല്‍ മാത്രമായിരുന്നു വിവാഹമോചനം അനുവദിച്ചിരുന്നത്. പങ്കാളിയുടെ സമ്മതമില്ലാതെ വിവാഹമോചനം നേടാന്‍ ഇതുവരെയുണ്ടായിരുന്ന ഒരേയൊരു വഴി അഞ്ചു വര്‍ഷം വരെ വേറിട്ട് താമസിക്കുക എന്നതു മാത്രമായിരുന്നു.

എന്നാല്‍, കുട്ടികളുണ്ടെങ്കില്‍ അവരുടെ പരിപാലനം, വിവാഹമോചനത്തിനു ശേഷമുള്ള താമസം, ഒരുപക്ഷെ ഹ്രസ്വകാലത്തേക്ക് ആവശ്യമായി വരുന്ന സാമ്പത്തിക സഹായം എന്നീ ഒരുപാട് കാര്യങ്ങള്‍ പരിഹരിക്കപ്പെടേണ്ടതായിട്ടുണ്ട്. പുതിയ നിയമം അതിനൊന്നും കൃത്യമായ ഉത്തരം നല്‍കുന്നില്ല എന്നും ചിലര്‍ വിമര്‍ശിക്കുന്നു.

പുതിയ വിവാഹമോചന നിയമമനുസരിച്ച് അപേക്ഷ നല്‍കിയാല്‍ 20 ആഴ്ചകള്‍ കഴിയുമ്പോള്‍ നിബന്ധനകളോടെയുള്ള വിവാഹ മോചനം അനുവദിക്കും. ഇത് ലഭിച്ചാല്‍ 6 ആഴ്ചകള്‍ക്കുള്ളില്‍ അന്തിമ ഉത്തരവും ലഭിക്കും. അതായത്, വിവാഹമോചനത്തിനുള്ള അപേക്ഷ നല്‍കിയാലും ആറുമാസക്കാലം പിന്നെയും അവര്‍ ഭാര്യാഭര്‍ത്താക്കന്മാരായി തുടരും.

വിദഗ്ദ്ധര്‍ ആശങ്കപ്പെട്ടതുപോലെ പുതിയ നിയമം പ്രാബല്യത്തിലാതോടുകൂടി വിവാഹമോചനങ്ങളുടെ എണ്ണം  വര്‍ധിച്ചിരിക്കുകയാണ്.

Other News