പാസ്‌പോര്‍ട്ടും ലൈസന്‍സും വേണ്ട; ബ്രിട്ടീഷ് രാജാവിന് പ്രത്യേക അവകാശങ്ങള്‍


SEPTEMBER 10, 2022, 12:09 AM IST

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെ തുടര്‍ന്ന് ബ്രിട്ടന്റെയും കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെയും ഭരണാധികാരിയാകുന്ന ചാള്‍സിന് ലഭിക്കുക പ്രത്യേക അവകാശങ്ങള്‍. യാത്രകള്‍ നടത്താന്‍ പാസ്പോര്‍ട്ട് വേണ്ട, വാഹനങ്ങളോടിക്കാന്‍ ലൈസന്‍സ് വേണ്ട, വര്‍ഷത്തില്‍ രണ്ടുതവണ ജന്മദിനം ആഘോഷിക്കാം തുടങ്ങിയ പ്രത്യേക ആനുകൂല്യങ്ങളാണ് രാജാവിനെ തേടിയെത്തുക.

ഏത് വിദേശ രാജ്യത്തേക്കാണെങ്കിലും പാസ്പോര്‍ട്ടില്ലാതെ 

ചാള്‍സ് രാജാവിന് യാത്ര നടത്താം. രാജ്യത്ത് യാത്രാരേഖകള്‍ അടിച്ചിറക്കുന്നത് രാജാവിന്റെ പേരിലാണ് എന്നതിനാലാണ് രാജാവിന് മറ്റു രേഖകളുടെ ആവശ്യമില്ലാത്തത്. എന്നാല്‍, മറ്റു രാജകുടുംബാംഗങ്ങള്‍ക്ക് ഈ അവകാശം ലഭിക്കില്ല. അതുപോലെ തന്നെയാണ് ഡ്രൈവിങ് ലൈസന്‍സിന്റെ കാര്യത്തിലും. ബ്രിട്ടനില്‍ ലൈസന്‍സില്ലാതെ വാഹനം ഓടിക്കാന്‍ അനുമതിയുള്ള ഏക വ്യക്തി രാജാവാണ്. 

ഇത്തരം അവകാശങ്ങള്‍ കൂടാതെ രാജ്ഞിയുടെ 426 ദശലക്ഷം ഡോളറിന്റെ സ്വകാര്യസ്വത്തും ചാള്‍സ് രാജാവിനാവും ലഭിക്കുക. അതും അനന്തരാവകാശ നികുതികളൊന്നും കൊടുക്കാതെ തന്നെ സ്വത്തുക്കളെല്ലാം കൈവശവകാശമായി ലഭിക്കും. ക്രൗണ്‍ എസ്റ്റേറ്റ് ഭൂമി, പരമ്പരാഗതമായ രേഖകള്‍, അമൂല്യമായ ചിത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിങ്ങനെ കോടിക്കണക്കിന് മൂല്യമുള്ള സ്വത്താണ് ലഭിക്കുക. എന്നാല്‍, ചാള്‍സ് രാജാവ് ഇപ്പോള്‍ ഭരിക്കുന്ന ഡച്ച് ഓഫ് കോണ്‍വെല്ലിലെ ചില എസ്റ്റേറ്റുകള്‍ കൈയില്‍ നിന്നും നഷ്ടപ്പെട്ടേക്കാം. 

ഇങ്ങനെ രണ്ട് ജന്മദിനങ്ങള്‍ രാജപദവിയിലിക്കുന്നവര്‍ക്ക് കിട്ടുന്ന പ്രത്യേക പദവിയാണ്. എലിസബത്ത് രാജ്ഞിക്ക് രണ്ട് ജന്മദിനങ്ങള്‍ ഉണ്ടായിരുന്നു. ഏപ്രില്‍ 21ന് അവരുടെ യഥാര്‍ഥ ജന്മദിനവും ജൂണിലെ രണ്ടാമത്തെ ചൊവ്വാഴ്ച ഔദ്യോഗിക പൊതുആഘോഷവുമായിരുന്നു. ചാള്‍സിന്റെ യഥാര്‍ഥ ജന്മദിനം നവംബര്‍ 14നാണ്. ഈ സമയം ശൈത്യകാലമായതിനാല്‍ പൊതു ആഘോഷങ്ങള്‍ക്ക് അവസരം നല്‍കുന്നതിനായി വേനല്‍ക്കാലത്ത് ഒരു തിയ്യതി പ്രഖ്യാപിച്ചേക്കും. 1400ലധികം സൈനികരും 200 കുതിരകളും 400 സംഗീതജ്ഞരും ഉള്‍പ്പെടുന്ന വര്‍ണാഭമായ പൊതു ആഘോഷ പരിപാടികളാകും പിറന്നാളിന് സംഘടിപ്പിക്കുക. ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ നിന്ന് രാജകുടുംബങ്ങളെ സാക്ഷിയാക്കി വ്യോമസേനയുടെ ഒരു ഫ്ളൈപാസോടെയാണ് നടപടികള്‍ അവസാനിപ്പിക്കുക. 

ബ്രിട്ടീഷ് രാജാവിന് പൊതുതെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനാവില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും കഴിയില്ല. രാഷ്ട്രത്തലവന്‍ എന്ന നിലയില്‍ അവര്‍ രാഷ്ട്രീയ കാര്യങ്ങളില്‍ കര്‍ശനമായി നിഷ്പക്ഷത പാലിക്കണമെന്നാണ് നിബന്ധന. അതേസമയം, പാര്‍ലമെന്റ് സമ്മേളനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനത്തിലും പാര്‍ലമെന്റില്‍ നിന്നുള്ള നിയമനിര്‍മാണത്തിന് അംഗീകാരം നല്‍കുന്നതിലും പ്രധാനമന്ത്രിയുമായി പ്രതിവാര ചര്‍ച്ചകള്‍ നടത്തുന്നതിലും ചാള്‍സ് രാജകുമാരന്‍ പങ്കാളിയാവും. 

ബ്രിട്ടനിലെ ജനങ്ങളുടെ മാത്രമല്ല, പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും തടാകങ്ങളിലും നദികളിലുമുള്ള മ്യൂട്ട് സ്വാന്‍ വിഭാഗത്തില്‍പ്പെട്ട അരയന്നങ്ങള്‍ രാജാവിന്റെ സ്വത്തായി കണക്കാക്കപ്പെടുന്നു. എല്ലാ വര്‍ഷവും തെംസ് നദിയുടെ തീരങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട ഒരു ചടങ്ങ് നടത്താറുണ്ട്. ബ്രിട്ടീഷ് ജലാശയങ്ങളിലെ സ്റ്റര്‍ജന്‍ (കടല്‍ക്കൂരി), ഡോള്‍ഫിനുകള്‍, തിമിംഗലങ്ങള്‍ എന്നിവയ്ക്കും രാജാവുമായി ബന്ധപ്പെട്ട പ്രത്യേകാവകാശമുണ്ട്. രാജാവിന് ചരക്കുകളും സേവനങ്ങളും പതിവായി വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് ചാള്‍സ് മൂന്നാമന്‍ രാജാവ് ഒരു റോയല്‍ വാറന്റ് നല്‍കും. കമ്പനികള്‍ക്ക് അവരുടെ ചരക്കുകളില്‍ രാജകീയ ചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ ഈ വാറണ്ട് അധികാരം നല്‍കുന്നുണ്ട്.

ബ്രിട്ടന്റെ അടുത്ത രാജാവായി ചാള്‍സ് രാജകുമാരന്‍ അധികാരമേറ്റെടുക്കുമ്പോള്‍ അദ്ദേഹത്തിന് പ്രായം 73 വയസ്സായിരിക്കും. ബ്രിട്ടനില്‍ സിംഹാസനത്തിലേറുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരിക്കും ചാള്‍സ് രാജകുമാരന്‍. സ്ഥാനമേറ്റെടുക്കുമ്പോള്‍ ചാള്‍സ് മൂന്നാമന്‍ എന്ന പേരിലായിരിക്കും അദ്ദേഹം സ്വീകരിക്കുക. 

ചാള്‍സിന്റെ ഭാര്യ കാമില രാജ്ഞിയാകും. ചാള്‍സ് രാജകുമാരന്റെ രണ്ടാം ഭാര്യയാണ് കാമില. തന്റെ കാലശേഷം മകന്‍ ചാള്‍സ് രാജകുമാരന്‍ ബ്രിട്ടനിലെ രാജാവാകുമ്പോള്‍ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായ കാമിലയെ രാജ്ഞിയെന്നു വിളിക്കാമെന്നു എലിസബത്ത് രാജ്ഞി നേരത്തെ പറഞ്ഞുവെച്ചിരുന്നു. രാജ്ഞിയുടെ ഏഴുപതാം ഭരണ വാര്‍ഷികത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് കാമിലയ്ക്ക് 'ക്വീന്‍ കൊന്‍സൊറ്റ്' (രാജപത്‌നി) പദവി മുന്‍കൂട്ടി സമ്മാനിച്ചത്.

Other News