യു.കെയില്‍ എത്തുന്ന ഇന്ത്യക്കാരുടെ ക്വാറന്റീന്‍ ഒഴിവാക്കി


OCTOBER 8, 2021, 7:14 AM IST

ലണ്ടന്‍: യു.കെയില്‍ എത്തുന്ന ഇന്ത്യക്കാരുടെ ക്വാറന്റീന്‍ ഒഴിവാക്കി. കൊവിഷീല്‍ഡ് വാക്സിന്‍ യു.കെ അംഗീകരിച്ചു. രണ്ട് ഡോസ് എടുത്തവര്‍ക്ക് ക്വാറന്റീന്‍ വേണ്ട. തിങ്കളാഴ്ച മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍. ഇന്ത്യയുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് യാത്രാ നിയന്ത്രണങ്ങള്‍ യു.കെ പിന്‍വലിച്ചത്.

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചാലും ക്വാറന്റീന്‍ വേണമെന്ന് ബ്രിട്ടന്‍ നിര്‍ദേശിച്ചിരുന്നു. ബ്രിട്ടന്റെ നിര്‍ബന്ധിത നടപടിയില്‍ ഇന്ത്യ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ബ്രിട്ടന്റെ തീരുമാനം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തിരിച്ചടിയാണെന്നും വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശിഖല്‍പ്രതികരിച്ചിരുന്നു.

ബ്രിട്ടന്‍ നയം മാറ്റിയില്ലെങ്കില്‍ ഇന്ത്യയും സമാനനയം സ്വീകരിക്കുമെനന്നായിരുന്നു ഇന്ത്യയുടെ നിലപാട്.ഇതിന് പിന്നാലെ ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ഇന്ത്യയും നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തി. പത്ത് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലേക്ക് വരുന്നതിന് മുന്‍പും ശേഷവും ആര്‍ടിപിസിആര്‍ പരിശോധന നിര്ബന്ധമാണ്. എട്ട് ദിവസത്തെ ക്വാറന്റീന് ശേഷവും ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്ന് ഇന്ത്യയും നിലപാടെടുത്തിരുന്നു.


അതേസമയം, സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിച്ച കോവിഷീൽഡ് വാക്‌സിൻ എടുത്ത യാത്രക്കാർക്ക് ഓസ്‌ട്രേലിയൻ സർക്കാർ പ്രവേശനാനുമതി നൽകി. കൊറോണാവാക് (സിനോവാക്), കോവിഷീൽഡ് എന്നീ വാക്‌സിൻ എടുത്ത യാത്രക്കാർക്ക് ഇനി ഓസ്‌ട്രേലിയയിൽ പ്രവേശിക്കുന്നതിന് തടസമില്ല. വരും ആഴ്ചകളിൽ, ആരോഗ്യമന്ത്രാലയം ബയോസെക്യൂരിറ്റി ആക്ടിന്റെ അടിയന്തര തീരുമാനങ്ങൾ പരിഷ്‌കരിക്കുകയും കൂടുതൽ യാത്രാ ഇളവുകൾ പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ പറഞ്ഞു.


Other News