നവാല്‍നി താമസിച്ച ഹോട്ടല്‍ മുറിയില്‍നിന്നും കണ്ടെടുത്ത വെള്ളക്കുപ്പിയില്‍ നൊവിചോക്കിന്റെ അംശം


SEPTEMBER 17, 2020, 9:41 PM IST

മോസ്‌കോ: റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയ്ക്ക് വിഷബാധയേറ്റത് കുപ്പിവെള്ളത്തില്‍ നിന്നെന്ന് റിപ്പോര്‍ട്ടുകള്‍. സൈബീരിയയില്‍ നവാല്‍നി താമസിച്ച ഹോട്ടല്‍ മുറിയില്‍നിന്നും കണ്ടെടുത്ത കുപ്പിവെള്ളത്തില്‍ നൊവിചോക്കിന്റെ അംശം കണ്ടെത്തിയതായാണ് അദ്ദേഹത്തിന്റെ അനുയായികളുടെ വാദം. ജര്‍മന്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് വെള്ളത്തില്‍ വിഷാംശം കണ്ടെത്തിയത്. കുപ്പിവെള്ളത്തില്‍ നാഡീവ്യൂഹത്തെ ബാധിക്കുന്ന നൊവിചോക്കിന്റെ സാന്നിധ്യം മറ്റു ലബോറട്ടറികളില്‍ നടത്തിയ പരിശോധനകളിലും കണ്ടെത്തിയിട്ടുണ്ടെന്നും നവാല്‍നിയുടെ അനുയായികള്‍ ആരോപിക്കുന്നു. 

ആഗസ്റ്റ് 20ന് സൈബീരിയയിലെ ടോംസ്‌കില്‍നിന്ന് വിമാനത്തില്‍ യാത്ര ചെയ്യവ്വേയാണ് നവാല്‍നി കുഴഞ്ഞുവീണത്. വിമാനത്താവളത്തിലെ കഫേയില്‍നിന്ന് കുടിച്ച ചായയില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നുവെന്ന് അന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, വിഷബാധയേറ്റതായി വ്യക്തമാക്കിയെങ്കിലും എന്ത് വിഷമാണെന്ന് കണ്ടെത്താനായില്ലെന്നായിരുന്നു നവാല്‍നിയെ ആദ്യം പ്രവേശിപ്പിച്ച സൈബീരിയയിലെ ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. തുടര്‍ന്നാണ് നവാല്‍നിയെ ജര്‍മനിയില്‍ ബെര്‍ലിനിലെ ചാരിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടെ നടത്തിയ പരിശോധനയിലാണ് നവാല്‍നിയുടെ ശരീരത്തില്‍ നൊവിചോക്കിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇക്കാര്യം ഫ്രാന്‍സിലും സ്വീഡനിലും നടത്തിയ പരിശോധനയിലും സ്ഥിരീകരിച്ചിരുന്നു.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനായ നവാല്‍നിയെ വിഷം നല്‍കി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നുവെന്ന ആരോപണം രൂക്ഷമായതോടെ ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് ജര്‍മനി ആവശ്യപ്പെട്ടു. എന്നാല്‍ ആരോപണങ്ങളെല്ലാം റഷ്യ നിരസിച്ചു.

Other News