കോവിഡ് കാലത്ത് കമ്പോള മുതലാളിത്തം പരാജയപ്പെട്ടു; പരിഷ്‌കരണം ആവശ്യമെന്ന് പോപ്പ് ഫ്രാന്‍സിസ്


OCTOBER 5, 2020, 12:12 AM IST

റോം: കമ്പോള മുതലാളിത്തത്തിന്‍രെ മാന്ത്രിക സിദ്ധാന്തങ്ങള്‍ പരാജയപ്പെട്ടെന്നും ചര്‍ച്ചയും ഐക്യദാര്‍ഢ്യവും പ്രോത്സാഹിപ്പിക്കുകയും എന്തുവില കൊടുത്തും യുദ്ധം നിരസിക്കുകയും ചെയ്യുന്നു പുതിയ തരം രാഷ്ട്രീയം ലോകത്തിന് ആവശ്യമാണെന്നും കോവിഡ് മഹാമാരി തെളിയിച്ചതായി പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ. സമാധാനപ്രിയനായ സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസിയുടെ പെരുന്നാള്‍ ദിനത്തില്‍ പുറത്തിറക്കിയ ''ഫ്രാറ്റെല്ലി ടുട്ടി'' (ബ്രദേഴ്‌സ് ഓള്‍) എന്ന വിജ്ഞാന ലേഖനങ്ങളുടെ സമാഹാരത്തിലാണ്  അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം. 

കുടുംബജീവിതത്തിന്റെ സത്ത പുനരുജ്ജീവിപ്പിക്കുന്നതിനായി തന്റെ സാമുഹ്യ പഠിപ്പിക്കലുകളെ അടിസ്ഥാനപ്പെടുത്തി കോവിഡാനന്ത ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളാണ് പോപ്പ് അവതരിപ്പിക്കുന്നത്. വിശുദ്ധ ഫ്രാന്‍സിസിന്റെ പഠിപ്പിക്കലുകളും ആഗോള സമ്പദ്വ്യവസ്ഥയുടെ അനീതികളെക്കുറിച്ചും അവ വിതയ്ക്കുന്ന നാശത്തെക്കുറിച്ചുമുള്ള പോപ്പിന്റെ മുന്‍ പ്രസംഗങ്ങളെയും അടിസ്ഥാനപ്പെടുത്തിയുള്ളതാണ് അദ്ദേഹത്തിന്റെ രചന. നിയമാനുസൃതമായ പ്രതിരോധ മാര്‍ഗ്ഗമായി യുദ്ധത്തെ ന്യായീകരിക്കുന്ന കത്തോലിക്കാസഭയുടെ സ്വന്തം സിദ്ധാന്തത്തെപ്പോലും അദ്ദേഹം നിരാകരിക്കുന്നുണ്ട്. നൂറ്റാണ്ടുകളായി പ്രയോഗിക്കപ്പെട്ടിരുന്ന സിദ്ധാന്തങ്ങള്‍ പുതിയ കാലത്തിന് അനുയോജ്യമല്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. യുദ്ധത്തിന്റെ നൈതീകതയെക്കുറിച്ച് വിവരിക്കുന്ന യുക്തിസഹമായ മാനദണ്ഡങ്ങള്‍ ഇക്കാലത്തും പ്രയോഗിക്കുന്നത് ശ്രമകരമാണ്. 

കോവിഡിനു മുമ്പാണ് സമാഹാരത്തിനായുള്ള എഴുത്ത് പോപ്പ് തുടങ്ങിവെച്ചത്. കോവിഡ് കാലത്തെ സാഹചര്യങ്ങളും അനുഭവങ്ങളുമൊക്കെ അതില്‍ ഉള്‍പ്പെടുകയും ചെയ്തു. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് നിലവിലെ രാഷ്ട്രീയ, സാമ്പത്തിക സ്ഥാപനങ്ങള്‍ പരിഷ്‌കരിക്കേണ്ടതുണ്ട്. തന്റെ കാഴ്ചപ്പാടുകള്‍ കോവിഡ് കാലം സ്ഥിരീകരിച്ചു. പ്രതിസന്ധികളോടു ഓരോ രാജ്യവും വ്യത്യസ്ത രീതിയിലാണ് പ്രതികരിച്ചത്. എന്നാല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിലെ കഴിവുകേട് പ്രകടമാകുകയും ചെയ്തു. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ മെച്ചപ്പെടുത്തുകയോ നിലവിലുള്ള സംവിധാനങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കുകയോ മാത്രം ചെയ്താല്‍ മതിയെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കില്‍ അത് യാഥാര്‍ത്ഥ്യത്തെ നിഷേധിക്കലാണ്.

കോവിഡിനെത്തുടര്‍ന്ന് ദശലക്ഷകണക്കിന് തൊഴിലവസരങ്ങളാണ് നഷ്ടപ്പെട്ടത്. ജനകീയ പ്രസ്ഥാനങ്ങളെയും യൂണിയനുകളെയും പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളെയും രാഷ്ട്രീയക്കാര്‍ ശ്രദ്ധിക്കുകയും കൂടുതല്‍ നീതിപൂര്‍വകമായ സാമൂഹികവും സാമ്പത്തികവുമായ നയങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് ഇത് വെളിപ്പെടുത്തുന്നത്. വിപണി സ്വാതന്ത്ര്യത്താല്‍ എല്ലാം പരിഹരിക്കാനാവില്ലെന്നും ഈ കാലം തെളിയിച്ചു. ഉല്‍പാദന വൈവിധ്യത്തിനും ബിസിനസ് സര്‍ഗാത്മകതയ്ക്കും അനുകൂലമായ ഒരു സമ്പദ്വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സജീവമായ സാമ്പത്തിക നയം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. തൊഴിലവസരങ്ങള്‍ വെട്ടിക്കുറക്കുകയില്ല, വര്‍ധിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Other News