മോദിക്കെതിരെ ലണ്ടനില്‍ പ്രതിഷേധം


AUGUST 15, 2021, 8:51 PM IST

ലണ്ടന്‍: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍ നരേന്ദ്രമോദിക്കെതിരെ ബാനറുമായി ലണ്ടന്‍ വെസ്റ്റ്മിനിസ്റ്റര്‍  പാലത്തില്‍ പ്രതിഷേധം. മോദി രാജിവെക്കുകയെന്ന ബാനറുമായാണ് സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ് പ്രതിഷേധം നടത്തിയത്.  

ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് മുന്നില്‍ പ്രതിഷേധക്കാര്‍ മെഴുകുതിരി തെളിയിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇന്ത്യ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ രാജ്യത്തിന്റെ മതേതര ഭരണഘടന തകിടം മറിയുകയാണെന്നും വര്‍ഗീയവും ജാതിപരവുമായ അക്രമങ്ങള്‍ അരങ്ങേറുകയാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. 

ആയിരക്കണക്കിന് രാഷ്ട്രീയ തടവുകാര്‍ കോവിഡ് ഭീഷണിയുള്ള ജയിലുകളില്‍ കഴിയുന്നെന്നും കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെ ഫലമായി ലക്ഷക്കണക്കിന് ആളുകള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടമായെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

മുസ്‌ലിംകള്‍ക്കെതിരായ വംശഹത്യയും ആള്‍ക്കൂട്ട ആക്രമണങ്ങളും ദലിത് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ ബലാത്സംഗങ്ങളും കൊലകളും, മനുഷ്യാവകാശ പ്രവര്‍ത്തകരെ വേട്ടയാടല്‍ തുടങ്ങിയ വിഷയങ്ങളും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിച്ചു.

Other News