മേഗന്റെ പരാമര്‍ശങ്ങളെ ഗൗരവത്തോടെ കാണുന്നുവെന്ന് എലിസബത്ത് രാജ്ഞി


MARCH 10, 2021, 4:46 AM IST

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബാംഗമായ ഹാരിയും ഭാര്യ മേഗന്‍ മാര്‍ക്കിളും വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഗൗരവത്തോടെ പരിഗണിക്കുന്നതായി എലിസബത്ത് രാജ്ഞി. വംശീയ പ്രശ്‌നങ്ങളുള്‍പ്പെടെ പരാമര്‍ശിച്ചാണ് മേഗന്‍ ഓപ്ര വിന്‍ഫ്രിയുമായുള്ള അഭിമുഖത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയത്. മേഗനും ഹാരിയും നടത്തിയ പ്രസ്താവനകളില്‍ രാജകുടുംബത്തിന് ഉത്കണ്ഠയുണ്ടെന്നും ഈ വിഷയം സ്വകാര്യമായി പരിശോധിക്കുമെന്നും അറിയിച്ചു. 

വെല്ലുവിളി നിറഞ്ഞതായിരുന്നു രാജകുടുംബത്തോടൊപ്പമുള്ള മേഗന്റെ ജീവിതമെന്ന വെളിപ്പെടുത്തല്‍ സങ്കടത്തോടെയാണ് കേട്ടത്. ഹാരിയും മേഗനും ആര്‍ച്ചിയും രാജകുടുംബത്തിന് എപ്പോഴും പ്രിയപ്പെട്ടവരായിരിക്കുമെന്നും ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. 

അതിനിടെ ഐ ടി വിയുടെ ഗുഡ്‌മോണിംഗ് ബ്രിട്ടന്‍ പരിപാടിയില്‍ മേഗനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായതോടെ അവതാരകന്‍ പിയേഴ്‌സ് മോര്‍ഗന്‍ ഒഴിയുമെന്നാണ് സൂചന. മോര്‍ഗന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ പരാതി ഉയര്‍ന്നതോടെ ബ്രിട്ടനിലെ മാധ്യമ നിരീക്ഷകരായ ഓഫ്‌കോ അന്വേഷണം ആരംഭിച്ചിരുന്നു.