ലണ്ടന്‍: ബ്രിട്ടണിലെ ദക്ഷിണ പടിഞ്ഞാറന്‍ നഗരമായ പ്ലൈമൗത്തിലുണ്ടായ വെടിവയ്പ്പില്‍ അക്രമകാരിയടക്കം ആറു പേര് കൊല്ലപ്പെട്ടു. മരിച്ചവരില്‍ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും പത്തുവയസ്സുള്ള ഒരു കുട്ടിയും ഉള്‍പ്പെടും. പ്ലൈമൗത്തിലെ കീഹാം പ്രദേശത്ത് വ്യാഴാഴ്ച വൈകിട്ട് നടന്ന സംഭവത്തിന് ഭീകര ബന്ധമില്ലെന്നും, മരിച്ചവരും അക്രമിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന വിഷയത്തില്‍ അന്വേഷണം തുടരുകയാണെന്നും ഡെവണ്‍ ആന്റ് കോണ്‍വാള്‍ പോലീസ് അറിയിച്ചു.
അക്രമിയെന്ന് കരുതപ്പെടുന്നയാളുടെ മൃതദേഹവും പിന്നീട് കണ്ടെടുത്തു. കറുത്ത വസ്ത്രം ധരിച്ച അക്രമി പ്രദേശത്തെ ഒരു വീട്ടില്‍ അതിക്രമിച്ച് കയറി കുടുംബാംഗങ്ങളെ വെടിവയ്ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ നടുക്കം രേഖപ്പെടുത്തി. വളരെ ശാന്തമായ പ്രദേശമാണ് പ്ലൈമൗത്തെന്നും ഇത്തരം ക്രൂരതകള്‍ അംഗീകരിക്കാനാവില്ലെന്നും പ്ലൈമൗത്ത് എം.പി ജോണി മെര്‍സര്‍ പ്രതികരിച്ചു.
രാജ്യത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ പ്ലൈമൗത്തില്‍ നടന്ന ആക്രമണം പ്രദേശവാസികളെ കടുത്ത ആശങ്കയിലാഴ്ത്തി. ബ്രിട്ടണില്‍ ഇത്തരത്തില്‍ വെടിവയ്പ്പ് കൊലപാതകങ്ങള്‍ വളരെ അപൂര്‍വമായേ നടക്കാറുള്ളൂ. അതിനാല്‍ സംഭവത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നതായും പ്രാദേശിക ഭരണകൂടം അറിയിച്ചു.